2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

കശ്മീര്‍ വിഷയത്തിലും ഒറ്റ നിലപാടെടുക്കാന്‍ കോണ്‍ഗ്രസിനായില്ല; വിപ്പ് കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ചീഫ്‌വിപ്പ് രാജിവച്ചു

  • കോണ്‍ഗ്രസ് നിലപാട് ആത്മഹത്യാപരമെന്നു പറഞ്ഞാണ് ചീഫ് വിപ്പ് രാജിവച്ചത്‌

 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലകൊണ്ട കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ ചീഫ് വിപ്പ് രാജിവച്ചു. കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദമായിരുന്ന ഭുബനേശ്വര്‍ കാലിറ്റയാണ് രാജ്യസഭയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്.

അസമില്‍ നിന്നുള്ള മുതിര്‍ന്ന അംഗമാണ് ഭുബനേശ്വര്‍. രാജ്യ താല്‍പര്യത്തിന് വിരുദ്ധമായാണ് കോണ്‍ഗ്രസ് നിലപാടെടുത്തതെന്ന് രാജിവച്ച ശേഷം അദ്ദേഹം പറഞ്ഞു. ‘കശ്മീര്‍ വിഷയത്തില്‍ വിപ്പ് നല്‍കാന്‍ തന്നോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പക്ഷെ, വിപ്പ് രാജ്യവികാരത്തിന് വിരുദ്ധമാണെന്നതാണ് വാസ്തവം. ഈ ആശയത്തിലൂടെ കോണ്‍ഗ്രസ് ആത്മഹത്യ ചെയ്തിരിക്കുകയാണ്. അതിന്റെ ഭാഗമാവാന്‍ എനിക്കാവില്ല’- അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ സര്‍ക്കാരിനെതിരെ ശക്തമായ രീതിയിലാണ് കോണ്‍ഗ്രസ് ഇരുസഭകളിലും പ്രതികരിച്ചത്. ‘ഇന്ത്യയുടെ തല അറുത്തിരിക്കു’കയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയില്‍ പറഞ്ഞു.

ഓരോ ബില്ല് അവതരിപ്പിക്കുമ്പോഴും കോണ്‍ഗ്രസ് ഐക്യം തകരുകയും ഓരോരുത്തരായി പുറത്തുപോവുകയും ചെയ്യുന്ന കാഴ്ചയാണ് അടുത്തിടെ കാണുന്നത്. കഴിഞ്ഞയാഴ്ച രാജ്യസഭയില്‍ നിന്ന് സഞ്ജയ് സിങും രാജിവച്ചിരുന്നു. ഇതോടെ 245 അംഗ സഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 46 ആയി ചുരുങ്ങിയിരിക്കുകയാണ്. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുണ്ടായിരുന്ന രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കാന്‍ ബി.ജെ.പിക്ക് ഇത് ഏറെ ഗുണമാവുകയും ചെയ്തു. ഒടുവില്‍, കശ്മീര്‍ പുന:സംഘടനാ ബില്‍ അവതരിപ്പിച്ചപ്പോള്‍ 61 പേരുടെ എതിര്‍പ്പുണ്ടായപ്പോള്‍ 125 പേര്‍ സര്‍ക്കാരിനൊപ്പമുണ്ടായിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.