2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും പ്രമേയം പാസാക്കണം


 

പൗരത്വനിയമ ഭേദഗതിക്കെതിരേ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം ഇതിനകം ഇന്ത്യയൊട്ടാകെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഈ നിയമത്തിനെതിരേ ആദ്യം സമരം ചെയ്തതും ആദ്യം സുപ്രിംകോടതിയെ സമീപിച്ചതും കേരളവും കേരളത്തില്‍നിന്നുള്ള മുസ്‌ലിംലീഗ് എം.പിമാരുമായിരുന്നു. സമരത്തിന്റെ നെടുനായകത്വം കേരളത്തിന്റെ കരങ്ങളില്‍ തന്നെയാണ് എന്നതിലെ വെപ്രാളമാണ് ബി.ജെ.പി നേതാക്കളെയും ബി.ജെ.പി ഭരണകൂടത്തെയും കേരളത്തിനെതിരേ തിരിയാന്‍ പ്രേരിപ്പിക്കുന്നത്. ബി.ജെ.പിയുടെ കോടാലിക്കൈ ആയി പ്രവര്‍ത്തിക്കുന്ന, ബി.ജെ.പിയിലെ മുതിര്‍ന്ന അബ്ദുല്ലക്കുട്ടിയായ ഗവര്‍ണറുടെ നടപടികളും ഈ പ്രതലത്തില്‍നിന്ന് വേണം കാണാന്‍.
കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വിലപോലും ഉണ്ടാവില്ലെന്ന് ആദ്യത്തില്‍ പ്രതികരിച്ച ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ പ്രമേയത്തിനെതിരേ തിരിഞ്ഞിരിക്കുന്നത് എന്തിനാണ്? പ്രമേയം അത്ര നിരുപദ്രവമല്ല എന്ന തിരിച്ചറിവില്‍നിന്ന് തന്നെയായിരിക്കണം കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് കേരളത്തില്‍ തിടുക്കപ്പെട്ട് എത്തി പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്. ബി.ജെ.പി എം.പി രാജ്യസഭയില്‍ മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘന നോട്ടിസ് നല്‍കിയിരിക്കുന്നു. ഇന്നലെ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയക്കാരന്റെ കുപ്പായമണിഞ്ഞ് പ്രമേയത്തിനെതിരേ വാളെടുത്തിരിക്കുകയാണ്. പ്രമേയത്തിന് അതെഴുതിയ കടലാസിന്റെ വിലയില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇവര്‍ കൂട്ടമായി പ്രമേയത്തെ വിമര്‍ശിക്കാന്‍ ഇറങ്ങിയിരിക്കുന്നത്?
പ്രമേയം ഭരണഘടനാവിരുദ്ധവും നിയമസാധുതയും ഭരണഘടനാസാധുതയും ഇല്ലെന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരിക്കുന്നത്. നിയമം ഒരുതരത്തിലും കേരളത്തെ ബാധിക്കുകയില്ലെന്നും അദ്ദേഹം സമാശ്വസിപ്പിക്കുന്നുണ്ട്. നിയമം ഇത്രമേല്‍ നിരുപദ്രവമാണെങ്കില്‍ പ്രമേയത്തെ കടലാസിന്റെ വിലയിലേക്ക് തള്ളിക്കളയുകയായിരുന്നില്ലേ വേണ്ടിയിരുന്നത്. ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശത്താലാണ് കേരള നിയമസഭ ഇത്തരമൊരു പ്രമേയം പാസാക്കിയതെന്നും ചരിത്ര കോണ്‍ഗ്രസിന് ക്രിമിനല്‍ ലക്ഷ്യമാണുണ്ടായിരുന്നതെന്നും പറയാന്‍ അദ്ദേഹം മറന്നില്ല. ചരിത്ര കോണ്‍ഗ്രസ് കോണ്‍ഫറന്‍സില്‍ ഉണ്ടായ തിരിച്ചടിയുടെ മുറിവ് ഇപ്പോഴും ഗവര്‍ണറില്‍ ഉണ്ട് എന്നര്‍ഥം.
ചരിത്ര കോണ്‍ഗ്രസ് വേദിയെ സംഘ്പരിവാറിന്റെ രാഷ്ട്രീയ വിശദീകരണത്തിനുള്ള വേദിയാക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ ശ്രമം പ്രമുഖ ചരിത്രകാരനും ചരിത്ര കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായ ഇര്‍ഫാന്‍ ഹബീബും സമ്മേളന പ്രതിനിധികളും ചേര്‍ന്ന് പരാജയപ്പെടുത്തിയതിന്റെ ജാള്യം ഗവര്‍ണറില്‍നിന്ന് ഇപ്പോഴും ഒഴിഞ്ഞുപോയിട്ടില്ല.
കേരളത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഗവര്‍ണര്‍മാര്‍ ഇത്ര പരസ്യമായി രാഷ്ട്രീയക്കാരെപോലെ മൈതാന പ്രസംഗം നടത്താന്‍ തുനിഞ്ഞിട്ടില്ല. ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിന്റെ ഗവര്‍ണറായി അയച്ചത് സംഘ്പരിവാര്‍ നേതൃത്വം ഈ ലക്ഷ്യസാക്ഷാത്ക്കരണത്തിന് വേണ്ടിയാകണം. തന്റെ സംഘ്പരിവാര്‍ കൂറ് സംശയിക്കപ്പെടുമോ എന്ന ആശങ്ക ആരിഫ് മുഹമ്മദ് ഖാനെയും അലട്ടുന്നുണ്ടാകണം. എ.പി അബ്ദുല്ലക്കുട്ടിയുടേത് പോലുള്ള ഒരു രാഷ്ട്രീയ ഭൂതകാലമാണല്ലോ അദ്ദേഹത്തിന്റേതും.
ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലന്‍ ഒഴികെ കേരള നിയമസഭ ഒറ്റക്കെട്ടായി പൗരത്വനിയമ ഭേദഗതി പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും ഭരണകൂടത്തിനും അത് ഞെട്ടലുണ്ടാക്കി എന്നത് യാഥാര്‍ഥ്യം. കേരളത്തിന്റെ വഴി പഞ്ചാബും ബംഗാളും പിന്തുടരുമോ എന്ന വേവലാതിയില്‍നിന്നാണ് സംസ്ഥാനം പാസാക്കിയ പ്രമേയത്തിനെതിരേ വാശിയോടെ ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
ഈയൊരു സന്ദര്‍ഭത്തില്‍ മറ്റു സംസ്ഥാനങ്ങളും കേരളത്തിന്റെ വഴിയെ നീങ്ങാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാല്‍ ബി.ജെ.പി ഭരണകൂടത്തിന് അതൊരു തിരിച്ചടി തന്നെയായിരിക്കും. രാജ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ ഇതിനകംതന്നെ പൗരത്വനിയമ ഭേദഗതിയും പൗരത്വപ്പട്ടികയും നടപ്പിലാക്കുകയില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സക്രിയമായ നേതൃത്വമാണ് പൗരത്വനിയമ ഭേദഗതിക്കെതിരേ നടത്തുന്നത്. ജില്ലകള്‍തോറും ഇന്നലെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ കീഴില്‍ ലോങ് മാര്‍ച്ച് നടത്തുകയുണ്ടായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം നടത്തിയ സത്യഗ്രഹ സമരമാണ് കേരളീയ ജനതയെ സമരത്തിന്റെ അടര്‍ക്കളത്തില്‍ തളരാതെ നില്‍ക്കാന്‍ കരുത്ത് നല്‍കിയത്. പ്രതിപക്ഷവും ഭരണപക്ഷവും സഹകരിച്ച് സമരം നടത്താനുള്ള രമേശ് ചെന്നിത്തലയുടെ നിര്‍ദേശം കേരളത്തിന് സമരത്തിന്റെ അടര്‍ക്കളത്തില്‍ ഇറങ്ങാനുള്ള നിമിത്തമായിത്തീരുകയായിരുന്നു.
ഈയൊരവസരത്തില്‍ ഇതരസംസ്ഥാനങ്ങള്‍ ഭരിക്കുന്ന കോണ്‍ഗ്രസ് ഭരണകൂടങ്ങളും കേരളത്തിന്റെ മാതൃക പിന്‍പറ്റി പൗരത്വനിയമ ഭേദഗതിക്കെതിരേയും പൗരത്വപ്പട്ടികക്കെതിരേയും പ്രമേയം പാസാക്കേണ്ടതാണ്. ഭരണഘടനാ വിരുദ്ധമായ ഒരുതീരുമാനം നിയമമായാല്‍പോലും അംഗീകരിക്കേണ്ടതില്ല എന്ന സത്യം ഇവിടെ അന്തര്‍ലീനമായിരിക്കുമ്പോള്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പി ഇതരസര്‍ക്കാരുകള്‍ ആണെന്നിരിക്കെ, ആ സംസ്ഥാനങ്ങളൊക്കെയും കേരളത്തിന്റെ മാതൃക പിന്‍പറ്റി പ്രമേയം പാസാക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്മേല്‍ ഇതിന് വേണ്ടിയുള്ള ശ്രമമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് ഉണ്ടാകേണ്ടത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് ഈ സമരത്തിന് ക്രിയാത്മകമായ നേതൃത്വം നല്‍കേണ്ടതും.
ഭൂരിപക്ഷം സംസ്ഥാനങ്ങളും കേരളത്തിനൊപ്പം പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കുകയാണെങ്കില്‍ ബി.ജെ.പി പ്രതീക്ഷിക്കാത്ത പ്രഹരം തന്നെയായിരിക്കുമത്. ഭൂരിപക്ഷത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഭരണഘടനാ വിരുദ്ധമായ ഒരു നിയമം പൗരന്റെമേല്‍ അടിച്ചേല്‍പ്പിച്ചാല്‍ ഭരണഘടനയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിച്ച് പ്രസ്തുത നിയമത്തിനെതിരേ സംസ്ഥാന നിയമസഭകള്‍ക്ക് പ്രമേയം പാസാക്കാന്‍ അധികാരമുണ്ട്. അതൊരിക്കലും ഭരണഘടനാ വിരുദ്ധമാകുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.