2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ഗവർണറുടെ നടപടിക്കെതിരെ ചീഫ് ജസ്റ്റിസിനെ കണ്ട് കോണ്‍ഗ്രസ്

ബംഗളൂരു: ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നറിയിച്ചിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ച നടപടിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. ഗവർണറുടെ നടപടിക്കെതിരായ ഹരജിയുമായാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വീട്ടിലെത്തി കോണ്‍ഗ്രസ് നേതൃത്വം കണ്ടത്. അടിയന്തര പ്രധാന്യത്തോടെ രാത്രി തന്നെ ഹരജി പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഗവർണറുടെ വീട്ടിനു മുന്നില്‍ ശക്തമായ പൊലിസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, കപില്‍ സിബല്‍, വിവേക് തന്‍ഖ, രണ്‍ദീപ് സര്‍ജുവേല എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് നിയമനടപടിക്കൊരുങ്ങുന്ന കാര്യം വ്യക്തമാക്കിയത്. യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതായി കേട്ടുവെന്നും, ഇക്കാര്യത്തില്‍ ഉറപ്പില്ലെന്നും ഗവര്‍ണര്‍ നേരായ മാര്‍ഗത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ മറ്റുനടപടികള്‍ സ്വീകരിക്കുമെന്നും ചിദംബരം പറഞ്ഞിരുന്നു.

സഭയില്‍ ഭൂരിപക്ഷമുള്ള സഖ്യത്തിന്റെ നേതാവായ എച്ച്.ഡി കുമാരസ്വാമിയെ ക്ഷണിക്കുന്നതില്‍ എന്താണ് ഗവര്‍ണര്‍ക്ക് തടസ്സമെന്നും ചിദംബരം ചോദിച്ചു. ഭരണഘടനാ പ്രകാരമുള്ള ഒറ്റ വഴി കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തെ ക്ഷണിക്കുക എന്നതു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ‘മന്‍ കി ബാത്ത്’ ഇപ്പോള്‍ ‘ധന്‍ കി ബാത്ത്’ ആയെന്ന് കപില്‍ സിബല്‍ പറഞ്ഞു.

ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യത്തിന്റെ 117 എം.എല്‍.എമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് നേരത്തെ സമര്‍പ്പിച്ചിരുന്നു. 104 എം.എല്‍.എമാര്‍ മത്രമുള്ള ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്നും എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കോണ്‍ഗ്രസും ജെ.ഡി.എസും ആരോപിച്ചിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.