2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘സര്‍ക്കാരിന്റെ മുഖപത്രമാവുന്ന നിമിഷമാണ് പത്രം അതിന്റെ മോശം അവസ്ഥയിലെത്തുന്നത്; കശ്മീര്‍ വിഷയത്തില്‍ യു.എസ് കോണ്‍ഗ്രസ് ഹിയറിങിനിടെ ടൈംസ് ഓഫ് ഇന്ത്യയുടെ പ്രതിനിധിയെ നിര്‍ത്തിപ്പൊരിച്ച് ഇല്‍ഹാന്‍ ഉമര്‍- വീഡിയോ

 

ജമ്മു കശ്മീര്‍ വിഷയത്തില്‍ യു.എസ് കോണ്‍ഗ്രസില്‍ നടന്ന ഹിയറിങിനിടെ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടറെ നിര്‍ത്തിപ്പൊരിച്ച് യു.എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമര്‍. കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ മുഖപത്രമാവാനാണ് ടൈംസ് ഓഫ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ഇല്‍ഹാന്‍ ഉമര്‍ കുറ്റപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടര്‍ ആര്‍ത്തി ടിക്കൂ സിങിനെയാണ് ഹിയറിങിനിടെ കടുത്ത രീതിയില്‍ ഇല്‍ഹാന്‍ ഉമര്‍ വിമര്‍ശിച്ചത്.

യു.എസ് കോണ്‍ഗ്രഷണല്‍ സബ്- കമ്മിറ്റി ഹിയറിങില്‍ സര്‍ക്കാരിനെ അനുകൂലിച്ചു കൊണ്ടാണ് ടീക്കൂ സിങ് സംസാരിച്ചത്. എന്നാല്‍ ഇവര്‍ പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് കശ്മീരിനെ പ്രതിനിധീകരിച്ചെത്തിയ മറ്റുള്ളവര്‍ വ്യക്തമാക്കിതോടെ ഇല്‍ഹാന്‍ ഉമര്‍ കടുത്ത രീതിയില്‍ വിമര്‍ശനമുന്നയിക്കുകയായിരുന്നു.

‘മിസ്റ്റര്‍ സിങ്, എന്താണ് സംഭവിക്കുന്നതെന്ന സത്യാവസ്ഥ കണ്ടുപിടിക്കുകയും അത് പൊതുജനങ്ങള്‍ക്കായി റിപ്പോര്‍ട്ട് ചെയ്യുകയുമാണ് റിപ്പോര്‍ട്ടറുടെ ജോലി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ബൃഹത്തായ വായനക്കാരുണ്ട്, അതുപോലെ തന്നെ ശരിയായ കാര്യങ്ങള്‍ എത്തിക്കാനും നിങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. സത്യം വളച്ചൊടിച്ച് റിപ്പോര്‍ട്ടുണ്ടാക്കുന്നത് എങ്ങനെയാണെന്ന് ഞാന്‍ ബോധവതിയാണ്. വാര്‍ത്തയുടെ ഔദ്യോഗിക ഭാഷ്യം മാത്രം പങ്കുവയ്ക്കുന്നതിലേക്ക് പരിമിതപ്പെടുന്നത് എങ്ങനെയെന്ന കാര്യത്തില്‍ ഞാന്‍ ബോധവതിയാണ്. സര്‍ക്കാരിന്റെ മുഖപത്രമാവുന്ന നിമിഷമാണ് പത്രം അതിന്റെ മോശം അവസ്ഥയിലെത്തുന്നത്’- ഇല്‍ഹാന്‍ ഉമര്‍ വിമര്‍ശിച്ചു.

‘നിങ്ങളുടെ കാഴ്ചപ്പാട് പ്രകാരം കശ്മീരിലെ പ്രശ്‌നത്തിന്റെ ഒരേയൊരു കാരണം നിങ്ങള്‍ വിളിക്കുന്ന തീവ്രവാദികളെന്നാണ്, ഇന്ത്യയില്‍ നിന്ന് വിട്ടുപോവാനാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നതെന്നാണ്; അവരെല്ലാം പാകിസ്താന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നവരെന്നും. ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം കശ്മീരിലെ മനുഷ്യാവകാശങ്ങള്‍ക്ക് നല്ലതാണെന്ന സംശയാസ്പദമായ വാദമാണ് നിങ്ങളുന്നയിക്കുന്നത്. അത് മനുഷ്യാവകാശങ്ങള്‍ക്ക് നല്ലതായിരുന്നുവെങ്കില്‍, മിസ്റ്റര്‍ സിങ്, രഹസ്യമായിട്ടല്ലായിരുന്നു അതു സംഭവിക്കേണ്ടിയിരുന്നത്’- ഇല്‍ഹാന്‍ ഉമര്‍ കുറ്റപ്പെടുത്തി.

ഹിയറിങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ സര്‍ക്കാരാണ് ടീക്കൂ സിങിനെ അയച്ചത്. ഇല്‍ഹാന്‍ ഉമര്‍ തന്റെ അഭിമാനത്തെ ചോദ്യംചെയ്യുമെന്ന് കരുതിയില്ലെന്ന് പിന്നീട് ടീക്കു പ്രതികരിച്ചു. ‘കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മുതല്‍ ബീഫിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമങ്ങളെ വരെ ഓരോ പ്രശ്‌നത്തില്‍ ഞാന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്’ എന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായുള്ള തന്റെ തൊഴില്‍ജീവിതത്തില്‍ പാര്‍ശ്വവര്‍ത്തിയായി പെരുമാറിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ തനിക്കെതിരായ ഇല്‍ഹാന്‍ ഉമറിന്റെ പരാമര്‍ശങ്ങള്‍ അപലപനീയമാമെന്നും ടീക്കൂ സിങ് പറഞ്ഞു.

മറ്റു പാനലിസ്റ്റുകളായ കശ്മീരി ആക്ടിവിസ്റ്റ് നിതാഷ കൗളും അങ്കണ ചാറ്റര്‍ജിയും കടുത്ത വിമര്‍ശനമാണ് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. കശ്മീരില്‍ ഓഗസ്റ്റ് 5ന് ശേഷം നടക്കുന്നതെല്ലാം നല്ലതാണോയെന്ന ഇല്‍ഹാന്‍ ഉമറിന്റെ ചോദ്യത്്തിന്, ‘തീര്‍ച്ചയായും അല്ല’ എന്നു പറഞ്ഞുകൊണ്ടാണ് അങ്കണ ചാറ്റര്‍ജി മറുപടി പറഞ്ഞത്. അങ്ങനെയായിരുന്നുവെങ്കില്‍ അത് നിങ്ങളോടും ലോകത്തോടും വിളിച്ചുപറയുമായിരുന്നുവെന്ന് അവര്‍ പ്രതികരിച്ചു. കശ്മീരികള്‍ക്ക് ഉപരോധത്തില്‍പ്പെടുത്തിയ പോലെയാണ് തോന്നിയത്. തങ്ങളുടെ അവകാശങ്ങള്‍ റദ്ദാക്കപ്പെട്ടുവെന്നാണ് കശ്മീരികള്‍ക്ക് അനുഭവപ്പെടുന്നത്. ബി.ജെ.പി സര്‍ക്കാരിനെപ്പറ്റി പറയുമ്പോള്‍, അവരുടെ ആശയത്തെപ്പറ്റിയും നമ്മളറിയണം. ഇന്ത്യയെ ഹിന്ദു രാജ്യമാക്കുകയാണ് അവരുടെ പരസ്യമായ നിലപാടെന്നും അങ്കണ ചാറ്റര്‍ജി പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.