2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

കോപ്പ അമേരിക്ക: ഫൈനല്‍ സ്വപ്നം കണ്ട് ചിലിയും കൊളംബിയയും

ചിക്കാഗോ: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനലില്‍ നാളെ നിലവിലെ ചാംപ്യന്‍മാരായ ചിലി കരുത്തരായ കൊളംബിയയുമായി ഏറ്റുമുട്ടും. ടൂര്‍ണമെന്റില്‍ മികച്ച സാധ്യതകള്‍ കല്‍പ്പിക്കട്ട ടീമുകളാണ് രണ്ടും എന്നതിനാല്‍ വീറുറ്റ പ്രകടനം പ്രതീക്ഷിക്കാം. ഫിഫ റാങ്കിങില്‍ കൊളംബിയ മൂന്നാം സ്ഥാനത്തും ചിലി അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. നിലവില്‍ ഓരോ തവണ മാത്രമാണ് ഇരു ടീമുകളും കോപ്പയില്‍ കിരീടം സ്വന്തമാക്കിയിട്ടുള്ളത് എന്നതിനാല്‍ രണ്ടാം കിരീട നേട്ടം ഇരുവരും സ്വപ്നം കാണുന്നു.

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തപ്പിത്തടഞ്ഞാണ് ചിലി തുടങ്ങിയതെങ്കിലും ക്വാര്‍ട്ടറില്‍ കരുത്തരായ മെക്‌സിക്കോയെ മറുപടിയില്ലാത്ത ഏഴു ഗോളുകള്‍ക്ക് തുരത്തി ഉഗ്ര ഫോമിലാണ് അവര്‍ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. കൊളംബിയയാകട്ടെ പെറുവിനെതിരേ പെനാല്‍റ്റി ഷൂട്ടൗട്ട് വിജയിച്ചാണ് അവസാന നാലില്‍ ഇടം കണ്ടത്.

വിദാലില്ലാതെ ചിലി

നിര്‍ണായക പോരിനിറങ്ങുമ്പോള്‍ നഷ്ടം ചിലിക്കാണ്. അവരുടെ മധ്യനിര താരം ആര്‍തുറോ വിദാലിനു സെമിയില്‍ ഇറങ്ങാന്‍ സാധിക്കില്ല. മഞ്ഞ കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് താരത്തിനു സസ്പന്‍ഷന്‍ ലഭിച്ചതാണ് ചിലിക്ക് തിരിച്ചടിയാകുന്നത്. മധ്യനിരയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനും മുന്നേറ്റത്തിലേക്ക് പന്തെത്തിക്കാനും കെല്‍പ്പുള്ള വിദാലിന്റെ അസാന്നിധ്യം അവരുടെ മുന്നേറ്റത്തെ കാര്യമായി തന്നെ ബാധിക്കും.

അത്ര മികവുള്ള ഒരു പകരക്കാരനെ ലഭിക്കില്ല എന്നതും ചിലിക്ക് തലവേദനയുണ്ടാക്കുന്നു. ചിലി കോച്ച് യുവാന്‍ അന്റോണിയോ പിസ്സിക്ക് മുന്നില്‍ മൂന്ന് സാധ്യതകളാണുള്ളത്. പാബ്ലൊ ഹെര്‍ണാണ്ടസ്, ചാള്‍സ് അരാംഗ്വിസ്, ഫ്രാന്‍സിസ്‌കോ സില്‍വ എന്നിവരില്‍ ഒരാളെ വിദാലിനു പകരം തിരഞ്ഞെടുക്കുക. മറ്റൊന്ന് പ്രതിരോധത്തില്‍ കളിക്കുന്ന ഗാരി മെഡലിനെ മധ്യനിരക്കാരനായി ഇറക്കാനുള്ള സാധ്യതയും അദ്ദേഹം ആലോചിക്കുന്നുണ്ട്.

വര്‍ഗാസും റോഡ്രിഗസും

മെക്‌സിക്കോക്കെതിരേ നാലു ഗോളുകള്‍ അടിച്ചുകൂട്ടി ചിലിയന്‍ താരം വര്‍ഗാസ് മികവിന്റെ ഒന്നത്യത്തിലാണ്. ഒപ്പം ഗോളവസരങ്ങളൊരുക്കിയും ഗോളുകള്‍ നേടിയും അലക്‌സിസ് സാഞ്ചസും ചേരുന്നത് ചിലിക്ക് മുതല്‍ക്കൂട്ടാവും.

കൊളംബിയന്‍ കരുത്ത് നായകനായ ജെയിംസ് റോഡ്രിഗസ് തന്നെ. പെറുവിനെതിരായ ക്വാര്‍ട്ടറില്‍ നിരവധി അവസരങ്ങളാണ് അദ്ദേഹം സഹ താരങ്ങള്‍ക്കൊരുക്കി കൊടുത്തത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത് വലയിലെത്തിച്ചതും റോഡ്രിഗസ് തന്നെ. നിലവില്‍ രണ്ടു ഗോളും ഒരു അസിസ്റ്റും നായകന്റെ പേരിലുണ്ട്. ഒപ്പം യുവാന്‍ ക്വഡ്രാഡോ, എഡ്വിന്‍ കര്‍ഡോണ, കാര്‍ലോസ് ബെക്ക തുടങ്ങിയവര്‍ ചേരുന്നതും കൊളംബിയന്‍ സംഘത്തിനു കരുത്താകും.

ഗോള്‍ കീപ്പര്‍മാര്‍

ഇരു ടീമുകളുടേയും ഗോള്‍ വല കാക്കുന്ന താരങ്ങള്‍ മികച്ചവരാണെന്നു മത്സരത്തെ ശ്രദ്ധേയമാക്കുന്നു. ഗോള്‍ വഴങ്ങാതെ വല കാക്കുന്നതിലും റിഫ്‌ളക്ഷനുകളിലും ലോകത്തെ മികച്ച ഗോള്‍ കീപ്പര്‍മാരുടെ ഗണത്തിലാണ് ഇരുവരും. ചിലി നായകന്‍ കൂടിയായ ക്ലൗഡിയോ ബ്രാവോ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മികച്ച ഫോമിലായിരുന്നില്ല. എങ്കിലും നിലവില്‍ അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തി കഴിഞ്ഞു.

മറുവശത്ത് ആഴ്‌സണല്‍ ഗോള്‍ കീപ്പറായ ഡേവിഡ് ഓസ്പിനയാണ് കൊളംബിയന്‍ ഗോള്‍ വല കാക്കുന്നത്. പെറുവിനെതിരായ ക്വാര്‍ട്ടറില്‍ നിര്‍ണായകമായൊരു പെനാല്‍റ്റി കിക്ക് തട്ടിയകറ്റി ഓസ്പിനയാണ് കൊളംബിയയെ അവസാന നാലിലേക്ക് എത്തിച്ചതെന്നു പറയാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.