2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

രാജിയിലുറച്ച് രാഹുല്‍ഗാന്ധി; കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റി യോഗം വൈകീട്ട്‌

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ നിന്ന് രാജിസന്നദ്ധത അറിയിച്ച രാഹുല്‍ഗാന്ധി തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതിന് പിന്നാലെ പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗം ഇന്നു ചേരുന്നു. വൈകീട്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ വാര്‍ റൂമിലാണ് യോഗം. എ.കെ ആന്റണി, ഗുലാംനബി ആസാദ്, പി. ചിദംബരം, അശോക് ഗെഹ്ലോട്ട്, അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ജയ്‌റാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് കോര്‍ കമ്മിറ്റിയംഗങ്ങള്‍. യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയും കമ്മിറ്റിയില്‍ അംഗമാണെങ്കിലും തന്റെ മണ്ഡലമായ റായ്ബറേലിയില്‍ സന്ദര്‍ശനത്തിലായതിനാല്‍ യോഗത്തില്‍ സംബന്ധിക്കില്ല.

കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ നിന്നുള്ള രാഹുലിന്റെ രാജിക്കാര്യത്തില്‍ എന്തുതീരുമാനമെടുക്കുമെന്നതാണ് യോത്തിലെ പ്രധാന അജണ്ട. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന് പിന്നാലെ മെയ് 25ന് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് രാഹുല്‍ രാജിവയ്ക്കുകയാണെന്ന് അറിയിച്ചത്. അതേസമയം, ലോക്‌സഭയില്‍ പാര്‍ട്ടിയുടെ നേതാവായി തുടരുമെന്നും അറിയിച്ചിരുന്നു. രാജി ഉടന്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി തള്ളുകയാണുണ്ടായത്. മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ സമ്മര്‍ദ്ധം ചെലുത്തിയെങ്കിലും രാഹുല്‍ രാജിയില്‍ നിന്ന് പിന്നോട്ടുപോയിരുന്നില്ല. ഒരുവേള നേതാക്കളെ കാണാനും രാഹുല്‍ വിസമ്മതിക്കുകയുണ്ടായി. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ രാഹുല്‍ നേതാക്കള്‍ക്ക് ഒരുമാസത്തെ സമയവും നല്‍കിയിരുന്നു. ഈ കാലാവധി അവസാനിക്കാന്‍ പത്തുദിവസം മാത്രം ശേഷിക്കെയാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടുന്ന കോര്‍ കമ്മിറ്റി ഇന്ന് യോഗം ചേരുന്നത്. 17നു തുടങ്ങുന്ന രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്തെ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ എന്തു നയം സ്വീകരിക്കണമെന്നും യോഗം ചര്‍ച്ചചെയ്യും.

രാഹുല്‍ പദവിയില്‍ തുടരുമെന്നാണ് കോര്‍ കമ്മിറ്റിയംഗങ്ങള്‍ പ്രതീക്ഷിക്കുന്നതെങ്കിലും ഉറച്ചുനില്‍ക്കുകയാണെങ്കില്‍ പകരം ആര് എന്നതും യോഗം ചര്‍ച്ചചെയ്യും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റ്, രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ ജ്യോതിരാദിത്യ സിന്ധ്യ, ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി എന്നിവരുടെ പേരുകളാണ് ഈ പദവിയിലേക്ക് പ്രധാനമായും ഉയരുന്നത്. നെഹ്‌റു- ഗാന്ധി കുടുംബത്തിന്റെ കരങ്ങളില്‍ തന്നെ പാര്‍ട്ടിയുടെ നേതൃത്വം തുടരണമെന്ന് നേതാക്കള്‍ക്കു നിര്‍ബന്ധമുണ്ട്. അങ്ങിനെ വരികയാണെങ്കില്‍ രാഹുല്‍ രാജിയില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രിയങ്ക പകരം വരും. എന്നാല്‍, ഇന്ന് ഇതുസംബന്ധിച്ച പ്രാഥമികചര്‍ച്ച മാത്രമെ വരൂവെന്നും പ്രവര്‍ത്തകസമിയില്‍ മാത്രമെ അന്തിമചര്‍ച്ചയുണ്ടാവൂവെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.