2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ധാതു ഖനനത്തിനുള്ള ലൈസന്‍സ് നീട്ടി നല്‍കി; മോദി സര്‍ക്കാരിനെതിരെ ശതകോടികളുടെ അഴിമതിയാരോപണവുമായി കോണ്‍ഗ്രസ്

 

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിനെതിരെ ശതകോടി രൂപയുടെ അഴിമതിയാരോപണമുന്നയിച്ച് കോണ്‍ഗ്രസ്. ചട്ടംലംഘിച്ച് ധാതുഖനനത്തിനുള്ള പാട്ട കാലാവധി നീട്ടിനല്‍കിയതിലൂടെ പൊതുഖജനാവിന് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ധാതു ഖന ഇടപാട് സംബന്ധിച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലേലം നടത്താതെ കാലാവധി നീട്ടിയതെന്തിനെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലേലം നടക്കാത്തത് മൂലം നാലുലക്ഷം കോടിരൂപയാണ് സര്‍ക്കാരിന് നഷ്ടമായത്. ഇതിന് ബി.ജെ.പി ഉത്തരം പറയണമെന്നും പവന്‍ ഖേര ആവശ്യപ്പെട്ടു.

ഖനനത്തിനുള്ള കരാറുകള്‍ 50 വര്‍ഷംവരെയാണ് വര്‍ധിപ്പിച്ചത്. ഇതിനായി മോദി സര്‍ക്കാര്‍ നിയമം മാറ്റിയെഴുതി. 2015ലെ പുതിയ നിമയത്തിന് മുന്‍പുള്ള നിയമം ആണ് ദുരുപയോഗം ചെയ്തത്. ലേലംവിളിയാണ് ധാതു ഖനനത്തിന് വേണ്ടതെന്ന് അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിലപാടെടുത്തെങ്കിലും ഇത് സര്‍ക്കാര്‍ തള്ളുകയാണുണ്ടായത്. 358 ഖനികള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് നീട്ടിനല്‍കി. 288 ഖനികളുടെ ലൈസന്‍സ് നീട്ടി നല്‍കുന്നത് ഇപ്പോഴും പരിഗണനയിലാണ്. ഒരു വ്യവസായിയെ സഹായിക്കാനാണ് മോദി സര്‍ക്കാര്‍ ഇങ്ങനെ നിയമം മാറ്റിയെഴുതിയതെന്നും ഈ വ്യവസായി ആരാണെന്ന് ബി.ജെ.പിതുറന്നുപറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നിയമവിരുദ്ധമായി കാലാവധി നീട്ടി നല്‍കിയ 358 ഖനികളുടെ ഉടമകളില്‍ നിന്ന് ബി.ജെ.പി എത്ര രൂപ സംഭാവനസ്വീകരിച്ചെന്നും അവര്‍ വ്യക്തമാക്കണം. ലേലത്തിലൂടെ മാത്രമേ ഖനനാനുമതി നല്‍കാവൂവെന്ന് സുപ്രിംകോടതി വിവിധ ഘട്ടങ്ങളിലായി വ്യക്തമാക്കിയതാണ്. എന്നാല്‍, ഇതെല്ലാം സര്‍ക്കാര്‍ കാറ്റില്‍പ്പറത്തി. കാലാവധി നീട്ടിനല്‍കിയതില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കിട്ടില്ല. ലേലത്തിലൂടെ സംസ്ഥാനങ്ങള്‍ക്ക് വരുമാനം ലഭിക്കുമായിരുന്നു. എന്നാല്‍, ഫെഡറല്‍ സംവിധാനം ആണ് ഇവിടെയുള്ളതെന്ന് പോലും പരിഗണിക്കാതെ ഇത് പൂര്‍ണമായും ബി.ജെ.പി ഒഴിവാക്കുകയായിരുന്നു- കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

രണ്ടാം മോദി സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആദ്യ അഴിമതി ആരോപണമാണിത്. അഴിമതിവിരുദ്ധ ഭരണം 100 ദിവസത്തെ ഭരണനേട്ടമായി മോദി സര്‍ക്കാ!ര്‍ ഉയര്‍ത്തിക്കാട്ടിയ ദിവസം തന്നെയാണ് കോണ്‍ഗ്രസ് ശതകോടി അഴിമതിയാരോപണവുമായി രംഗത്തുവന്നത്.

Congress accuses Centre of bypassing auction route in renewing mines


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.