2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വാഗ്ദാനം പാലിക്കപ്പെടുന്നു: ദേശീയ ഗെയിംസിലെ 83 മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി

 

  • തീരുമാനം ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന്
  • സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചു ജോലി നല്‍കാന്‍ മന്ത്രിസഭ തീരുമാനം
  • മുഖ്യമന്ത്രി, കായിക മന്ത്രി എന്നിവരുടെ ഉറച്ച നിലപാട് കായിക താരങ്ങള്‍ക്ക് തുണമായി

 

 

യു.എച്ച് സിദ്ദീഖ്

ആലപ്പുഴ: സംസ്ഥാനത്തിന്റെ യശസ് ഉയര്‍ത്തിയ കായിക താരങ്ങളുടെ പോരാട്ടത്തിന് മുഖ്യമന്ത്രിയ്ക്കും കായിക മന്ത്രിക്കും പിന്നാലെ മന്ത്രിസഭയുടെയും അംഗീകരം. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം ജലരേഖയായി മാറാതിരിക്കാന്‍ ഒറ്റക്കെട്ടായി പൊരുതിയ 83 കായിക താരങ്ങള്‍ക്കും ഇത് അഭിമാന നിമിഷം. അവരുടെ കളിക്കളത്തിലെയും പുറത്തേയും പോരാട്ടങ്ങള്‍ വെറുതെയായില്ല. ദേശീയ ഗെയിംസ് ടീം ഇനങ്ങളില്‍ കേരളത്തിന് മെഡല്‍ സമ്മാനിച്ച 83 കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍വീസില്‍ ജോലി നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നല്‍കാനാണ് ഇന്ന് നടന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്.

ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി ഇ.പി ജയരാജനും പ്രത്യേക താല്‍പര്യം എടുത്താണ് കായിക താരങ്ങളുടെ ദുരിത ജീവിതത്തിന് കൈത്താങ്ങ് നല്‍കുന്നത്. കേരളം ആതിഥ്യമേകിയ 35 ാമത് ദേശീയ ഗെയിംസില്‍ ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡല്‍ ജോതാക്കള്‍ക്കാണ് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ തീരുമാനമായത്. ഖോ ഖോ, റഗ്ബി, തുഴച്ചില്‍, ബീച്ച് വോളി, ഫെന്‍സിങ് ഉള്‍പ്പടെ ടീം ഇനങ്ങളില്‍ കേരളത്തിന് മെഡല്‍ സമ്മാനിച്ചവരുടെ ദുരിത ജീവിതവും സര്‍ക്കാരിന്റെ വാഗ്ദാന ലംഘനവും ‘സുപ്രഭാത’മാണ് പുറത്തു കൊണ്ടു വന്നത്. 2015 ഫെബ്രുവരിയില്‍ ദേശീയ ഗെയിംസിന് പിന്നാലെ അന്നത്തെ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് എല്ലാ മെഡല്‍ ജേതാക്കള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ചില താരങ്ങള്‍ക്ക് ജോലി നല്‍കിയതൊഴിച്ചാല്‍ ഭൂരപക്ഷത്തിനും നിയമനം കിട്ടിയില്ല.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വ്യക്തിഗത ഇനങ്ങളിലെ മെഡല്‍ ജേതാക്കള്‍ക്കും ടീം ഇനങ്ങളിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്കും നിയമനം നല്‍കി. ടീം ഇനങ്ങളിലെ വെള്ളി, വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് പൊതുമേഖല സ്ഥാപനങ്ങളില്‍ നിയമനം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇക്കാര്യം നിയമസഭയിലും പുറത്തും പല ആവര്‍ത്തി അന്നത്തെ കായിക മന്ത്രി എ.സി മൊയ്തീന്‍ പ്രഖ്യാപിച്ചു. പ്രഖ്യാപനങ്ങള്‍ക്കപ്പുറം ഒന്നും സംഭവിച്ചില്ല. തുടര്‍ നടപടികള്‍ നിലച്ചതോടെ വാട്‌സ്ആപ് കൂട്ടായ്മ രൂപീകരിച്ചു കഴിഞ്ഞ ഫെബ്രുവരിയില്‍ കായിക താരങ്ങള്‍ മെഡല്‍ തിരിച്ചു നല്‍കുന്നത് ഉള്‍പ്പടെ പ്രക്ഷോഭവുമായി സെക്രട്ടറിയേറ്റിന് മുന്നിലേക്ക് എത്തി.

മുന്‍ ദേശീയ കായിക താരമായ കെ.ആര്‍ പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു മെഡല്‍ ജേതാക്കളുടെ പോരാട്ടം. ഇതോടെയാണ് കായിക മന്ത്രി ഇ.പി ജയരാജനും കായിക വകുപ്പും ഉണര്‍ന്നത്. മന്ത്രിയും ഓഫിസും ശക്തമായ ഇടപെടല്‍ നടത്തിയതോടെ ഫയല്‍ സൃഷ്ടിക്കപ്പെട്ടു. ശുപാര്‍ശ ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തിയതോടെ നീക്കത്തിന് വേഗതയേറി. ഫയല്‍ ധനവകുപ്പിലേക്ക് അതിവേഗം എത്തി. സാമ്പത്തിക പരാധീനതയുടെ ചരടുമുറുക്കി ധനവകുപ്പ് പതിവ് കുരുക്കിട്ടു. കായിക താരങ്ങളുടെ പ്രതീക്ഷ അസ്ഥാനത്തായി. എന്നാല്‍, മുഖ്യമന്ത്രിയുടെ ഉറച്ച നിപലാടാണ് ഇന്ന് മന്ത്രിസഭ അംഗീകരാത്തോടെ 83 കായിക താരങ്ങള്‍ക്കും ജോലി നല്‍കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. കളിക്കളങ്ങളിലെ പോരാട്ടങ്ങള്‍ സമ്മാനിച്ച ഗുരുതര പരുക്കുകളുമായി നിരവധി കായിക താരങ്ങളാണ് ചികിത്സയ്ക്കും നിത്യവൃത്തിക്കും പണമില്ലാതെ ദുരിതം ജീവിതം നയിക്കുന്നത്. നാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ സര്‍ക്കാരിന്റെ തീരുമാനം നിരവധി ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കളുടെ ജീവിത സ്വപ്‌നങ്ങള്‍ക്കാണ് കരുത്താവുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.