2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കൊറോണക്കാലത്തെ പ്രവാസി ആശങ്കകള്‍

നസറുദ്ദീന്‍ മണ്ണാര്‍ക്കാട്

 

മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് – 19 എന്ന രോഗം ഇത്ര വേഗത്തില്‍ ലോക ജനതയുടെ സാമൂഹിക ജീവിതത്തെ തകിടം മറിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? ഒരിക്കലുമില്ല. നമ്മുടെ കുഗ്രാമങ്ങളില്‍ പോലും ഭീതി പടര്‍ത്തിക്കൊണ്ട് അതിവേഗം വ്യാപിക്കുന്ന ഈ രോഗാണു പ്രവാസി സമൂഹത്തിലുണ്ടാക്കിയ പ്രതിസന്ധിയും ആശങ്കയും ഒട്ടും ചെറുതല്ല. കേരളത്തിന്റെ നട്ടെല്ലായ പ്രവാസി സമൂഹത്തിലുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും വൈകാതെ തന്നെ ഓരോ മലയാളിയേയും നേരിട്ടോ അല്ലാതെയോ ബാധിക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയം വേണ്ട.

ആഗോള തലത്തില്‍ തന്നെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിന് കൊവിഡ് – 19 തുടക്കമിട്ടു കഴിഞ്ഞു എന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ ഇപ്പോഴത്തെ നിഗമനം. അമേരിക്കയുടെ സാമ്പത്തിക വ്യവസ്ഥിതി 14 ശതമാനം വരെ ചുരുങ്ങുമെന്നും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവിടെ നാലു ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാവുമെന്നും ഇതിനകം തന്നെ പ്രവചിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ആഗോളാടിസ്ഥാനത്തില്‍ രണ്ടരക്കോടിയിലേറെ ആളുകള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിക്കുമെന്ന് ഐക്യരാഷ്ട്രസഭയും കണക്കു കൂട്ടുമ്പോള്‍ വിവിധ രാജ്യങ്ങളിലെ പ്രവാസി സമൂഹവും ആശങ്കയിലാണ്. യുനൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ വെസ്റ്റ് ഏഷ്യ (ഇ.എസ്.സി.ഡബ്ല്യൂ.എ) യുടെ നയരേഖയനുസരിച്ച് കൊറോണ ഭീഷണി കാരണം ഗള്‍ഫില്‍ 17 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് കരുതപ്പെടുന്നു. അങ്ങനെ സംഭവിച്ചാല്‍ ചരിത്രത്തിലെ വലിയ പ്രതിസന്ധിയായി വേണമതിനെ കണക്കാക്കാന്‍. ഇപ്പോള്‍ തന്നെ എല്ലാ ജി.സി.സി രാജ്യങ്ങളും ഇതിനകം തന്നെ തങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുകയും പുതിയ വിസകള്‍ നല്‍കുന്നത് മരവിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. നാട്ടില്‍ അവധിക്ക് പോയവര്‍ക്ക് ഒരറിയിപ്പുണ്ടാവുന്നത് വരെ തല്‍ക്കാലം തിരികെ വരാനോ കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടില്‍നിന്ന് വന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ കഴിയാതെ ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യാനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ക്രൂഡോയില്‍ വില ബാരലിന് 50 ശതമാനത്തിലേറെ ഇടിവു വന്നു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ രണ്ടു ദശകത്തിനിടെ സംഭവിച്ച ഗുരുതര പ്രതിസന്ധിയായാണ് ഈ രംഗത്തുള്ളവര്‍ നിലവിലെ കൂപ്പു കുത്തലിനെ കണക്കാക്കുന്നത്. ഇത് എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ സമ്പദ്ഘടനയില്‍ ഉണ്ടാക്കുന്ന കനത്ത ആഘാതം അവിടങ്ങളിലെ തൊഴില്‍ മേഖലയെ ബാധിക്കുമെന്നുറപ്പാണ്. 2019 സെപ്റ്റംബറില്‍ സഊദിയിലെ പ്രമുഖ എണ്ണക്കമ്പനിയായ ‘അരംകോ’യുടെ നേര്‍ക്ക് യമനിലെ ഹൂത്തികളുടെ ഡ്രോണ്‍ അക്രമണം നടന്നതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധിയെ മറികടക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പുതിയ പ്രതിസന്ധിയുണ്ടായത്. സഊദിയുടെ വരുമാനത്തിന്റെ 60 ശതമാനവും എണ്ണ സമ്പത്തിനെ ആശ്രയിച്ചാണിരിക്കുന്നത്. ഇതിനു പുറമേ, ടൂറിസത്തില്‍ നിന്നുള്ള വരുമാനവും കുത്തനെ ഇടിയുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

പല ഗള്‍ഫ് രാജ്യങ്ങളും അടുത്ത കാലത്തായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവാസ ഭൂമികയായ സഊദി അറേബ്യയിലെ നിതാഖത്ത് പരിഷ്‌ക്കരണങ്ങള്‍ പതിനായിരക്കണക്കിനു പേരെ ഇതിനോടകം തന്നെ തൊഴില്‍ രഹിതരാക്കിയിട്ടുണ്ട്. പ്രവാസം ശാശ്വതമല്ലെന്ന ബോധ്യം സമൂഹത്തിന് കൈവന്നിട്ടില്ലാത്തതിനാല്‍ തന്നെ സ്വദേശത്ത് പിടിച്ചു നില്‍ക്കാനുള്ള പദ്ധതികളൊന്നും തന്നെ നാട്ടിലും ആവിഷ്‌ക്കരിക്കപ്പെട്ടിട്ടില്ല. വിദേശത്ത്‌നിന്ന് മടങ്ങുന്ന, പരിചയ സമ്പന്നരായ പ്രവാസികള്‍ ലോകോത്തര കമ്പനികളില്‍ ദീര്‍ഘ കാലം തൊഴില്‍ ചെയ്ത് അനുഭവ കരുത്താര്‍ജ്ജിച്ചവരാണ്. അതിനെ വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരുകള്‍ക്കും കഴിഞ്ഞില്ല. ഒടുവില്‍ ജി.സി.സിയിലെ മറ്റു രാജ്യങ്ങളിലേക്ക് ഓരോരുത്തരായി ചേക്കേറിത്തുടങ്ങി പ്രവാസത്തിന്റെ മറ്റൊരധ്യായം തുറയ്ക്കുന്നതിനിടെയാണ് ഈ മഹാമാരി വില്ലനാവുന്നത്. തൊഴില്‍ അന്വേഷകരായി എത്തിയ പലരും അനിശ്ചിതത്തിലാണ്. ആസന്ന ഭാവി ഭീതിജനകമാം വിധം തുറിച്ചു നോക്കുമ്പോള്‍ ഇരുള്‍ വീഴുന്നത് ഒരു പാട് ജീവിതങ്ങളുടെ മേലെയാണ്.

തൊഴിലന്വേഷകരെ പോലെ പ്രതിസന്ധിയിലായവരാണ് ഗള്‍ഫിലേക്ക് അവധിക്കാലം ചെലവിടാന്‍ വേണ്ടി കാത്തിരുന്ന പ്രവാസി കുടുംബങ്ങള്‍. ഏപ്രില്‍, മെയ് മാസങ്ങള്‍ സാധാരണ ഗതിയില്‍ നാട്ടില്‍ നിന്ന് ഫാമിലികളുടെ ഒരൊഴുക്ക് പ്രതീക്ഷിക്കപ്പെടുന്ന മാസങ്ങളാണ്. കഴിഞ്ഞു പോയ ഒരവധിക്കാലത്തോളം പഴക്കമുണ്ട് പലര്‍ക്കും ആ കാത്തിരിപ്പിന്. നാട്ടിലെ വിദ്യാലയങ്ങളടച്ചാല്‍ ഒന്നോ രണ്ടോ മാസം ഗള്‍ഫില്‍ ചെലവിടാമെന്ന മോഹത്താല്‍ മാസങ്ങള്‍ക്ക് മുന്‍പ് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ മുഴുവനും കാന്‍സല്‍ ചെയ്ത് അപ്രതീക്ഷിതമായ വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണ് പലരും. വിമാന സര്‍വിസുകള്‍ നിര്‍ത്തലാക്കുകയും വിസ സേവനങ്ങള്‍ മരവിപ്പിക്കുകയും ചെയ്തതോടെ സ്വപ്നങ്ങള്‍ക്ക് അവധി നല്‍കുകയല്ലാതെ മുമ്പില്‍ മറ്റു വഴികളില്ല.

കുറഞ്ഞ അവധിക്ക് നാട്ടിലേക്ക് പറന്ന പലരും നാട്ടില്‍ 14 ദിവസം ക്വാറന്റൈനിലാണ്. ഒന്നോ രണ്ടോ ദിവസത്തേക്ക് നാട്ടില്‍ വന്നവര്‍ക്ക് പോലും ഇനി തിരികെയെത്തണമെങ്കില്‍ കടമ്പകള്‍ ഏറെയാണ്. നാട്ടിലും രോഗം അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇന്ത്യക്കാരുള്‍പ്പെടെയുള്ള തൊഴില്‍ സമൂഹത്തിന് തിരികെ ജി.സി.സിയില്‍ കാല് കുത്താന്‍ എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്നറിയില്ല. കൃത്യസമയത്ത് തിരികെയെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ തങ്ങളുടെ അഭാവത്തില്‍ തൊഴിലുടമകള്‍ ജോലിയില്‍നിന്ന് തന്നെ പിരിച്ചു വിടുമോ എന്ന ആശങ്കയും ചെറുതല്ല. ആറു മാസത്തിനകം തിരികെ പ്രവേശിച്ചിട്ടില്ലെങ്കില്‍ വിസ താനേ കാന്‍സലാവുന്ന വിധത്തിലാണ് വിസ സ്റ്റാമ്പ് ചെയ്യപ്പെടുന്നത്. പരമാവധി സമയമായ ആറു മാസം തികയുന്നതിന് തൊട്ടു തലേന്ന് നാട്ടില്‍നിന്ന് മടങ്ങുന്നവരും വിമാന സര്‍വിസുകള്‍ നിര്‍ത്തിയതോടെ ഭയപ്പാടിലാണ്. മഹാമാരിയുടെ ആശങ്കകള്‍ അകന്നാല്‍ പോലും ഒരു തൊഴില്‍ കണ്ടെത്താന്‍ വീണ്ടും ഒന്നില്‍നിന്ന് തുടങ്ങേണ്ടി വരും പലര്‍ക്കും. പഴയ പോലെ ഇനിയത്ര എളുപ്പവുമല്ല.

ഈ പ്രതിസന്ധി ഘട്ടത്തെ കൂടുതല്‍ പരുക്ക് പറ്റാതെ എങ്ങനെ അതിജീവിക്കാമെന്ന ഉത്കണ്ഠയിലാണ് ചെറുകിട, വന്‍കിട സംരഭകര്‍. വ്യാപാരം കുറഞ്ഞാലും വേതനം ഉള്‍പ്പെടെയുള്ള പല അടിസ്ഥാന ചെലവുകളും വെട്ടിച്ചുരുക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ നിയന്ത്രണ കാലഘട്ടം അവസാനിച്ച് പൂര്‍വസ്ഥിതിയിലാകും വരെ പിടിച്ചു നില്‍ക്കാന്‍ തന്നെ ഭാരിച്ച തുക വേണ്ടി വരും സംരംഭകര്‍ക്ക്. അതിന് കഴിയുന്നില്ലെങ്കില്‍ സ്ഥാപനത്തിന് താഴിടുക മാത്രമേ നിവൃത്തിയുള്ളൂ. സംരഭകരായ പ്രവാസികള്‍ നേരിടുന്ന ഏതൊരു പ്രതിസന്ധിയും അവരുടെ ആശ്രിതരായ തൊഴില്‍ സമൂഹത്തെക്കൂടി നേരിട്ട് ബാധിക്കുമെന്നുറപ്പാണ്. മലബാറുകാരായ പല സംരംഭകരും ചെറിയ കഫ്തീരിയകള്‍ പോലുള്ളവയില്‍ തങ്ങളുടെ ഉപജീവന മാര്‍ഗ്ഗം കണ്ടെത്തി വിജയിച്ചവരാണ്. സാധാരണ ഗതിയില്‍ മറ്റു മേഖലകളെ പോലെ ഒരു സാമ്പത്തിക മാന്ദ്യം അടിസ്ഥാന ആവശ്യമായ ഭക്ഷണ വിതരണ മേഖലയെ ബാധിക്കാറില്ല. എന്നാല്‍ ആളുകള്‍ സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കുന്നതിനാല്‍ ഭക്ഷണ ശാലകളിലും തിരക്ക് നന്നേ കുറഞ്ഞ നിലയിലാണ്.

ഈ ദുരിതത്തെ അതിജീവിക്കാന്‍ അതാത് ഭരണകൂടങ്ങള്‍ കൈക്കൊള്ളുന്ന സത്വരനടപടികളിലാണ് പ്രവാസികളുടെ പ്രതീക്ഷകള്‍. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും സാമ്പത്തികാശ്വാസ പദ്ധതികളും ഇതിനകം തന്നെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ തയാറായിക്കഴിഞ്ഞിരിക്കുന്നു. അബൂദബിയില്‍ ഈ വര്‍ഷാവസാനം വരെ റോഡ് ടോള്‍ പിന്‍വലിച്ചതും 126 ബില്യണ്‍ ദിര്‍ഹമിന്റെ സാമ്പത്തിക ഉത്തേജക പദ്ധതി പ്രഖ്യാപിച്ചതുമെല്ലാം യു.എ.ഇ നിവാസികള്‍ക്ക് ആശ്വാസകരമാണ്. ആളുകള്‍ പരസ്പരം സമ്പര്‍ക്കം പുലര്‍ത്താനിടയുള്ള മാളുകള്‍ രണ്ടാഴ്ച്ചത്തേക്ക് അടച്ചിടാന്‍ യു.എ.ഇ തീരുമാനിച്ചപ്പോള്‍ സഊദിയില്‍ ഇനി രണ്ടാഴ്ച്ചക്കാലം കര്‍ഫ്യൂവാണ്. നിയമം പാലിക്കുന്നവരെന്ന് ഇതിനകം പ്രശംസ നേടിയ മലയാളി സമൂഹം, കൊവിഡ് – 19 ന് എതിരേ കൈക്കൊള്ളുന്ന ഏത് നടപടികളും കൃത്യമായി സ്വീകരിക്കുന്നുണ്ട്. അറബിയും ഉര്‍ദുവും മലയാളവുമാണല്ലോ ഇവിടുത്തെ പ്രധാന ഭാഷകള്‍. നാലോ അഞ്ചോ റേഡിയോ സ്റ്റേഷനുകള്‍ 24 മണിക്കൂറിലും മലയാളി സമൂഹത്തെ നിരന്തരം ബോധവല്‍ക്കരിക്കുന്നുണ്ട്. മറ്റേത് രാജ്യക്കാരെക്കാളും സ്വയം ബോധവല്‍ക്കരിക്കപ്പെട്ടവരാണ് ഇക്കാര്യത്തില്‍ മലയാളികള്‍.

ഇന്ത്യയില്‍ നിന്നുള്ള വാര്‍ത്തകളാണ് പ്രവാസികളെ ഏറെ ആശങ്കപ്പെടുത്തുന്നത്. നാട്ടിലെത്തുന്ന പ്രവാസികളില്‍ ചിലരെങ്കിലും സ്വയം നിയന്ത്രിക്കാതെ വിഹരിച്ചതിന്റെ ദുരന്ത ഫലം കേരളം മുഴുവന്‍ അനുഭവിക്കുമ്പോള്‍, പ്രവാസികള്‍ ശത്രു സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടു. ഗള്‍ഫിലെ പോലെ സൂക്ഷ്മ നിരീക്ഷണം സാധ്യമല്ലാത്ത നാട്ടിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോയാല്‍ അത് ഭയാനകരമായിരിക്കും. നാട്ടിലെ സ്ഥിതിഗതികള്‍ ഗുരുതരമാവുകയും നിയന്ത്രിക്കാന്‍ സമയമെടുക്കുകളും ചെയ്താല്‍ അത്രയും കാലം ഇന്ത്യക്കാര്‍ക്ക് ഇവിടേക്ക് വിലക്ക് വരാനുള്ള സാധ്യതയുമുണ്ട്. ഇനിയും വേണ്ടത്ര ജാഗ്രത കാണിക്കാത്ത ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ ഇന്ത്യയെ മറ്റൊരു ദുരന്ത ഭൂമിയാക്കാതിരിക്കട്ടെ എന്ന പ്രാര്‍ഥനയിലാണ് എല്ലാവരും. വിമാന സര്‍വിസുകള്‍ നിര്‍ത്തിയതോടെ, വല്ല അടിയന്തിര സാഹചര്യമുണ്ടായാല്‍ പോലും പരസ്പരം കാണുക ഇനി സാധ്യമല്ല എന്നത് ഏവരെയും ഭയപ്പെടുത്തുന്നുണ്ട്. മൂന്നര മണിക്കൂര്‍ കൊണ്ട് പറന്നെത്താമായിരുന്ന സ്വദേശം ഏറെയേറെ വിദൂരമായത് പോലെ തോന്നുന്നു. ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ദിവസങ്ങളോളം സഞ്ചരിച്ച് ക്ലേശമനുഭവിച്ച പൂര്‍വികരായ പ്രവാസികളുടെ പഴയ കാലം ഓര്‍മിപ്പിക്കും വിധം അറബിക്കടലിനപ്പുറം ജന്മനാട് വഴി ദൂരമേറിക്കിടക്കുന്നു. സാങ്കേതിക വിദ്യയുടെ ഉത്തുംഗതയിലും മനുഷ്യനെത്ര നിസ്സഹായന്‍ എന്ന് സര്‍വശക്തന്‍ ഓര്‍മിപ്പിക്കുന്ന സന്ദര്‍ഭം!
വിശുദ്ധ ഹറമുകള്‍ ഉള്‍പ്പെടെ മുഴുവന്‍ മസ്ജിദുകളും അടച്ചു കഴിഞ്ഞിരിക്കുന്നു. ജുമുഅ പ്രാര്‍ഥനയില്ലാതെ ഒരു വെള്ളിയാഴ്ച കഴിഞ്ഞു പോയപ്പോള്‍ പ്രവാസി സമൂഹം അനുഭവിച്ച മാനസിക വേദന വാക്കുകള്‍ക്കതീതമാണ്. ഒരാഴ്ച്ചത്തെ അധ്വാനത്തിനവധി നല്‍കി, വെള്ളിയാഴ്ച ജുമുഅ കൂടി, സുഹൃത്തുക്കളെ സല്‍ക്കരിച്ച് മറ്റൊരാഴ്ച്ചയിലേക്ക് പ്രവേശിക്കുന്ന ജീവിത ചിട്ടയാണ് ഒരു ശരാശരി പ്രവാസിയുടേത്. അതിന്റെ താളം മുറിഞ്ഞതോടെയാണ് കാര്യങ്ങളുടെ ഗൗരവം പലര്‍ക്കും ബോധ്യപ്പെട്ടത്. റോഡുകളും ഓഫിസുകളും ഏറെക്കുറെ വിജനമായിക്കഴിഞ്ഞിരിക്കുന്നു. ഭക്ഷണ ശാലകളില്‍നിന്ന് പാര്‍സല്‍ മേടിച്ച് തിടുക്കത്തില്‍ മടങ്ങാനുള്ള വ്യഗ്രത പതിവ് കാഴ്ചയായി.

എന്നിരുന്നാലും ഈ പ്രതിസന്ധിയും വൈകാതെ തരണം ചെയ്യപ്പെടുമെന്ന പ്രതീക്ഷയോടെ പ്രാര്‍ഥനാ നിര്‍ഭരമായ കാത്തിരിപ്പിലാണ് പ്രവാസി സമൂഹം. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഈ പ്രവാസ ഭൂമികകള്‍ ഏവര്‍ക്കും വിരുന്നൂട്ടുകയും യാതൊരു വിധ ഭിന്നതയുമില്ലാതെ ഏവര്‍ക്കും അഭയം നല്‍കുകയും ചെയ്ത ഈ നാടുകള്‍ പ്രതിസന്ധി ഘട്ടത്തെ മറികടന്ന് പൂര്‍വാധികം പ്രതാപത്തോടെ തിരികെ വരുന്ന സമീപ ഭാവിയെ ഏവരും സ്വപ്നം കാണുന്നുണ്ടിവിടെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.