2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കോണ്‍ഗ്രസ്മുക്ത ഭാരതം നന്ദികെട്ട മുദ്രാവാക്യം

പിണങ്ങോട് അബൂബക്കര്‍

 

 

വിശ്വാസങ്ങളും അവിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും അങ്ങനെ ലോകത്ത് മറ്റൊരിടത്തുമില്ലാത്ത ഭിന്നപരിസരങ്ങളില്‍നിന്ന് ഏകശിലാ ബിംബവല്‍കൃത സമൂഹത്തെ നിര്‍മിച്ചു സ്വാതന്ത്ര്യ സമര സജ്ജരാക്കി വൈദേശികാധിപത്യത്തില്‍നിന്ന് ഇന്ത്യയെ മുക്തമാക്കിയ പാര്‍ട്ടി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസാണ്. സ്വാതന്ത്ര്യസമര കാലഘട്ടങ്ങളില്‍ വൈദേശിക പാദപൂജയും സ്തുതി പാടകരുമായി പണവും പദവിയും നേടിയവരുടെ പിന്മുറക്കാരാണ് ഇന്നിപ്പോള്‍ പല അധികാരസ്ഥാനങ്ങളും കയ്യാളുന്നത്.
രാജ്യം നിര്‍മിച്ച്, രാഷ്ട്രത്തിലെ പൗരന്മാരുടെ അധികാരങ്ങളും അവകാശങ്ങളും ഒന്നിപ്പിച്ചു കുറ്റമറ്റ വിധത്തിലുള്ള ഒരു ഭരണഘടനയുണ്ടാക്കി തകര്‍ക്കപ്പെടാന്‍ കഴിയാത്ത വിധമുള്ള ജനാധിപത്യ സമ്പ്രദായം ഇന്ത്യയില്‍ കൊണ്ടുവന്നു. ഇന്ത്യ ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്ത്യക്കാര്‍ ഭരിക്കണം എന്ന ഉന്നതവും ഉദാത്തവും ഉല്‍കൃഷ്ടവുമായ രാഷ്ട്രീയ ലോജിക് ഭാരതത്തിന് സംഭാവന നല്‍കിയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രക്ഷകരായിത്തീരേണ്ടത് ആ പാര്‍ട്ടി മാത്രമല്ല. എല്ലാ ഭാരതീയരും കോണ്‍ഗ്രസ് പ്രസ്ഥാനവുമായി വൈകാരികമായി കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി കോണ്‍ഗ്രസിന്റെ കൂടി സംഭാവനയാണ്. രാഷ്ട്രത്തിന്റെ മതേതരത്വം കാക്കാന്‍ നിരന്തരം ഓടിനടന്ന് പ്രസംഗിച്ച ശ്രീ. രാഹുല്‍ ഗാന്ധിയെ ഇന്ത്യന്‍ മനസ് പ്രതീക്ഷാപൂര്‍വം സ്വീകരിച്ചപ്പോള്‍ അധികാര-ധന-കുടുംബ താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയ പല കോണ്‍ഗ്രസ് നേതാക്കളും വേണ്ടവിധം പിന്തുണച്ചില്ല.
ലോക്‌സഭാ നേതൃപദവി, കോണ്‍ഗ്രസ് അധ്യക്ഷ പദവി എന്നിവകളില്‍ നിന്നുള്ള ശ്രീ. ഗാന്ധിയുടെ പിന്മാറ്റങ്ങള്‍ പാര്‍ട്ടിയെ അച്ചടക്കം പഠിപ്പിക്കാനുള്ള ഒരു അധ്യാപകന്‍ സ്വീകരിക്കുന്ന നിലപാടായി വേണം കരുതാന്‍. അണികളുണ്ടായിട്ടും കോണ്‍ഗ്രസ് തോറ്റു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കര്‍ണാടകയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ബഹുദൂരം പിറകിലാക്കി കോണ്‍ഗ്രസ് പാര്‍ട്ടി മികച്ച വിജയം നേടി. സമ്പന്നമായ ഈ വോട്ട് ബാങ്കുകള്‍ ചിന്നഭിന്നമാക്കിയത് ബി.ജെ.പിയല്ല. അവര്‍ക്ക് ഇന്ത്യയിലാകമാനം 37 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ആത്മപരിശോധന
തോറ്റവരും ജയിച്ചവരും കാഴ്ചക്കാരും ആത്മപരിശോധന നടത്തണം. ഭാരതം ലോകത്തിനു മുന്‍പില്‍ തലകുനിക്കേണ്ടിവരികയാണ്. യു.എസ് വിദേശകാര്യ വകുപ്പ് ഇന്ത്യയെക്കുറിച്ച് നല്ലതല്ല കണ്ടെത്തിയത്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ജീവനും വെല്ലുവിളിക്കപ്പെടുന്ന രാജ്യമാണ് ഭാരതം. ഈ പട്ടം നമുക്ക് നാണക്കേടാണ്. മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശം മുസ്‌ലിം രാജ്യമായി പാകിസ്താന്‍ വാശിപിടിച്ച് വാങ്ങികൊണ്ടുപോയപ്പോഴും ഇന്ത്യന്‍ നേതൃത്വം ഇന്ത്യ മതേതര രാജ്യമാവണമെന്നതില്‍ ഉറച്ചുനിന്നു. ലോക ജനതക്കിടയില്‍ ഇന്ത്യ ഹിമാലയത്തെക്കാളും ഉയരത്തില്‍ പലപ്പോഴും വളര്‍ന്നു.
ചേരി ചേരാ രാഷ്ട്രങ്ങളുടെ തലപ്പത്തും ഫലസ്തീന്‍ പ്രശ്‌നപരിഹാര മുന്‍പന്തിയിലും ഇന്ത്യന്‍ നേതൃത്വത്തിന് ഇടമുണ്ടായി. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ശ്രീമതി ഇന്ദിരാഗാന്ധി, ഡോ. മന്‍മോഹന്‍സിങ് അങ്ങനെ തലയെടുപ്പുള്ള ലോകനേതാക്കളെ നമുക്ക് നിര്‍മിക്കാനായി. മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ മന്‍മോഹന്‍ സിങ് തന്റെ ഗുരു കൂടിയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്ന മഹാത്മജിയുടെ ആത്മകഥാ പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ തുടക്കത്തില്‍ ഡോ. സുകുമാര്‍ അഴീക്കോട് കുറിച്ചുവച്ച പദാവലിയുണ്ട്: ‘കൈയും കണക്കുമില്ലാത്തത്ര എഴുതുകയും പറഞ്ഞു നടക്കുകയും ചെയ്ത അത്യപൂര്‍വ മഹത്വമാര്‍ന്ന ആശയ സംവേദകനാണ് ഗാന്ധി’. അത്രയൊന്നും ഇല്ലെങ്കിലും 49 കാരനായ രാഹുല്‍ ഗാന്ധി കഴിഞ്ഞ അഞ്ചുവര്‍ഷം നിരന്തരം നിര്‍ഭയം പോരാടിയിട്ടുണ്ട്.
മീഡിയ അവഗണിച്ചപ്പോഴും തന്റെ കുശാഗ്രബുദ്ധിയും കൗശലവും ഉപയോഗിച്ച് സാന്നിധ്യം ഉറപ്പിക്കുകയും റാഫേല്‍ യുദ്ധവിമാന ഇടപാട് ഉള്‍പ്പെടെയുള്ള ഭരണകൂട വീഴ്ചകള്‍ ലോകത്തിന്റെ മുന്നില്‍ കൊണ്ടുവരികയും ചെയ്തുവെന്ന് മാത്രമല്ല, ഇന്ത്യ നേരിടുന്ന മഹാവെല്ലുവിളി ഫാസിസമാണെന്നും അതു തടഞ്ഞുനിര്‍ത്താന്‍ മതേതരത്വമെന്ന ഒറ്റമൂലി മാത്രമേ മാര്‍ഗമുള്ളൂവെന്നും ഒരു അധ്യാപകനെ പോലെ ഭാരതീയരെ പഠിപ്പിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളും ആത്മപരിശോധന നടത്തണം. ‘മോ സമകോന്‍ കുടില ഖല കാമീ ജിന്‍ തനൂ ദിയോ മാഹി ബി സരായോ ഐസൊ നിനക് ഹരാമി’ (എന്നെപ്പോലെ ഒരു പാപി ആരാണുള്ളത് ഞാന്‍ എന്റെ സ്രഷ്ടാവിനെ പോലും ഉപേക്ഷിച്ചിരിക്കുന്നു. അത്രത്തോളം വഞ്ചകനാണ് ഞാന്‍) (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍-എം.കെ ഗാന്ധി, പേജ്:19). ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഏര്‍പ്പാടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മതേതര വിശ്വാസികളും ചില നേതാക്കളും കാണിച്ചത്. രാജ്യത്തിന്റെ ജനാധിപത്യ സങ്കല്‍പ്പങ്ങളോട് ഒട്ടും സന്ധിയാവാന്‍ താല്‍പര്യമില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. ഫാസിസം നൈതികതയെ ഒരു ഘട്ടത്തിലും അടയാളപ്പെടുത്തുന്നില്ല.
1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനവും 1992ലെ ബാബരി മസ്ജിദ് തകര്‍ച്ചയും കോണ്‍ഗ്രസിന്റെ പൊതുവിശ്വാസ്യതയെ ബാധിച്ചു. മതേതര വിശ്വാസികളും മതന്യൂനപക്ഷങ്ങളും രാഷ്ട്രീയ വിചാര അരക്ഷിതാവസ്ഥയ്ക്ക് വിധേയരായി. പല പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനനത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൊതുബോധം തകരുന്നതിനും ഇത് കാരണമായി.
ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുമ്പോള്‍ അയോധ്യയില്‍ കൊണ്ടുവച്ച രാമവിഗ്രഹം എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ട ആര്‍ജവം രാജീവ് ഗാന്ധിക്ക് ഉണ്ടായില്ല. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ശിലാന്യാസത്തിന് അനുമതി നല്‍കുകയാണുണ്ടായത്. ബി.ജെ.പിക്കാരനായ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ ഒത്താശയില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹറാവു രാജനീതി നിര്‍വഹിച്ചതുമില്ല. പാളിച്ചകളും പിഴവുകളും നികത്തി രാജ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്താനും രാജ്യത്തിന്റെ ഭരണഘടന കാക്കാനും കോണ്‍ഗ്രസ് പാര്‍ട്ടിയോളം സാധ്യതയുള്ള ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയില്‍ വേറയില്ല.

പൊലിസ് കൊല
വടക്കേ ഇന്ത്യയില്‍ പരക്കെ പൊലിസ് കൊല റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. വ്യാജ ഏറ്റുമുട്ടലും പതിവാണ്. പൊലിസ് സേനക്ക് പേരുദോഷം വരുത്താത്ത ഇന്ത്യന്‍ സംസ്ഥാനങ്ങളും കുറയും. ബ്രിട്ടനില്‍ പൊലിസ് അങ്കിള്‍ സാര്‍ എന്ന വിളിപ്പേരിലാണ് അറിയപ്പെടുക. എന്നുവച്ചാല്‍ ഒരു ബഹുമാന്യ സ്ഥാനമാണ് പൊലിസുകാര്‍ക്ക് അവിടെ. തൊപ്പിക്കും കുപ്പായത്തിലും കിട്ടിയ അംഗീകാരമല്ല അത്. പെരുമാറ്റത്തിനും പ്രവൃത്തിക്കും കിട്ടിയ ആദരവാണത്. കേരള പൊലിസില്‍ മാഫിയാവല്‍ക്കരണം മൂര്‍ധന്യ ദശയിലാണ്.
‘പൊലിസെല്ലാം ചെറ്റകളല്ല പൊലിസില്‍ ചില ചെറ്റകളുണ്ട്’ ഈ മുദ്രാവാക്യം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ നാം കേട്ടുതുടങ്ങി. മാറ്റങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായില്ല. അടുത്തൊന്നും ഉണ്ടാകുമെന്ന് പ്രതീക്ഷയുമില്ല. കാരണം, പൊലിസ് ഭരണവര്‍ഗത്തിനും പണക്കാര്‍ക്കും ദാസ്യം ചെയ്യുന്നവരായി മാറി. അടിച്ചമര്‍ത്താനുള്ള ഉപകരണങ്ങളായി ഭരണകൂടങ്ങള്‍ പൊലിസ് സേനയെ ഉപയോഗപ്പെടുത്തി.
1969കളില്‍ നക്‌സല്‍ ബാരി(മാവോയിസ്റ്റ്) സായുധ വിപ്ലവത്തിന്റെ പേരില്‍ കേരളത്തിലെ മനുഷ്യക്കുരുതി മറന്നിട്ടുണ്ടാവില്ല ആരും. തൃശ്ശിലേരിയിലെ പാവപ്പെട്ട ചായ കച്ചവടക്കാരന്‍ ചേക്കുവിന്റെ നിറമാറിലേക്ക് വിപ്ലവം വരാന്‍ നിറയൊഴിച്ച നക്‌സല്‍ നേതാവ് വര്‍ഗീസിനെ പൊലിസ് പിടികൂടി, പിന്നീട് വെടിവച്ചുകൊന്നു. 1975 ആഭ്യന്തര അടിയന്തരാവസ്ഥ കാലം കോഴിക്കോട്ടെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി രാജനെ പിടിച്ചുകൊണ്ടുപോയി കുറ്റ്യാടിയിലെ കക്കയം മര്‍ദക ക്യാംപില്‍ ഉലക്കവച്ച് ഉരുട്ടിക്കൊന്നു.
പിതാവ് വിദ്യാസമ്പന്നനായ പ്രൊഫസര്‍ ഈച്ചര വാര്യര്‍ ഒരു പുരുഷായുസ് മുഴുവനും നീതിക്കുവേണ്ടി നിയമപോരാട്ടം നടത്തി. അക്കാലത്ത് നട്ടുച്ച നേരത്തും തൊണ്ട പൊട്ടുമാറുച്ചത്തില്‍ പൊലിസ് രാജിനെതിരേ മുദ്രാവാക്യം വിളിച്ചിരുന്ന സംഘടനയാണ് കെ.എസ്.വൈ.എഫ്. (കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷന്‍) പേര് മാറ്റിയാണ് പിന്നീട് ഡി.വൈ.എഫ്.ഐ ആയത്. ഈ സംഘടനയെ നയിച്ചവരും മുദ്രാവാക്യം വിളിച്ചവരും അടി കിട്ടിയവരും പിന്നീട് ഭരണത്തിലെത്തി.
നേതാക്കളുടെ ധനസ്ഥിതി മാറി. പൊലിസ് നയവും നിലപാടും മാത്രം മാറിയില്ല. നിക്കര്‍ മാറി, കുപ്പായം മാറി, ശമ്പള സ്‌കെയില്‍ മലവെള്ളം പോലെ മാറി, പൊലിസ് ഇപ്പോഴും പഴയ പൊലിസ് തന്നെ. റാസ്‌ക്കല്‍ വിളിയും വലിയച്ഛന്റെ പ്രായമുള്ളവരെ താന്‍ വിളിയും ഇപ്പോഴും തുടരുകയാണ്.
വി.എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി യോഗം ചേര്‍ന്ന് തലങ്ങും വിലങ്ങും ചര്‍ച്ച നടത്തി. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ആഭ്യന്തരവും വിജിലന്‍സും മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ പറ്റില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു. അങ്ങനെയാണ് കോടിയേരി ആഭ്യന്തര മന്ത്രിയായത്. പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ കൂടിയ യോഗത്തില്‍ പല്ലുകൊഴിഞ്ഞ കടുവയായി കിട്ടിയ ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ (കാബിനറ്റ് റാങ്ക് സഹിതം) തൃപ്തിപ്പെട്ട് കാറും വീടും പണവും സ്വീകരിച്ചു ചുരുണ്ടുകൂടി.
പൊലിസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ചേരിതിരിഞ്ഞ് പരസ്പരം തല്ലിയപ്പോള്‍ സേനയിലെ ആഭ്യന്തര അച്ചടക്കവും മാന്യതയും പമ്പകടന്നു. രാഷ്ട്രീയവല്‍ക്കരണം, ക്രിമിനല്‍ വല്‍ക്കരണം, പോക്കറ്റടി (കൈക്കൂലി), ധനകൊള്ള ഇതൊക്കെയാണ് പൊലിസിന്റെ മൂല്യബോധം തകര്‍ത്തുകളഞ്ഞത്. എന്ത് തോന്നിവാസം കാണിച്ചാലും മുകളില്‍ രക്ഷിക്കാന്‍ ആളുണ്ടെന്നബോധം പൊലിസ് സേനയെ കൂടുതല്‍ അപമാനിതരാക്കി. ഉടുമ്പുഞ്ചോലയിലെ എം.എം മണിയാശാന്‍ ഇടുക്കി എസ്.പിയെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നത് ഇതിനോട് ചേര്‍ത്തു വായിക്കണം.
നെടുങ്കണ്ടം ഉരുട്ടിക്കൊലയാണോ തല്ലിക്കൊലയാണോ എന്നുപോലും ഇതുവരെ വ്യക്തമായിട്ടില്ല. രാജ്കുമാര്‍ എന്ന ചെറുപ്പക്കാരനെ നാലുദിവസം സ്റ്റേഷനില്‍ കൊണ്ടുപോയി മാറിമാറി പെരുമാറി. ചികിത്സയും ഭക്ഷണവും വെള്ളവും നിഷേധിച്ച് മൃഗീയമായി കൊന്നവര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ ഭരണകൂടം വേഗതയും ജാഗ്രതയും കാണിച്ചില്ല.
ഏതൊരു പൗരനെയും അറസ്റ്റ് ചെയ്യാന്‍ ചില വ്യവസ്ഥകളുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ നിശ്ചിത സമയ പരിധിയുമുണ്ട്. നിയമപുസ്തകത്തില്‍ ഇതെല്ലാം ഉണ്ടെങ്കിലും നിയമപാലകര്‍ അത് പാലിച്ചുകാണുന്നില്ല. സംസ്ഥാന നിയമസഭയില്‍ നാലുതവണ ഇതുസംബന്ധിച്ച് പ്രതിപക്ഷ ബഹളം നടന്നു. കര്‍ശന നടപടിയെടുക്കും, മുന്‍ഗവണ്‍മെന്റുകളുടെ കാലത്തും ഈ മാതിരി കൊലകള്‍ നടന്നിട്ടുണ്ട്… ഇതൊക്കെയാണ് പരിഷ്‌കൃത കാലത്തും മുഖ്യമന്ത്രി പറഞ്ഞ മറുപടി.
രാഷ്ട്രീയക്കാര്‍ക്ക് ചര്‍മസമ്പത്ത് കുറച്ചധികമാണെന്ന് നാടന്‍ വര്‍ത്തമാനമുണ്ട്. എന്തുകൊണ്ട് നമ്മുടെ പൊലിസ് സേന വിമലീകരിച്ചുകൂടാ. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയും ഭര്‍തൃമതിയുമായ പൊലിസുകാരിയെ കാറിടിച്ചു വീഴ്ത്തി കുത്തിമുറിവേല്‍പ്പിച്ച് പെട്രോളൊഴിച്ച് കൊല നടത്തിയത് ഒരു പൊലിസുകാരനാണ്. നമ്മുടെ പൊലിസ് സേനയില്‍ ക്രിമിനലുകള്‍ ഏതു വഴിയാണ് കടന്നുവന്നത്.
മാറണം, മാറ്റണം, തിരുത്തണം ഈ ചിന്ത ഉടലെടുക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നാണ്. ഏതു കക്ഷി ഭരിച്ചാലും കാക്കിയും ലാത്തിയും ഉപയോഗപ്പെടുത്തി വരുന്നതാണ് പ്രഥമമായി മാറ്റം വരുത്തേണ്ടത്. നാലക്ഷരം പഠിച്ച് കൃത്യമായ നെഞ്ചളവും മസിലുകളും മാത്രം പോരാ പൊലിസും പട്ടാളവും ആവാനുള്ള യോഗ്യത. ക്രിമിനല്‍ പശ്ചാത്തലം, മനഃശാസ്ത്ര സമൂഹശാസ്ത്ര പരിശോധനകള്‍ പൊലിസ്-പട്ടാള സേനയിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ പാലിച്ചുകാണുന്നില്ല. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകള്‍ നിയമനങ്ങളില്‍ കണ്ടുവരുന്നുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News