2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ തോന്നിയ പോലെ വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന പ്രവണതക്ക് കൂച്ചുവിലങ്ങിടാന്‍ റെഗുലേറ്ററി അതോറിറ്റി: എം.കെ രാഘവന്‍ എം.പി

  • കാലാവധി കഴിഞ്ഞിട്ടും വിദേശ ജയിലുകളില്‍ കഴിയുന്നതും തൊഴില്‍ പ്രശ്‌നങ്ങളില്‍ പെടുന്നതുമായ ഇന്ത്യക്കാര്‍ക്ക് നിയമസഹായത്തിനായി ലീഗല്‍ സെല്‍
  • എംബസികളില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് പുനഃക്രമീകരിക്കല്‍
  • പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സഊദിയില്‍ പ്ലസ്ടുവിനു ശേഷം ഉപരിപഠനം
  • മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും

റിയാദ്: ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രവാസികള്‍ക്ക് ഏറെ ഗുണകരകമാകുന്ന കാര്യങ്ങള്‍ കൊണ്ടുവരുമെന്നും കോഴിക്കോട് എം.പി എം.കെ രാഘവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംബന്ധിക്കാന്‍ റിയാദിലെത്തിയ അദ്ദേഹം പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. വിദേശങ്ങളില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുക, വിമാന നിരക്ക് ഏകീകരിക്കാന്‍ പ്രത്യേക റെഗുലേറ്ററ്ററി അതോറിറ്റി രൂപീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന കാര്യങ്ങളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ വിവിധ പ്രവാസി വിഷയങ്ങളില്‍ കോണ്‍ഗ്രസ് പരിഹാരം കാണും. സാം പിത്രോഡയുടെ നേതൃത്വത്തിലുള്ള നേതൃത്വം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട പ്രവാസി വിഷയങ്ങള്‍ പഠിച്ചു വരികയാണ്. വിദേശത്തു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ തൂക്കി നോക്കുന്ന നടപടി വളരെ നാണക്കേടാണ്. പൂര്‍ണമായും സൗജന്യമായി നാട്ടില്‍ എത്തിക്കുകയാണ് വേണ്ടത്. അതാതിടങ്ങളിലെ എംബസിയുടെ ചുമതലയിലാക്കുമെന്നും ഇത് കോണ്‍ഗ്രസ് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തോന്നിയ പോലെ വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന പ്രവണതക്ക് കൂച് വിലങ്ങിടാന്‍ ട്രായ് മാതൃകയില്‍ സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കും. ഗള്‍ഫ് പ്രവാസികളെ പിഴിയുന്ന വിമാനകമ്പനികള്‍ കൊള്ള അവസാനിപ്പിക്കണം. ഈ വിഷയത്തില്‍ രണ്ടു വര്‍ഷം മുന്‍പ് ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാലാവധി കഴിഞ്ഞിട്ടും വിദേശ ജയിലുകളില്‍ കഴിയുന്നതും തൊഴില്‍ പ്രശ്‌നങ്ങളില്‍ പെടുന്നതുമായ ഇന്ത്യക്കാര്‍ക്ക് നിയമ സഹായം നല്‍കാനായി ലീഗല്‍ സെല്‍ സ്ഥാപിക്കല്‍, എംബസികളില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് പുനഃക്രമീകരിക്കല്‍, എന്‍.ഡി.എ നിര്‍ത്തലാക്കിയ കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയം തിരികെ കൊണ്ടുവരല്‍, പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സഊദിയില്‍ പ്ലസ്ടുവിനു ശേഷം ഉപരിപഠനം സാധ്യമാക്കല്‍ തുടങ്ങിയവയൊക്കെ കോണ്‍ഗ്രസ് വാഗ്ദാനങ്ങളാണെന്നും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ശബരിമലക്ക് വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് സമ്മര്‍ദ്ദം ചെലുത്തുമെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടുക തന്നെ വേണമെന്നും അത് തകര്‍ക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സമീപനം ശരിയല്ലെന്നും എം.പി കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി സെക്രട്ടറി അഡ്വ: പ്രവീണ്‍ കുമാര്‍, പ്രവര്‍ത്തക സമിതിയംഗം പി.എം നിയാസ്, ഒ.ഐ.സി.സി ഭാരവാഹികളായ നവാസ് വെള്ളിമാടുകുന്ന്, പി.എം നജീബ്, ഷഫീഖ് കിനാലൂര്‍, കരീം കൊടുവള്ളി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.