2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കുരിശിന്റെ സ്ഥാനത്ത് ‘ജെട്ടി’, അക്കാദമി പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത കാര്‍ട്ടൂണ്‍ വിവാദമാവുന്നു; പുരസ്‌കാരം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് കെ.സി.ബി.സി

 

കോഴിക്കോട്: കുരിശിന്റെ സ്ഥാനത്ത് ‘ജെട്ടി’ വച്ചുള്ള കൂര്‍ട്ടൂണ്‍ ഈ വര്‍ഷത്തെ ലളിതകലാ അക്കാദമിയുടെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത നടപടി വിവാദമാവുന്നു. കെ.കെ സുഭാഷിന്റെ ‘വിശ്വാസം രക്ഷതി’ എന്ന പേരിലുള്ള കാര്‍ട്ടൂണിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ കാര്‍ട്ടൂണിനു നല്‍കിയ പുരസ്‌കാരം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് കേരളാ കാത്തലിക് ബിഷപ്‌സ് കോണ്‍സില്‍ (കെ.സി.ബി.സി) രംഗത്തുവന്നതോടെയാണ് വിവാദം കൊഴുത്തത്. പീഡന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലെ മെത്രാന്‍ സ്ഥാനീയ ചിഹ്നത്തില്‍ അടിവസ്ത്രത്തിന്റെ ചിത്രം ചേര്‍ത്തായിരുന്നു കാര്‍ട്ടൂണ്‍ വരച്ചത്. പൂവന്‍ കോഴിക്ക് ഫ്രാങ്കോയുടെ മുഖമാണുള്ളത്. കൈയില്‍ മെത്രാന്‍ സ്ഥാനീയ ചിഹ്നവുമുണ്ട്. കോഴിയുടെ നില്‍പ്പ് പൊലിസിന്റെ തൊപ്പിക്ക് മുകളിലാണ്. തൊപ്പി പിടിക്കുന്നത് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജും ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിയുമാണ്. ഇതാണ് വിവാദത്തിനു കാരണമായ കാര്‍ട്ടൂണിലുള്ളത്.

 

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രതിഷേധ സന്ദേശങ്ങളിലൊന്ന്‌

 

പ്രകോപനം ഉണ്ടാക്കുന്ന പുരസ്‌കാര പ്രഖ്യാപനം എന്നാണ് പുരസ്‌കാരത്തെ സഭ വിശേഷിപ്പിച്ചത്. കുരിശിന് പകരം അപമാനകരമായ ചിഹ്നം വരച്ച കാര്‍ട്ടൂണിനാണ് ഇടതുസര്‍ക്കാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുന്നതെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷം തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്നില്ലെന്ന ഇടതുപക്ഷത്തിന്റെ വിലയിരുത്തലാണോ വിവാദ കാര്‍ട്ടൂണ്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതിന് പിന്നിലെ പ്രചോദനമെന്ന് സംശയിക്കുന്നതായും കെ.സി.ബി.സി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു. കാര്‍ട്ടൂണ്‍ ക്രൈസ്തവ മത പ്രതീകങ്ങളെ അവഹേളിക്കുന്നതാണെന്ന് കെ.സി.ബി.സി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയാണെന്നും ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയനെ അവഹേളിക്കുന്നതാണ് കാര്‍ട്ടൂണെന്നും കെ.സി.ബി.സി പ്രസ്താവനയില്‍ പറഞ്ഞു.

അക്കാദമിയുടെ ഫോട്ടോഗ്രഫി, കാര്‍ട്ടൂണ്‍ പുരസ്‌കാരങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. മുഹമ്മദ് സാഫി (ഫോട്ടോഗ്രഫി), കെ.കെ. സുഭാഷ് (കാര്‍ട്ടൂണ്‍), അനൂപ് കൃഷ്ണ, ലിഷോയ് നാരായണന്‍ (ഫോട്ടോഗ്രഫി ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം), എ. സതീഷ് കുമാര്‍, മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ഉണ്ണിക്കൃഷ്ണന്‍ (കാര്‍ട്ടൂണ്‍ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം) എന്നിവര്‍ക്കാണ് പുരസ്‌കാരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.