
ബംഗളൂരു: സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ പ്രഖ്യാപനത്തിനു പിന്നാലെ, ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍. വിമത എം.എല്‍.എമാരെ തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇതിന്റെ ഭാഗമായി കര്‍ണാടക ജലമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ വിമത എം.എല്‍.എ എം.ടി.ബി നാഗരാജുമായി കൂടിക്കാഴ്ച നടത്തി. പുലര്‍ച്ചെ അഞ്ചു മണിയോടെ നാഗരാജിന്റെ വീട്ടിലെത്തിയ ശിവകുമാര്‍ മൂന്നര മണിക്കൂര്‍ നേരം കൂടിക്കാഴ്ച നടത്തി. പിന്നാലെ, അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്ന സൂചനയും നല്കി.
18 എം.എല്‍.എമാര്‍ രാജിവച്ച് കടുത്ത പ്രതിസന്ധിയിലായിരിക്കേയാണ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട്, വിശ്വാസവോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്നും സമയം നിശ്ചയിക്കൂയെന്നും കുമാരസ്വാമി സഭയില്‍ പ്രഖ്യാപിച്ചത്. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ അവരിലെ തന്നെ കരിങ്കാലികളെ ബി.ജെ.പിക്ക് പേടിയാണെന്ന് മുന്‍ മുഖ്യമന്ത്രി കെ. സിദ്ധരാമയ്യയും പറഞ്ഞിരുന്നു.
ഡി.കെ ശിവകുമാറുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ, കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തയ്യാറാണെന്ന സൂചനയാണ് നാഗരാജ് നല്‍കുന്നത്. താന്‍ സുധാകര്‍ റാവുവുമായി സംസാരിച്ച് വേണ്ടത് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാറ്റിനും മേലെ, താന്‍ പതിറ്റാണ്ടുകളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നുവെന്നും നാഗരാജ് പറഞ്ഞു.
നാഗരാജിനൊപ്പം ജൂലൈ പത്തിന് രാജി സമര്‍പ്പിച്ച കോണ്‍ഗ്രസ് എം.എല്‍.എയാണ് സുധാകര്‍ റാവു.
നാഗരാജ് നമ്മോടൊപ്പമുണ്ടാവുമെന്ന് ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം ഡി.കെ ശിവകുമാറും പറഞ്ഞു.