2020 February 23 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിനെ ഒതുക്കി കേന്ദ്രസര്‍ക്കാര്‍, പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷപദവി നഷ്ടമാവും

 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനം കാഴ്ചവച്ച കോണ്‍ഗ്രസിനെ കൂടുതല്‍ ഒതുക്കി കേന്ദ്രസര്‍ക്കാര്‍. വിവിധ പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷപദവി കോണ്‍ഗ്രസിന് നല്‍കാതെ പാര്‍ട്ടിയുടെ സ്വാധീനം കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണിത്.
ധനകാര്യം, വിദേശകാര്യം എന്നീ സുപ്രധാന സമിതികളുടെ അധ്യക്ഷപദവി നല്‍കാനാവില്ലെന്നാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനം. ആഭ്യന്തരകാര്യ സമിതിയുടെ തലപ്പത്തുനിന്ന് ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന പി.ചിദംബരത്തെ മാറ്റിനിര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. പകരം മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷ ഉപനേതാവുമായ ആനന്ദ് ശര്‍മയെ അധ്യക്ഷനാക്കുമെന്നും ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട്‌ചെയ്തു.
എം. വീരപ്പ മൊയ്‌ലി ചെയര്‍മാനായ ധനകാര്യ സമിതിയും ശശി തരൂര്‍ ചെയര്‍മാനായ വിദേശകാര്യ സമിതിയുമാണ് നിലവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അധ്യക്ഷരായി ഉണ്ടായിരുന്ന മറ്റു പ്രധാന പദവികള്‍.
ഉയര്‍ന്നമൂല്യമുള്ള നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനകാര്യ സമിതി അധ്യക്ഷന്‍ വീരപ്പ മൊയ്‌ലിയും ഇന്ത്യാ- ചൈനാ അതിര്‍ത്തിയിലുള്ള ദേഖാമിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശശി തരൂരും സ്വീകരിച്ച കടുത്ത നിലപാടുകള്‍ ഒന്നാം മോദി സര്‍ക്കാരിന് തലവേദനയായിരുന്നു. ഈ സാഹചര്യത്തിലാണ് താരതമ്യേന അപ്രധാനമായ സമിതികളില്‍ മാത്രം കോണ്‍ഗ്രസിന് പ്രാതിനിധ്യം നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചത്.
ഇത്തവണ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിക്കും ലഭിച്ചു. മറ്റുസമിതികളില്‍ തീരുമാനമായിരുന്നില്ല.
ഇതേതുടര്‍ന്ന് പതിനേഴാം ലോക്‌സഭയിലെ വിവിധ പാര്‍ലമെന്ററി സമിതികളുടെ രൂപീകരണം എന്തുകൊണ്ടാണ് വൈകുന്നതെന്ന് ആരാഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി പാര്‍ലമെന്ററി മന്ത്രിക്ക് കത്തെഴുതുകയുണ്ടായി. ഇതിനുള്ള മറുപടിയിലാണ് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, അധിര്‍ രഞ്ജന്‍ ചൗധരിയെ രേഖാമൂലം ഇക്കാര്യങ്ങള്‍ അറിയിച്ചത്.
പുതിയ സര്‍ക്കാര്‍ നിലവില്‍വന്നാല്‍ പാര്‍ലമെന്റിന്റെ ആദ്യസമ്മേളനത്തില്‍ തന്നെ സമിതികളെയും തെരഞ്ഞെടുക്കുന്നതാണ് ഇതുവരെയുണ്ടായിരുന്ന കീഴ്‌വഴക്കം. ഇത്തരം സമിതികളില്‍ പ്രതിപക്ഷനിരയിലെ മുഖ്യ പാര്‍ട്ടിക്ക് പ്രധാന പദവികളും നല്‍കും.
എന്നാല്‍, സമിതികള്‍ രൂപീകരിക്കാതെയാണ് നീണ്ട ആദ്യ സെഷന്‍ സമാപിച്ചത്. അതേസമയം, കോണ്‍ഗ്രസിനെ ഒതുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്നും ഇതുവരെ തുടര്‍ന്നുപോന്ന കീഴ്‌വഴക്കങ്ങളുടെ ലംഘനമാണിതെന്നും പാര്‍ട്ടിയുടെ ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.
ബി.ജെ.പിക്ക് പാര്‍ലമെന്റില്‍ നാമമാത്ര പ്രാതിനിധ്യം ഉണ്ടായിരുന്നപ്പോള്‍ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കാന്‍ അടല്‍ ബിഹാരി വാജ്‌പേയിയെ നിയോഗിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.