2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

കശ്മീര്‍ വിഷയത്തില്‍ നിലപാടില്ലാതെ കോണ്‍ഗ്രസ്; ഇതുവരെ പ്രതികരിക്കാതെ രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: ജമ്മുകശ്മീരിനെ സംബന്ധിച്ച ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയ നടപടിയില്‍ നിലപാടില്ലാതെ കോണ്‍ഗ്രസ്. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ ചീഫ് വിപ്പ് ഭുവനേശ്വര്‍ കലിത രാജിവയ്ക്കുകയും അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രതികരിക്കാതിരിക്കുകയും ചെയ്തതോടെയാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് പ്രത്യേകിച്ചൊരു നിലപാടില്ലെന്ന് വ്യക്തമായത്. അതേസമയം, കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയും പ്രതികരിച്ചിട്ടില്ലെങ്കിലും മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദും ചിദംബരവും കപില്‍ സിബലും ശശി തരൂരും വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങളുള്ളതിനാലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഔദ്യോഗികമായി പ്രതികരിക്കാത്തതെന്നാണ് സൂചന.

ഭുവനേശ്വര്‍ കലിതയ്ക്ക് പുറമേ, കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. മുതിര്‍ന്ന നേതാവ് ജനാര്‍ദന്‍ ദ്വിവേദി, ഹരിയാന മുന്‍ മുഖ്യമന്ത്രിയുടെ മകനും യുവനേതാവുമായ ദീപേന്ദര്‍ ഹൂഡ, അദിതി സിങ് മുന്‍ എം.പി. ജ്യോതി മിര്‍ദ തുടങ്ങിയവരാണ് കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ചും കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചും രംഗത്തെത്തിയത്.

ചരിത്രപരമായ ഒരു തെറ്റ് ഇപ്പോള്‍ തിരുത്തിയെന്നായിരുന്നു ഗാന്ധികുടുംബത്തിന്റെ സ്വന്തക്കാരനായ ജനാര്‍ദന്‍ ദ്വിവേദി പ്രതികരിച്ചത്. തന്റെ രാഷ്ട്രീയ ഗുരുവമായ റാം മനോഹര്‍ ലോഹ്യ ഉള്‍പ്പെടെയുള്ളവര്‍ ആര്‍ട്ടിക്കിള്‍ 370ന് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റായ്ബറേലി സദറിലെ കോണ്‍ഗ്രസ് എം.എല്‍.എ. അദിതി സിങും കേന്ദ്രനടപടിയെ അഭിനന്ദിച്ചു. ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള നടപടിയില്‍ കേന്ദ്രത്തെ അഭിനന്ദിക്കണമെന്നും ഇതിനെ എതിര്‍ക്കുന്നതില്‍ കാര്യമില്ലെന്നുമായിരുന്നു ജ്യോതി മിര്‍ദയുടെ പ്രതികരണം.

വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായതിനാല്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് എം.പിമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Congrse leaders divided over Kashmir


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News