2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമത്വം നടപ്പില്ല; കോണ്‍ഗ്രസിന്റെയും എ.എ.പിയുടെയും തന്ത്രങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പുറത്തുവന്ന സര്‍വേകള്‍ പ്രകാരം കേന്ദ്രത്തില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും തൂക്കുസഭയ്ക്കാണ് സാധ്യതയെന്നുമായിരുന്നു പ്രവചനം. ബി.ജെ.പിക്ക് തനിച്ചു ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ ബി.ജെ.പിയിതര സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷകക്ഷികള്‍ ചര്‍ച്ചയും തുടങ്ങി. ഇതിനുപിന്നാലെ എന്‍.ഡി.എക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നത് പ്രതിപക്ഷകക്ഷികള്‍ക്കു തിരിച്ചടിയാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എക്‌സിറ്റ് ഫലങ്ങള്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടത്താനുള്ള ബി.ജെ.പിയുടെ ആസൂത്രണത്തിന്റെ ഭാഗമാണെന്നും അതിനാല്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്നുമുള്ള നിര്‍ദേശം പ്രതിപക്ഷനേതാക്കള്‍ അണികള്‍ക്ക് നല്‍കിയിട്ടുണ്ട്. എക്‌സിറ്റ് ഫലം പുറത്തുവന്നതിനു പിന്നാലെ തന്നെ ഇത് വിശ്വസിക്കരുതെന്നും വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടക്കാനുള്ള സാധ്യതയുള്ളതിനാല്‍ പ്രതിപക്ഷകക്ഷികള്‍ ഒന്നിച്ചുനില്‍ക്കണമെന്നും ആഹ്വാനവും ഉയരുകയുണ്ടായി. ഈ സാഹചര്യത്തില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടക്കുന്നത് തടയാന്‍ വിവിധ തന്ത്രങ്ങളാണ് പ്രതിപക്ഷം ആസൂത്രണംചെയ്യുന്നത്. പുതിയ സാഹചര്യത്തില്‍ ആത്മവിശ്വാസം കൈവിടരുതെന്നും സൂക്ഷ്മതവേണമെന്നും പ്രതിപക്ഷകക്ഷികള്‍ പൊതുധാരണയിലെത്തിയിട്ടുണ്ട്.
കോണ്‍ഗ്രസും എ.എ.പിയുമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ക്രിയാത്മക നിടപടികള്‍ സ്വീകരിച്ചുവരുന്നത്. യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ 23ന് ഫലപ്രഖ്യാപനത്തിനു ശേഷം ഓരോ ബൂത്തിലെയും വിവരങ്ങള്‍ പാര്‍ട്ടിയുടെ ഡാറ്റ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് (വിവര അവലോകന വകുപ്പ്) അയച്ചുകൊടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടിയുടെ ഡാറ്റ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി പ്രവീണ്‍ ചക്രവര്‍ത്തിയാണ് ഈ നിര്‍ദേശം നല്‍കിയത്.

ഓരോ സ്ഥാനാര്‍ത്ഥികളുടെയും വോട്ടുവിവരങ്ങള്‍ അവരുടെ ഏജന്റുമാര്‍ അയച്ചുകൊടുക്കാനാണ് നിര്‍ദേശം. ബൂത്ത് തലത്തില്‍ പരിശോധനനടത്തി കൃത്രിമം നടന്നിട്ടുണ്ടോയെന്ന് മനസിലാക്കാന്‍ ‘ഫോറന്‍സിക് മാതൃക’യിലുള്ള സംവിധാനമാണ് കോണ്‍ഗ്രസ് ഡാറ്റാ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുക്കിയത്. ഇതുവഴി ഏത് ബുത്തിലാണ് ക്രമക്കേട് നടന്നതെന്ന് മനസിലാക്കാനാവും. എന്നാല്‍, ഫലപ്രഖ്യാപനത്തിനു ശേഷമേ ഇതിനു കഴിയൂ.

 

കോണ്‍ഗ്രസ് ഡാറ്റ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി പ്രവീണ്‍ ചക്രവര്‍ത്തി

ഫോം17 (സി), ഫോം 20 എന്നിവ ആധാരമാക്കിയാണ് വിവരങ്ങള്‍ പരിശോധിക്കുക. വോട്ട് നിഹിതം സംബന്ധിച്ച വിവരങ്ങള്‍ പോളിങ്ങിന് ശേഷം റിട്ടേണിങ് ഓഫിസര്‍മാര്‍ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കും. ഓരോ ബൂത്തുകളിലും പോള്‍ ചെയ്ത മൊത്തം വോട്ടുകളുടെയും വോട്ടിങ് യന്ത്രങ്ങളുടെ സീരിയല്‍ നമ്പറുകളും ഇതിലുണ്ടാവും. ഫോം 20 ഫലപ്രഖ്യാപനത്തിന് ശേഷം സ്ഥാനാര്‍ഥിക്ക് നല്‍കുന്നതാണ്. ഓരോ ബൂത്തുകളിലും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകളുടെ വിശദാംസങ്ങളാണ് ഇതിലുണ്ടാവുക. ഫോം 17(സി) വാങ്ങുന്നത് സംബന്ധിച്ച് ആറുനിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ കോണ്‍ഗ്രസ് വിതരണംചെയ്തിട്ടുണ്ട്.
അതേസമയം, എക്‌സിറ്റ് ഫലങ്ങള്‍ 80 ശതമാനവും തെറ്റായിരിക്കുമെന്ന്, അവ പുറത്തുവരുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പേ അഭിപ്രായപ്പെട്ട പ്രവീണ്‍ ചക്രവര്‍ത്തിയുടെ ട്വിറ്റര്‍ കുറിപ്പ് ചര്‍ച്ചയായിട്ടുണ്ട്. 2014ന് ശേഷം വലിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലെല്ലാം നടന്ന 80 ശതമാനം പ്രവചനങ്ങളും തെറ്റായിരുന്നു. രാജസ്ഥാന്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന, ഹരിയാന, കര്‍ണാടക, പഞ്ചാബ്, ബിഹാര്‍, യു.പി, ഗുജറാത്ത്, മഹാരാഷ്ട്ര, ബംഗാള്‍, കേരളം, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പങ്കുവച്ചാണ് കോണ്‍ഗ്രസ് ഡാറ്റ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
വോട്ടിങ് യന്ത്രത്തിലെയും വിവിപാറ്റിലെയും (ആര്‍ക്കാണോ വോട്ട്‌ചെയ്തതെന്ന് വ്യക്തമാക്കുന്ന റസിപ്റ്റുള്ള സംവിധാനം) വോട്ടുകള്‍ തമ്മില്‍ ചെറിയ വ്യത്യാസം ഉണ്ടായാല്‍ പോലും തെരഞ്ഞെടുപ്പ് മൊത്തം റദ്ദാക്കണമെന്ന് ആവശ്യപ്പെടാനിരിക്കുകയാണ് എ.എ.പി. ഇക്കാര്യം പ്രതിപക്ഷകക്ഷികളോടും എ.എ.പി ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകളില്‍ 23ന് രാവിലെ വരെ കാവല്‍ ഇരിക്കാനും 23ന് വോട്ടെണ്ണല്‍ കേന്ദ്രത്തിനു സമീപവും ഉള്ളിലും അസാധാരണ നീക്കങ്ങളോ സംഭവങ്ങളോ ശ്രദ്ധിക്കാനും വോളന്റിയര്‍മാര്‍ക്ക് എ.എ.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്‌ട്രോങ് റൂമില്‍ വോട്ടെണ്ണല്‍ വരെ ശ്രദ്ധയുണ്ടായിരിക്കണമെന്ന് ആര്‍.ജെ.ഡി അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എക്‌സിറ്റ് പോളിന്റെ പേരിലാണ് മാര്‍ക്കറ്റില്‍ എല്ലാം വിറ്റഴിച്ചത്. ആര്‍.എസ്.എസിന്റെ സ്ഥാപനങ്ങളും ഉറവിടങ്ങളും നല്‍കിയ സഹായത്തിലാണ് മാനസികനില തകര്‍ക്കുക എന്ന പഴയ ആയുധമെടുത്ത് മാധ്യമങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. സ്‌ട്രോങ് റൂമില്‍ കണ്ണുണ്ടായിരിക്കുക. വൃത്തികെട്ട കളികള്‍ കളിക്കുന്നതില്‍ വിദഗ്ധരായ ആളുകളുടെ ഈ അടവുകള്‍ വിജയിക്കാന്‍ പോകുന്നില്ല- ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ട്വിറ്ററില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.