2019 May 19 Sunday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

കോണ്‍ഗ്രസ് പട്ടിക ഇന്ന്; ജോസഫിന് സീറ്റില്ല

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് ഡല്‍ഹിയില്‍ പുറത്തിറക്കും. ഇന്നലെ നടന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് എട്ട് സീറ്റുകളിലെ തര്‍ക്കങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കണ്ടെത്താനായില്ല.
ഇടുക്കി സീറ്റില്‍ പി.ജെ ജോസഫിനും വടകരയില്‍ കെ.കെ രമയ്ക്കും പിന്തുണ നല്‍കേണ്ടെന്നാണ് തീരുമാനം. സിറ്റിങ് സീറ്റായ എറണാകുളത്തും പത്തനംതിട്ടയിലും അനിശ്ചിതത്വം തുടരുന്നു. എറണാകുളത്ത് കെ.വി തോമസിനും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയ്ക്കുമെതിരേ ശക്തമായ എതിരഭിപ്രായമുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍വാസ്‌നിക്ക് ചര്‍ച്ചയ്ക്കിടെ കെ.വി തോമസിനെ വിളിച്ചുവരുത്തി സംസാരിച്ചു. പാര്‍ട്ടി പറയുന്നത് അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്ന് തോമസ് പ്രതികരിച്ചു.
ഇടുക്കിയില്‍ പൊതുസ്വതന്ത്രനായി പി.ജെ ജോസഫിനെ മത്സരിപ്പിക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെയാകും മത്സരിക്കുക എന്നുറപ്പായി. ഡീന്‍ കുര്യാക്കോസ്, ജോസഫ് വാഴയ്ക്കന്‍, പി.സി ചാക്കോ എന്നിവര്‍ക്ക് ഇവിടെ താല്‍പര്യമുണ്ട്. വടകരയില്‍ സിറ്റിങ് എം.പിയും കെ.പി.സി.സി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വീണ്ടും മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്.
ആലപ്പുഴയില്‍ കെ.സി. വേണുഗോപാലിന് പകരം നേരത്തേ ആറ്റിങ്ങലില്‍ പരിഗണിക്കപ്പെട്ട അടൂര്‍ പ്രകാശിനാണ് മുന്‍തൂക്കം. അടൂര്‍ പ്രകാശാകട്ടെ ആറ്റിങ്ങലില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇത്തവണ മത്സരത്തില്‍നിന്ന് ഒഴിവാക്കണമെന്ന് ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനം ഇന്നത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തശേഷമാകാമെന്നാണ് രാഹുലിന്റെ നിലപാട്.
സ്ഥാനാര്‍ഥി പട്ടിക വൈകുന്നത് കോണ്‍ഗ്രസിന് ഒരു തരത്തിലുമുള്ള കോട്ടത്തിന് ഇടയാക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.