2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പകര്‍ച്ചവ്യാധി നിര്‍മിച്ച നിയന്ത്രിത പരിസരം

പിണങ്ങോട് അബൂബക്കര്‍

 

ആകാശവും കടലും കരയും തങ്ങളുടെ പൂര്‍ണ നിയന്ത്രിത വലയത്തിലാണെന്ന് വീരവാദം മുഴക്കിയ മനുഷ്യര്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്ന പല ഘട്ടങ്ങളും ലോക ചരിത്രത്തിന് പറയാനുണ്ട്. സര്‍വഅധികാരികളായി ചമഞ്ഞിരുന്ന മനുഷ്യര്‍ പ്രകൃതി വരച്ചുവച്ചിരുന്ന നിലനില്‍പിന് ആധാരമായ നിയന്ത്രണങ്ങള്‍ പോലും ലംഘിച്ചു. സാമൂഹ്യ ജീവിയായ മനുഷ്യരുടെ ബോധമണ്ഡലം സ്വാര്‍ഥതയുടെ മൂടുപടം അണിഞ്ഞതോടെ അനിയന്ത്രിതാവസ്ഥ പ്രാപിച്ചു. കുരുക്ഷേത്ര യുദ്ധമുഖത്ത് ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്‍കിയ ഉപദേശം നാലു കാര്യങ്ങള്‍ പിന്തുടരണം എന്നായിരുന്നു, സാമം, ഭേദം, ദാനം, ദണ്ഡം. അനീതിക്കെതിരായി പടപൊരുതുമ്പോള്‍ പോലും മനുഷ്യര്‍ സ്വീകരിക്കേണ്ട മാനവിക സമീപനരീതികള്‍ ശ്രീകൃഷ്ണന്‍ അഭ്യസിപ്പിച്ചു. ദരിദ്രര്‍, മഹാ ദരിദ്രര്‍, മുതലാളിമാര്‍, കോടീശ്വരന്‍മാര്‍ ഇങ്ങനെ സമൂഹത്തിലെ വിവിധ തട്ടിലുള്ളവര്‍ക്ക് വ്യത്യസ്ത നീതിയും മനുഷ്യാവകാശങ്ങളും മനുഷ്യര്‍ തന്നെ നല്‍കുകവഴി രൂപപ്പെട്ടുവന്ന ഭിന്ന ഇടങ്ങള്‍ കൊറോണ വൈറസ് ഇല്ലാതാക്കി.
വികസ്വര, വികസിത, അവികസിത രാഷ്ട്ര ഭേദമന്യേ കൊവിഡ് – 19 കടന്നാക്രമിച്ചു. ആയുര്‍ദൈര്‍ഘ്യത്തില്‍ ലോകത്ത് മികച്ച സ്ഥാനമുള്ള ഇറ്റലി കൊവിഡ് ആക്രമണത്തില്‍ ഒന്നാമതെത്തി. സ്‌പെയിനും ഫ്രാന്‍സും വൈറസ് ആദ്യഘട്ടത്തില്‍ തള്ളിക്കളഞ്ഞ അമേരിക്കയും അവസാനം മുട്ടുമടക്കി പ്രതിരോധ സന്നദ്ധമായി. മാനവ സമൂഹത്തിന്റെ കൂട്ടായ്മ മാത്രമാണ് പ്രധാന ശക്തി. സാമൂഹ്യബോധം, പൗരബോധം, ധാര്‍മികവിചാരം, സമൂഹനന്മ, ചുമതലാ ബോധം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളാണ് ഏതൊരു വിപത്തും പ്രതിരോധിക്കാനുള്ള പരിസരം നിര്‍മിക്കപ്പെടുന്നത്.

വാര്‍ത്താ മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരങ്ങളേക്കാള്‍ എത്രയോ ഭയാനകമാണ് സംഭവിച്ചത് എന്ന് വേണം കരുതാന്‍. മൃതശരീരങ്ങള്‍ സംസ്‌കരിക്കാന്‍ പരിശീലനം നേടിയ സൈന്യങ്ങളെ വിളിക്കേണ്ടി വന്നു. സെമിത്തേരികളില്‍ സ്ഥലമില്ലാതെ ശരീരങ്ങള്‍ അടക്കാന്‍ പകച്ചുനിന്നു. ഉറ്റവര്‍ക്കും ഉടയവര്‍ക്കും മൃതശരീരങ്ങള്‍ കാണാന്‍ പോലും അനുമതിയുണ്ടായില്ല. സ്പര്‍ശനം വഴി വ്യാപിക്കുന്ന വൈറസ് തടയാന്‍ വൈദ്യശാസ്ത്രത്തിന് മരുന്നുകള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്ത ഓഗസ്റ്റ് വരെയെങ്കിലും കടുത്ത നിയന്ത്രണം പാലിച്ചില്ലെങ്കില്‍ ദശലക്ഷക്കണക്കിന് മരണം സംഭവിക്കാന്‍ ഇടയുണ്ടെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു.
കേന്ദ്ര – കേരള ഭരണകൂടങ്ങള്‍ ഒന്ന് ഉറങ്ങി എഴുന്നേറ്റാണ് സജീവമായത്. പ്രഥമഘട്ടത്തില്‍ വൈറസ് വാഹക സാധ്യതയുള്ളവരെ പൊതു ഇടങ്ങളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ നമ്മുടെ മിഷനറികള്‍ക്ക് ചടുല ചലനവേഗതയുണ്ടായില്ല. പൗരബോധം മനസ്സിന്റെ മടി കടന്നുവരാത്ത ചിലരൊക്കെ പരക്കം പായുന്ന കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വേട്ടക്കാരെ പോലെ ഓടി നടക്കേണ്ടി വന്നു.

ധനത്തില്‍മാത്രം കണ്ണുള്ള ഭരണകൂടങ്ങള്‍ പൗരാവകാശം ചവിട്ടി താഴ്ത്തുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മഹാവിപത്ത് സാധ്യത ആധികാരികമായും അര്‍ഥപൂര്‍ണമായും സംസ്ഥാന ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നിട്ടും ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റ് അടച്ചിടാന്‍ വൈകി മാത്രമാണ് തയാറായത്. കള്ളുഷാപ്പ് ലേലം വലിയ ജനക്കൂട്ടത്തില്‍ നടന്നു. പൊതുഇടങ്ങളില്‍ നിശ്ചിത അക്കം മനുഷ്യര്‍ മാത്രമേ ഒത്തുകൂടാവൂ എന്ന് കലക്ടര്‍മാര്‍ ഉത്തരവ് പുറപ്പെടുവിച്ചപ്പോഴും മദ്യശാലകളില്‍ വലിയ ആള്‍ക്കൂട്ടമുണ്ടായി. ആരാധനാലയത്തില്‍ ഇരുപതില്‍ അധികം ആളുകള്‍ പങ്കെടുത്തതിന്റെ പേരില്‍ ചിലയിടങ്ങളില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പല ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലും വന്‍ സമ്മേളനങ്ങള്‍ പോലെ വലിയ ആള്‍ക്കൂട്ടം ഉണ്ടായപ്പോള്‍ മാസ്‌ക് ധരിച്ച് ഒരു കോണ്‍സ്റ്റബിള്‍ പോലും ആ പരിസരത്തു വന്നതുമില്ല.

ഓരോ പ്രശ്‌നം വരുമ്പോഴും നേരിടാന്‍ പരിശീലനം സിദ്ധിച്ച ധാരാളം മനുഷ്യവിഭവ സമ്പത്തുള്ള രാഷ്ട്രങ്ങള്‍ക്ക് കൊറോണയെ മുന്‍കൂട്ടി കണ്ടു നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ല. മികച്ച സാങ്കേതിക ശേഷിയുള്ള ചൈന ദിവസങ്ങള്‍കൊണ്ട് കൂറ്റന്‍ ആശുപത്രി നിര്‍മിച്ചു ശ്വാസം കിട്ടാതെ പൂളഞ്ഞിരുന്ന രോഗികള്‍ക്ക് ആശ്വാസം നല്‍കി. എന്നാല്‍ രോഗവ്യാപനം കുറഞ്ഞതുകൊണ്ട് മാത്രമാണ് ഇന്ത്യ ഇതുവരെ ഒരു മഹാദുരന്ത വാര്‍ത്ത കേള്‍ക്കാതെ പോയത്. വസൂരി, കോളറ, പ്ലേഗ്, പലതരം പനികള്‍ തുടങ്ങിയവ ഇന്ത്യയില്‍ പടര്‍ന്നിട്ടുണ്ട്. താല്‍ക്കാലികമായി ഇടപെടുന്നതിനു പകരം ഇത്തരം മഹാമാരികള്‍ പടരാതിരിക്കാനും വന്നുപെട്ടാല്‍ പ്രതിരോധിക്കാനും കഴിയുന്ന സ്ഥിരം സംവിധാനം ഇന്ത്യയില്‍ ഇതുവരെ രൂപപ്പെട്ടിട്ടില്ല.

പ്രകൃതിജന്യ, വായുജന്യ, ഭക്ഷണശീലജന്യ രോഗസാധ്യത നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. കേരളം ഡയബറ്റിസ് തലസ്ഥാനമാണ്. ശ്വാസകോശ രോഗങ്ങളും അര്‍ബുദ രോഗവും കേരളത്തില്‍ വ്യാപകമാണ്. സീനിയര്‍ സിറ്റിസണ്‍ (60 വയസ് കഴിഞ്ഞവര്‍) ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിട്ടു നില്‍ക്കുന്നു. ഇത്തരമൊരു സാഹചര്യമുള്ള കേരളത്തില്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള മുന്‍കരുതലുകളുണ്ടായിട്ടില്ല. മതിയായ ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഐ.സി.യു സൗകര്യമുള്ള ഹോസ്പിറ്റലുകള്‍, ഐസൊലേഷന്‍ നിലനിര്‍ത്താന്‍ പാകത്തിലുള്ള വാര്‍ഡുകള്‍ കേരളത്തില്‍ ഏറെ പരിമിതമാണ്.

നിയന്ത്രിത സമൂഹത്തിന്റെ ആരോഗ്യ പരിസരം പകര്‍ത്തണം. ആര്‍ഭാടം, അത്യാര്‍ത്തി, അഹന്ത നിയന്ത്രിക്കണം. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുകയും പരമദരിദ്രനായ പട്ടിണിപ്പാവങ്ങളെ പരിഹസിക്കുന്ന വിധം ഭക്ഷണ, വസ്ത്ര, പാര്‍പ്പിട സംസ്‌കാരം നിയന്ത്രിക്കപ്പെടുകയും വേണം. മതപക്ഷം അധ്യാപനങ്ങള്‍ക്ക് കാതു കൊടുക്കാന്‍ സമൂഹം സന്നദ്ധരാകണം. നാം നമ്മുടേതാണ് എന്ന് അവകാശപ്പെടുന്നത് എല്ലാം നിമിഷംകൊണ്ട് അന്യമാകുന്ന അവസ്ഥ പാഠമല്ല, പാഠപുസ്തകമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.