2020 January 21 Tuesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

പിടിച്ചുകെട്ടണം ലഹരിമനസുകളെ…

ഡോ. അനീസ് അലി കണ്‍സള്‍ട്ടന്റ് ന്യൂറോ സൈക്യാട്രിസ്റ്റ്

ചില ദുര്‍ബലമായ സുഖവും രസവും നല്‍കുന്ന അനേകം ‘മയക്കുമരുന്നുകള്‍’ നമ്മുടെ യൗവനത്തിനു ചുറ്റും വട്ടമിട്ടുപറക്കുന്നുണ്ട്. അവയെല്ലാം എത്തിപ്പിടിക്കാവുന്ന ദൂര ത്തിലാണുതാനും. വഴിവിട്ട് പോകുന്ന യൗവനങ്ങള്‍ വേദനാജനകമാണ്. ആദ്യം സുഹൃത്തുക്കളുമൊത്ത് ഒരു രസത്തിനുവേണ്ടി തുടങ്ങും. പിന്നെ അത് ഒരു ആവേശമായി, ആമോദമായി തുടരു ന്നതായാണ് കണ്ടുവരുന്നത്.
ലഹരിക്കടിമയാകുന്നതോടെ അത് കൂടുതല്‍ കൂടുതല്‍ കിട്ടണമെന്ന അഭിനിവേശം സംജാതമാകും. രുചിയും വൈവിധ്യവുമുള്ള ചേരുവയുമുള്ളത് തേടിക്കൊണ്ടിരിക്കും. കൂട്ടുകാരുടെ പ്രേരണ, പരസ്യങ്ങളുടെയും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെയും സ്വാധീനം, സ്വയം ചികിത്സക്കായി കണ്ടെത്തല്‍ ഇങ്ങനെയാണ് മയക്കുമരുന്നുകളിലേക്ക് അടുക്കുന്നത്. പിന്നീട് സ്ഥിരമായി അത് ലഭിക്കണം. ലഭിച്ചില്ലെങ്കില്‍ അസ്വസ്ഥതകളാരംഭിക്കുകയായി…
വിലകൂടിയ മയക്കുമരുന്നുകള്‍ ലഭിക്കാന്‍ ചെയ്യുന്ന അരുതായ്മകള്‍ നിരവധിയുണ്ട്. ജോലിക്ക് പോകാതിരിക്കുക, കളവ്, കൊലപാതകം, കള്ളക്കടത്ത്, മയക്കുമരുന്നു കച്ചവടം തുടങ്ങിയവകളിലേര്‍പ്പെടുക ഇതൊക്കെ അടിമപ്പെട്ടവരുടെ സ്വഭാവമാണ്. മയക്കുമരുന്നിനോടുള്ള അടിമത്തം ഒരുപാട് അസാന്മാര്‍ഗികതകളിലേക്കുള്ള പടിവാതില ുമാണ്….

പിന്മാറ്റം

രോഗികളില്‍ നിന്ന് ലഹരി വസ്തുക്കള്‍ പൂര്‍ണമായി പിന്‍വലിക്കുകയാണ് ഈ മാര്‍ഗം. ലഹരി പദാര്‍ഥങ്ങള്‍ അയാള്‍ക്ക് കിട്ടാനുള്ള അവസരം ഇല്ലാതെയാക്കുക. ഇത് ഒരു കഠിനപ്രയത്‌നമാണ്. ഇത് എങ്ങനെ വിജയിപ്പിച്ചെടുക്കാമെന്നതിനെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. രണ്ട് നിഗമനങ്ങളാണ് പ്രധാനമായും രൂപപ്പെട്ടുവന്നത്. ഒന്ന്, നിരന്തര പരിശീലനത്തിലൂടെ സാവകാശം ലഹരി ഉപയോഗം നിര്‍ത്തുക, രണ്ട്, പെട്ടെന്ന് നിര്‍ത്തുക.
രണ്ടാമത്തെ രീതി (പെട്ടെന്നുള്ള നിര്‍ത്തല്‍) യാണ് കൂടുതല്‍ കാര്യക്ഷമമെന്നാണ് ഭൂരിപക്ഷാഭിപ്രായം. കാരണം കുടിയനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ക്രമേണ പിന്‍വലിക്കുക അത്ര എളുപ്പമല്ല. ലഹരി പദാര്‍ഥങ്ങള്‍ രോഗികളുടെ കാഴ്ചയില്‍ പോലും പെടാത്തവിധം മാറ്റിവയ്ക്കാന്‍, ഈ ചികിത്സയില്‍ പ്രത്യേകം ശ്രദ്ധിക്കണം.

പ്രതിഫലനങ്ങള്‍

നീണ്ടകാലം ലഹരി ഉപയോഗിക്കുമ്പോള്‍ വ്യക്തിത്വം തകര്‍ന്നു പോകുന്നു. ഈ തകര്‍ച്ചയില്‍, താനിങ്ങനെയായിപ്പോയല്ലോ എന്ന ചിന്തയും കുറ്റബോധവും മനസിനെ മഥിച്ചുകൊണ്ടിരിക്കും. അങ്ങനെ മാനസികമായി തകരും.ചികിത്സ തേടി ആശുപത്രികളിലെത്തുന്ന രോഗികളില്‍ 25 ശതമാനവും ഈ വിഭാഗക്കാരാണ്. ക്ഷോഭിപ്പിക്കുന്നതും ക്രൂരവും സംശയാസ്പദവുമായ സ്വഭാവവും ഇവര്‍ക്കുണ്ടാകും. ഓര്‍മ നഷ്ടപ്പെടുക, ഉറക്കമില്ലായ്മ, താല്‍പര്യക്കുറുവ്, കുടുംബത്തോട് വെറുപ്പ്, വ്യക്തിത്വം പ്രകടിപ്പിക്കുന്നതിലെ വിരക്തി, സാമൂഹിക പ്രശ്‌നങ്ങളില്‍ നിന്നുള്ള അകല്‍ച്ച തുടങ്ങിയവ ലഹരി ഉപഭോക്താക്കളിലുണ്ടാകും…
ശാരീരികമായ പ്രശ്‌നങ്ങളും ഇവരില്‍ വളരെയേറെയായിരിക്കും. മൂക്ക്, തൊണ്ട, തുടങ്ങിയ ശരീരാവയവങ്ങള്‍ ചുവക്കും. കവിള് ചീര്‍ക്കും, കണ്ണുകള്‍ കലങ്ങും, നാഡീസമ്മര്‍ദം അധികരിക്കും, ശാരീരിക ശക്തി ക്ഷയിക്കും. രോഗപ്രതിരോധ ശേഷി ഇവരില്‍ ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരിക്കും.

മരുന്നുകള്‍

ചില മരുന്നുകള്‍ നല്‍കി രോഗിയുടെ ലഹരി ആസക്തി ഇല്ലാതാക്കാന്‍ അവസരമുണ്ടാക്കാം. ആള്‍ക്കഹോള്‍ അടങ്ങിയ മരുന്നുകള്‍ കൊടുക്കുക. ഇവിടെ ലഹരി പദാര്‍ഥങ്ങള്‍ക്ക് പകരമായി ഈ മെഡിസിന്‍ രോഗി ഉപയോഗിക്കും. ക്രമേണ പകരം കൊടുത്ത മെഡിസിന്‍ രോഗിയെ ലഹരി മുക്തനാക്കും. യുവത നാളെയുടെ വാഗ്ദാനങ്ങളാണ്. അവര്‍ നശിച്ചുപോകാന്‍ സമൂഹം ഒരിക്കലും അനുവദിക്കരുത്.

ചികിത്സ

ആള്‍ക്കഹോളിസത്തില്‍ നിന്ന് മുക്തിനേടാന്‍ രോഗിയില്‍ത്തന്നെ ചില വിശേഷതകളുണ്ടാക്കിയെടുക്കണം. ബുദ്ധിയും വൈകാരിക പക്വതയും കൂട്ടുകാരുടെയും കുടുംബക്കാരുടെയും സഹകരണവും ഇതിന് ആവശ്യമാണ്. 50 വയസില്‍ താഴെയുള്ളവരുടെ ലഹരി ഉപയോഗം എന്ന ‘രോഗം’ ഭേദപ്പെടുത്താനാകുന്നതാണ്. ലഹരി ഉപയോഗം വഴി രോഗിയായവരിലാണ് ചികിത്സ എളുപ്പമാകുന്നത്. മാനസികരോഗത്തിന്റെ ഭാഗമായി വരുന്ന ആള്‍ക്കഹോളിസം കൂടുതല്‍ സങ്കീര്‍ണമാണ്. ചികിത്സയ്ക്കായി ആശുപത്രിയോ വീടോ തെരഞ്ഞെടുക്കാം.

കുടുംബത്തിന് ഭാരം

അനുസരണയും വിവേകവുമില്ലാതാകുന്ന യുവത്വങ്ങള്‍ സമൂഹത്തിന് ബാധ്യതയാവുന്നു. കൂടുംബത്തിലും സമൂഹത്തിലും ഒരുപാട് പ്രശ്‌നങ്ങള്‍. കുടുംബത്തിന് ഭാരമാകുന്ന അവസ്ഥ. ദാമ്പത്യബന്ധങ്ങളില്‍ വിള്ളലുകള്‍. വീട്ടുകാര്‍ അവന്റെ ശത്രുവും, അവന്‍ വീട്ടുകാരുടെ ശത്രുവുമായി മാറുന്നു. വഴക്കും വക്കാണവും നിറഞ്ഞ കുടുംബാന്തരീക്ഷം. സമൂഹത്തില്‍ ബന്ധപ്പെട്ടവര്‍ക്കുണ്ടാവുന്ന നാണക്കേടുകള്‍ വേറെയും…
സമയാസമയങ്ങളില്‍ ലഹരിവസ്തുക്കള്‍ ലഭിക്കാതാവുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ വ്യക്തിയില്‍ ഉണ്ടാവുന്നു. കോട്ടുവായിടുക, ഛര്‍ദിയുണ്ടാവുക, കുളിരുകോരുക, പനി, കൈകാല്‍ വിറയല്‍, ദേഷ്യം, ഉറക്കമില്ലായ്മ, അപസ്മാരം തുടങ്ങി എന്തെല്ലാം പ്രശ്‌നങ്ങള്‍. നിര്‍ത്തണമെന്ന് എത്ര വിചാരിച്ചാലും പിന്തിരിയാന്‍ കഴിയാത്ത അവസ്ഥ…
ദുര്‍ബലനിമിഷങ്ങള്‍ പിന്നെയും പിന്നെയും വന്നുചേരുന്നു. കുടുംബത്തിലെ യാതൊരു ഉത്തരവാദിത്വങ്ങളും ഭംഗിയോടെ നിര്‍വഹിക്കാന്‍ കഴിയ ാതെ വരുന്നു. ഇതു മൂലം കഷ്ടപ്പെടുന്നവരാകട്ടെ ബന്ധുജനങ്ങളും.
വിഷാദരോഗം, ഉന്മാദരോഗം, സംശയരോഗം പോലുള്ളവയിലേക്കുള്ള പ്രശ്‌നവും ഇതുവഴിയുണ്ടാവുന്നു. ബ്രൗണ്‍ഷുഗര്‍, കഞ്ചാവ് പോലുള്ളവ അത്യധികം ഭീകരമായ പരിവര്‍ത്തനങ്ങളാണു വ്യക്തിയില്‍ ഉണ്ടാക്കുന്നത്. ആത്മഹത്യകള്‍പോലും സംഭവിക്കുന്നു. ചിലപ്പോള്‍ വ്യക്തി മാത്രമല്ല കൂടെപ്പോവുക. കുടുംബമൊന്നടങ്കം പോകുന്നു. അല്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ കൊന്ന് സ്വയം അടങ്ങുന്നു. ഇങ്ങനെയെത്രയെത്ര സംഭവങ്ങള്‍…

പിന്മാറാനാവുമോ?

രക്ഷപ്പെടണമെന്ന സ്വബോധമുള്ളവര്‍ക്കേ ചികിത്സകൊണ്ട് പ്രയോജനമുണ്ടാകൂ. എന്നാണ് ആദ്യം മനസിലാക്കേണ്ടത്. രോഗിയറിയാതെ മുക്തമാക്കാമെന്ന അവകാശവാദങ്ങള്‍ പൂര്‍ണമായിക്കൊള്ളണമെന്നില്ല. മയക്കുമരുന്നുപയോഗത്തില്‍ നിന്നുള്ള പിന്മാറ്റം വളരെ സാഹസികമാണ്. സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, ഒക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ് എന്നിവരടങ്ങിയ ഒരു ടീമിന്റെ സമഗ്രമായ പരിശ്രമവും ചികിത്സയുമാണഭികാമ്യം. മയക്കുമരുന്നുപയോഗം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ഉണ്ടാവുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ കഴിവതും ഫലപ്രദമായ മരുന്നുകളുപയോഗിച്ച് കുറയ്ക്കുക എന്നതാണ് ചികിത്സയുടെ ആദ്യപടി. ബോധവല്‍ക്കരണവും, ഉപയോഗിച്ചാലുണ്ടാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ഉദ്‌ബോധനവുമാണ് നല്‍കുക.
ഉപയോഗം തുടങ്ങാനും തുടരാനുമുണ്ടായ സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതോടൊപ്പം മരുന്നില്ലാതെ തന്നെ ജീവിതത്തിന്റെ സന്തോഷം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളും ആരായണം. ഡി.അഡിക്ഷന്‍ ചികിത്സയ്ക്ക് ഫലപ്രദമായ മരുന്നുകളും ചികിത്സാ സൗകര്യങ്ങളും ഇന്ന് ധാരാളമുണ്ട്. അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സമ്പൂര്‍ണ സഹകരണവും വേണം. ഇതിന് പ്രചോദനമാകുന്ന റീഹാബിലിറ്റേഷന്‍ സെന്ററുകളും ഇന്ന് ധാരാളമുണ്ട്.

അറിവില്ലായ്മയല്ല

ലഹരി ഉപയോഗിക്കുന്നതില്‍ നിന്ന് വ്യക്തിയെ തടയുന്നത് കൊണ്ട് മാത്രം കാര്യമില്ല. എതെങ്കിലും വിധത്തില്‍ രോഗി വീണ്ടും ഇതില്‍ ചെന്നുചാടും. കാരണം അവര്‍ ലോലമനസുള്ളവരായിരിക്കും.
മനഃശക്തി കുറവുള്ളവരല്ല ആള്‍ക്കഹോളിസം രോഗികളെന്ന ധാരണ ചിലരിലുണ്ട്. ഇത് പൂര്‍ണമായും ശരിയല്ല. പണ്ട്, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ജനങ്ങള്‍ ലഹരിക്കടിപ്പെട്ടത് അത് തെറ്റാണെന്നറിയാതെയായിരുന്നു. ഇന്ന് താന്‍ ചെയ്യുന്നത് തെറ്റാണെന്ന ഉത്തമബോധ്യത്തോടെയാണ് വ്യക്തി ലഹരി ഉപയോഗിക്കുന്നത്.
‘പുകവലി ആരോഗ്യത്തിന് ഹാനികര’മെന്നെഴുതിയ സിഗരറ്റാണിവര്‍ പുകയ്ക്കുന്നത്. മദ്യവും മയക്കുമരുന്നുകളും വരുത്തുന്ന വിപത്തുകളെക്കുറിച്ച് ജ്ഞാനമുള്ളവരാണ് ഇന്ന് അത് ഉപയോഗിക്കുന്നത്. ഇവിടെ, തെറ്റായ മാനസികാഭിരുചികളെ മറിക്കടക്കാനുള്ള മനക്കരുത്തില്ലാത്തതാണ് പ്രശ്‌നം. മനഃശക്തി ഇവരില്‍ കുറവായിരിക്കുമെന്ന് ഇതുതന്നെ വ്യക്തമാക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.