2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജയിക്കാനുറച്ച് അര്‍ജന്റീന

  • കോപ്പയില്‍ ചൊവാഴ്ച്ച രണ്ടു മത്സരങ്ങള്‍
    പനാമ-ബൊളീവിയ, അര്‍ജന്റീന-ചിലി

സാന്റ ക്ലാര: കോപ്പ അമേരിക്കയില്‍ ചൊവാഴ്ച്ച രണ്ടു മത്സരങ്ങള്‍ അരങ്ങേറും. തുല്യ ശക്തികളുടെ ആദ്യ മത്സരത്തില്‍ പാനമ ബൊളീവിയയെ നേരിടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനമായ രണ്ടാം മത്സരത്തില്‍ അര്‍ജന്റീന നിലവിലെ ചാംപ്യന്‍മാരായ ചിലിയെ നേരിടും. കഴിഞ്ഞ തവണത്തെ ഫൈനല്‍ തോല്‍വിക്ക് പകരം ചോദിക്കാന്‍ ആദ്യ മത്സരത്തില്‍ തന്നെ അവസരം വന്നിരിക്കുകയാണ് അര്‍ജന്റീനയ്ക്ക്.

കരുത്തു കാട്ടാന്‍ പനാമ

ഗ്രൂപ്പ് ഡിയില്‍ ആദ്യ പോരാട്ടത്തില്‍ തങ്ങളുടെ കരുത്ത് പ്രകടിപ്പിക്കാനുറച്ചാണ് ബൊളീവിയയും പനാമയും ഇറങ്ങുന്നത്. പനാമയുടെ ആദ്യ കോപ്പ അമേരിക്ക ടൂര്‍ണമെന്റ് കൂടിയാണിത്. ഗോള്‍ഡ് കപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയതിന്റെ മികവുമായാണ് അവര്‍ മത്സരത്തിനിറങ്ങുന്നത്. അമേരിക്കയെ ലൂസേഴ്‌സ് ഫൈനലില്‍ വീഴ്ത്തിയാണ് അവര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. സന്നാഹ മത്സരങ്ങളില്‍ വെനസ്വെലയെ സമനിലയില്‍ കുരുക്കിയെങ്കിലും ബ്രസീലിനോട് ടീം തോറ്റിരുന്നു. എന്നാല്‍ പ്രതിസന്ധികളെയെല്ലാം മറികടക്കാനാവുമെന്ന് പനാമ കോച്ച് ഹെര്‍നന്‍ ഗോമസ് പറഞ്ഞു. ബൊളീവിയക്കെതിരേ അവസാനം കളിച്ച രണ്ടു മത്സരങ്ങളിലും ജയം പനാമയ്‌ക്കൊപ്പമായിരുന്നു. 2011ലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. ലൂയിസ് തേജാദ ഹന്‍സല്‍, റിക്കാര്‍ഡോ ബൂയിട്രാഗോ, അര്‍മാന്‍ഡോ കൂപ്പര്‍ എന്നീ മികച്ച താരങ്ങള്‍ പനാമ നിരയിലുണ്ട്. കൂപ്പര്‍ നേരത്തെ നടന്ന സന്നാഹ മത്സരത്തില്‍ ബൊളീവിയക്കെതിരേ സ്‌കോര്‍ ചെയ്തിരുന്നു. പ്രതിരോധത്തില്‍ റോഡറിക് മില്ലര്‍, അഡോള്‍ഫോ മച്ചാഡോ എന്നിവരുടെ മികവും പനാമയ്ക്ക് ഗുണം ചെയ്യും.

അതേസമയം സന്നാഹ മത്സരത്തില്‍ വമ്പന്‍മാരോട് തോറ്റാണ് ബൊളീവിയ ആദ്യ മത്സരത്തിനിറങ്ങുന്നത്. അര്‍ജന്റീന, കൊളംബിയ, അമേരിക്ക എന്നിവരോട് കനത്ത തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. കഴിഞ്ഞ തവണ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്താന്‍ ടീമിന് സാധിച്ചിരുന്നു. ഇത്തവണ അത്തരമൊന്ന് സംഭവിക്കണമെങ്കില്‍ അദ്ഭുത പ്രകടനം കാഴ്ച്ചവയ്‌ക്കേണ്ടി വരും. പ്രമുഖ താരങ്ങളായ കാര്‍മലോ ആര്‍നസ്, അലക്‌സാന്ദ്രോ മിലിയന്‍ എന്നിവര്‍ക്ക് ഫോമിലേക്കുയരാനായിട്ടില്ല. പ്രതിരോധത്തില്‍ ലൂയിസ് ഗുട്ടിറെസ്, റൊണാള്‍ഡ് യൂജിനോ എന്നിവരും ഫോമിലല്ല.

കണക്കു തീര്‍ക്കാന്‍

കഴിഞ്ഞ കോപ്പയിലെ ഫൈനലിലേറ്റ തോല്‍വിക്കു പകരം വീട്ടാനുറച്ച്, ചിലിക്കെതിരേ ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്. സന്നാഹ മത്സരങ്ങളിലെല്ലാം കരുത്ത് കാട്ടിയാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്. സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യവും ടീമിനുണ്ട്. ലയണല്‍ മെസ്സി, എയ്ഞ്ചല്‍ ഡി മരിയ, ഹിഗ്വയ്ന്‍ എന്നിവരാണ് ടീമിന്റെ കരുത്ത്. ടെവസ്സിന് പകരം ടീമിലെത്തിയ ഹിഗ്വയ്ന്‍ സന്നാഹ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ടൂര്‍ണമെന്റിലും താരം മികവ് തുടരുമെന്നാണ് ടീമിന്റെ പ്രതീക്ഷ. മധ്യനിരയില്‍ ഹാവിയര്‍ മഷറാനോ, ലൂക്കാസ് ബിഗ്ലിയ എന്നിവര്‍ മുന്നേറ്റ നിരയ്ക്ക് പന്തെത്തിക്കുന്നതിലും ഗോള്‍ നേടുന്നതിലും മികവ് പുലര്‍ത്തുന്നവരാണ്. അതേസമയം ടീം നായകന്‍ മെസ്സി ആദ്യ മത്സരത്തില്‍ കളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇടുപ്പിനേറ്റ പരുക്കില്‍ നിന്നു താരം മുക്തനായിട്ടില്ല എന്നും അഭ്യൂഹമുണ്ട്. എന്നാല്‍ ടീമിന്റെ പരിശീലനത്തില്‍ മെസ്സി പങ്കെടുത്തിട്ടുണ്ട്. ഏറെ കാലം തലവേദനയായ പ്രതിരോധത്തിന്റെ പഴുതടച്ചാണ് ടീം ഇത്തവണ എത്തുന്നത്. ഒടാമെന്‍ഡി, മാര്‍ക്കസ് റോജോ, റാമിറോ മോറി എന്നിവരാണ് പ്രതിരോധത്തിലെ കരുത്ത്.

എന്നാല്‍ ചിലി കടുത്ത ആശങ്കകളുമായാണ് മത്സരത്തിനിറങ്ങുന്നത്. സന്നാഹ മത്സരങ്ങളില്‍ ടീമിന് തുടര്‍ തോല്‍വികള്‍ നേരിട്ടിരുന്നു. ടീമിലെ സൂപ്പര്‍ താരങ്ങളായ അലക്‌സിസ് സാഞ്ചസ്, ആര്‍തുറോ വിദാല്‍, വര്‍ഗാസ് എന്നിവര്‍ക്ക് ഫോമിലേക്കുയരാനായിട്ടില്ല. പ്രതിരോധത്തില്‍ യൂജിനിയോ മെന, എന്‍സോ റോക്കോ എന്നിവരും മികവിലേക്കുയരേണ്ടതുണ്ട്. കഴിഞ്ഞ തവണ ഫൈനലില്‍ അര്‍ജന്റീനയെ കീഴടക്കി കിരീടം നേടാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം ആദ്യ മത്സരത്തില്‍ തുണയാകുമെന്ന കരുതലിലാണ് ചിലി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.