2018 October 17 Wednesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

കോണ്‍ഗ്രസ് ഇനി നെഹ്‌റുകുടുംബത്തിലെ മൂന്നാം തലമുറയുടെ കൈയ്യില്‍

രാഹുലിനു മുന്‍പില്‍ വെല്ലുവിളി മാത്രം

ന്യൂഡല്‍ഹി: രാഹുലിന്റെ സ്ഥാനാരോഹണത്തോടെ നെഹ്‌റു കുടുംബത്തിലെ മൂന്നാം തലമുറയുടെ കൈയ്യിലേക്കാണ് കോണ്‍ഗ്രസ് നേതൃത്വം എത്തിയത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലേറുകയും പിറകെ കാലാവധി പൂര്‍ത്തിയാക്കാത്ത ജനതാ സര്‍ക്കാരുകള്‍ കേന്ദ്രത്തില്‍ വരികയും ചെയ്ത പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് 1998ല്‍ സോണിയാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദത്തിലെത്തിയത്.
സോണിയ പാര്‍ട്ടിയെ നയിക്കാന്‍ തുടങ്ങിയ ആദ്യ ആറുവര്‍ഷം കേന്ദ്രഭരണത്തില്‍ നിന്ന് കോണ്‍ഗ്രസ് മാറ്റിനിര്‍ത്തപ്പെട്ടെങ്കിലും 2004 മുതല്‍ 14 വരെയുള്ള നീണ്ട പത്തുവര്‍ഷക്കാലം കോണ്‍ഗ്രസിനെ അധികാരത്തിലേറ്റാന്‍ സോണിയക്ക് കഴിഞ്ഞു. എന്നാല്‍ പിന്നീട് ലോക്‌സഭയില്‍ മുഖ്യപ്രതിപക്ഷപദവിക്കുള്ള അവകാശവാദത്തിനുള്ള അംഗബലം പോലുമില്ലാതെ കോണ്‍ഗ്രസ് തകര്‍ന്നു.
2014ലെ പൊതുതെരഞ്ഞെടുപ്പിലേറ്റ പരാജയത്തിനു പിന്നാലെ പഞ്ചാബിലെ മികച്ച വിജയമല്ലാതെ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വകയില്ലെന്നു മാത്രമല്ല ഓരോ സംസ്ഥാനങ്ങളിലും കടുത്ത തിരിച്ചടികള്‍ നേരിടുകയുംചെയ്തിരിക്കെയാണ് രാഹുല്‍ പാര്‍ട്ടിയുടെ തലപ്പത്തെത്തുന്നത്.
പ്രധാനമന്ത്രി മോദിയുടെയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെയും തട്ടകമായി വിശേഷിപ്പിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് രാഹുലിന്റെ സ്ഥാനാരോഹണം. ഈ മാസം 18ന് ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച ശേഷം മാത്രമേ രാഹുല്‍ അധ്യക്ഷപദവിയേറ്റെടുക്കൂ.
ഗുജറാത്തിലും കോണ്‍ഗ്രസ് തിരിച്ചടി നേരിടുകയാണെങ്കില്‍ പാര്‍ട്ടി നേതൃത്വത്തിലെ ചരിത്രപരമായ ഈ തലമുറമാറ്റം നടക്കുന്ന ചടങ്ങിന്റെ ശോഭ കെടുത്തും. അതിനാല്‍ ഗുജറാത്ത് വിജയം രാഹുലിനെ സംബന്ധിച്ചു ജീവന്‍മരണപോരാട്ടമാണ്. തങ്ങളുടെ തട്ടകത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു നേതൃത്വം കൊടുക്കുന്ന മോദിയോടും അമിത്ഷായോടും നേരിട്ടു ഏറ്റുമുട്ടിയാണ് രാഹുല്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്. ഫലം കോണ്‍ഗ്രസിന് അനുകൂലമായാല്‍ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ ചേരിയെ നയിക്കുന്നതും രാഹുലാകും.
രണ്ടുമൂന്നുവര്‍ഷങ്ങളായി അനാരോഗ്യംമൂലം സോണിയാ ഗാന്ധി പാര്‍ട്ടിയുടെ ദൈനംദിനപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
അതിനാല്‍ മൂന്ന് വര്‍ഷമായി ഉപാധ്യക്ഷനായി പ്രവര്‍ത്തിക്കുന്ന രാഹുല്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ പല നിര്‍ണായക തീരുമാനങ്ങളും കൈക്കൊണ്ടിരുന്നത്. 13 വര്‍ഷമായി പാര്‍ലമെന്റിലും രാഹുലിന്റെ സാന്നിധ്യമുണ്ട്.
2014 ലെ ജയ്പൂര്‍ സമ്മേളനത്തിലാണ് രാഹുല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇക്കാലയളവില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി കനത്തപരാജയങ്ങള്‍ രുചിക്കുകയും പാര്‍ട്ടിക്കെതിരായ ആക്രമണം ബി.ജെ.പി ശക്തിപ്പെടുത്തുകയും ചെയ്‌തെങ്കിലും രാഹുല്‍ എല്ലാ ഉത്തരവാദിത്വങ്ങളും സ്വയം ഏറ്റെടുത്തു.
അധികാരത്തിലിരിക്കെ പാര്‍ട്ടിയുടെ മുഖമായി അറിയപ്പെട്ട പലനേതാക്കളും പാര്‍ട്ടി പ്രതിപക്ഷനിരയിലെത്തിയപ്പോള്‍ ഉള്‍വലിഞ്ഞെങ്കിലും രാഹുല്‍ വിട്ടുകൊടുക്കാതെ മോദിയോടും അമിത്ഷായോടും പിടിച്ചുനിന്നു. ഇതിനിടെ ഈയടുത്തായി സോഷ്യല്‍മീഡിയയിലും രാഹുലിന് വന്‍സ്വീകാര്യത ലഭിച്ചു.
രാഹുലിന്റെ ട്വീറ്റുകളും പ്രസംഗങ്ങളും പതിവില്‍കവിഞ്ഞു ചര്‍ച്ചയാവുകയുംചെയ്തു. ഇതോടെ നേരത്തെ രാഹുലിനെ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്ത മോദിയും അമിത്ഷായും ഇപ്പോള്‍ അദ്ദേഹത്തെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി. രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് മോദിക്കും അമിത്ഷാക്കും പുറമെ കേന്ദ്രമന്ത്രിമാരും മറുപടി കൊടുത്തുതുടങ്ങി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.