2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

തൊഴിലാളി പാര്‍ട്ടിക്ക് മുതലാളിത്ത ചികിത്സ

സിദ്ദീഖ് നദ്‌വി ചേരൂര്‍ 9497289151

കമ്യൂണിസ്റ്റ് സൂര്യന്‍ ലോകത്തു ജ്വലിച്ചുനില്‍ക്കുന്ന കാലം.സോവിയറ്റ് യൂനിയന്‍ പ്രതാപഘട്ടത്തിലാണ്. പാര്‍ട്ടി സെക്രട്ടറിയും റഷ്യന്‍ പ്രസിഡന്റുമായ ക്രൂഷ്‌ചേവ് ഔദ്യോഗികസന്ദര്‍ശനാര്‍ഥം അമേരിക്കയിലെത്തി.തിരക്കുപിടിച്ച പരിപാടികള്‍ക്കിടയില്‍ അവിടത്തെ തൊഴിലാളി പ്രതിനിധികളുമായി കൂടിക്കാഴ്ചക്കുകൂടി സമയം കണ്ടെത്തിയിരുന്നു.
സംസാരത്തിനിടയില്‍ അമേരിക്കയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി അദ്ദേഹം അന്വേഷിച്ചത്രേ. തങ്ങളെ അലട്ടുന്ന പ്രധാന പ്രശ്‌നമായി തൊഴിലാളിനേതാക്കള്‍ ചൂണ്ടിക്കാട്ടിയത്, അവരുടെ കാറുകള്‍ പാര്‍ക്കുചെയ്യാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊടുക്കണമെന്ന് ഫാക്ടറി ഉടമകളോട് ആവശ്യപ്പെടണമെന്നായിരുന്നു.
അമേരിക്കന്‍ തൊഴിലാളികളുടെ ആവശ്യം കേട്ടു ക്രൂഷ്‌ച്ചേവ് അന്തം വിട്ടു!
‘മുതലാളിത്തരാജ്യത്തു തൊഴിലാളികള്‍ക്കു സ്വന്തം കാറോ.’
ഇക്കഥ തമാശയാണെങ്കിലും കാര്യമാണെങ്കിലും അതിന്റെ പിന്നില്‍ ചില വസ്തുതകളുണ്ടെന്നതു നിഷേധിക്കാനാവില്ല. സോവിയറ്റ് യൂനിയന്‍ വന്‍ശക്തിയായി മേനിനടിച്ച് അമേരിക്കയോടു കിടമത്സരം നടത്തിയ കാലത്ത് യു.എസ്.എസ്.ആര്‍ അടക്കമുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ അടിസ്ഥാനസൗകര്യം പോലുമില്ലാതെ കഷ്ടപ്പെടുകയായിരുന്നു.

അക്കാര്യം വൈകിയാണ് ലോകമറിഞ്ഞത്. അതു പുറത്തറിയാതിരിക്കാന്‍ ഇരുമ്പുമറയൊരുക്കി ഭദ്രമാക്കിയാണ് അവര്‍ പുറംലോകത്തെ നേരിട്ടത്. അകത്തെ കദനകഥകള്‍ പുറത്തറിയരുത്,വഷളാകും.
പുറത്തെ ക്ഷേമ വാര്‍ത്തകള്‍ അകത്തെത്തുകയും ചെയ്യരുത്, അതു ജനങ്ങളെ മാറ്റിച്ചിന്തിപ്പിക്കും. അങ്ങനെ എല്ലാം മൂടിവച്ചു എല്ലാം ഭദ്രമാണെന്ന ധാരണയുണ്ടാക്കി അവര്‍ കേമത്തം നടിച്ചു. അന്നു സാമൂഹികമാധ്യമങ്ങള്‍ ഇല്ലാത്തത് അവരുടെ ഭാഗ്യം.
പക്ഷേ, ഗോര്‍ബച്ചേവ് വന്നതോടെ എല്ലാം കീഴ്‌മേല്‍ മറിച്ചു. ഗ്ലാസ്‌നസ്തും പെരിസ്‌ട്രോയിക്കയും നടപ്പാക്കിയതോടെ ചിറപൊടിയ അവസ്ഥയായി. എല്ലാം തകിടംമറിഞ്ഞു. ലോകത്തെ വന്‍ശക്തിയായി വിരാജിച്ച യു.എസ്.എസ്.ആര്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി.പകരം 1012 സ്വതന്ത്ര റിപ്പബ്ലിക്കുകള്‍ ഉടലെടുത്തു.
ഇവിടെ നമ്മുടെ ചിന്താവിഷയം അതല്ല.അന്നു തങ്ങളുടെ വിരുദ്ധപക്ഷത്തെ വന്‍ശക്തിയെന്ന നിലയില്‍ അമേരിക്ക കമ്യൂണിസ്റ്റുകാരില്‍ നിന്നു കേട്ട പഴികള്‍ക്കു കൈയും കണക്കുമില്ല. റഷ്യയും ചൈനയും മാത്രമല്ല, ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ സജീവമായിരുന്ന കമ്യൂണിസ്റ്റ്പാര്‍ട്ടികളും അമേരിക്കയെ അധ്വാനിക്കുന്ന വിഭാഗത്തിന്റെ കൊടിയശത്രുക്കളായി കണ്ടു.
ചൂഷണത്തിന്റെയും സാമ്രാജ്യത്വമേല്‍ക്കോയ്മയുടെയും പ്രതീകമ
ായ അമേരിക്ക തകര്‍ന്നടിയേണ്ടതു തൊഴിലാളിക്ഷേമത്തിലും സ്ഥിതിസമത്വത്തിലും അധിഷ്ഠിതമായ പുതിയ ലോകക്രമം സൃഷ്ടിക്കപ്പെടാന്‍ അനിവാര്യമാണെന്ന് അവര്‍ വിശ്വസിച്ചു, മറ്റുള്ളവരെ വിശ്വസിപ്പിച്ചു. അതിനായി കേരളത്തിലെ സി.പി.എം നേതാക്കളടക്കമുള്ളവര്‍ നടത്തിയ, ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന സാമ്രാജ്യത്വവിരുദ്ധ ഗീര്‍വാണങ്ങള്‍ ജനങ്ങളുടെ അകതാരില്‍ അലയൊലി സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്.
ഒന്നാലോചിച്ചു നോക്കുക, ആരുടെയെങ്കിലും ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ ഈ പ്രചാരണം വിജയിക്കുകയും അതിന്റെ ഫലമായി അമേരിക്കന്‍ സാമ്രാജ്യത്വശക്തി തകര്‍ന്നു തരിപ്പണമാവുകയും ചെയ്തിരുന്നെങ്കില്‍ നമ്മുടെ കമ്യൂണിസ്റ്റ് നേതാക്കള്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ക്കും വിദഗ്ധചികിത്സയ്ക്കുംവേണ്ടി എങ്ങോട്ടു പോകുമായിരുന്നു! . മക്കളെ ഉപരിപഠനത്തിനയക്കാന്‍ ഇടമില്ലാതെ അവര്‍ എത്രമാത്രം കഷ്ടപ്പെടുമായിരുന്നു.
പതിറ്റാണ്ടുകളായി അമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധ മുദ്രാവാക്യം മുഴക്കി, പ്രഭാഷണങ്ങള്‍ നടത്തി, സമരങ്ങള്‍ നടത്തി തൊഴിലാളികളെ ആവേശഭരിതരാക്കി പിടിച്ചുനില്‍ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ നിലവിലുള്ള ഏക മുഖ്യമന്ത്രി, നിക്ഷേപകരെത്തേടിയും ചികിത്സാര്‍ഥവും അടിക്കടി യു.എസിലേയ്ക്കു വിമാനം കയറുമ്പോള്‍ പഴയ ഓര്‍മകള്‍ മനസില്‍ സൂക്ഷിക്കുന്നവര്‍ നെറ്റി ചുളിക്കുകയാണെങ്കില്‍ കുറ്റപ്പെടുത്താനാവുമോ?

വിധിവൈപരീത്യമെന്നോ ചരിത്രത്തിന്റെ പ്രതികാരമെന്നോ എന്താണിതിനെ വിശേഷിപ്പിക്കുക. ഏതു ശക്തികളെ തകര്‍ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണോ ആ ശക്തികളുടെ കൈയിലാണു തങ്ങളുടെ ആരോഗ്യകരമായ നിലനില്‍പ്പിന്റെ സിദ്ധൗഷധമുള്ളതെന്ന കണ്ടെത്തലും അതിനുവേണ്ടി അവരെ ആശ്രയിക്കലും തെറ്റുതിരുത്തലായോ വീണ്ടുവിചാരമായോ വിലയിരുത്താമോ.
അല്ലെങ്കിലും ഈ തിരിഞ്ഞുനടത്തവും വിലക്കാന്‍ വെമ്പിയതിനെ വാരിപ്പുണരലും കമ്യൂണിസ്റ്റുകാരില്‍ നിന്നു കുറേ കണ്ടവര്‍ക്ക് ഇതിലൊന്നും ആശ്ചര്യം തോന്നില്ല.
പാടങ്ങളില്‍ ട്രാക്ടര്‍ വരുമ്പോള്‍ എതിര്‍ത്തവര്‍ പിന്നെ അതിന്റെ പ്രചാരകരായി മാറി. തൊഴിലാളികളുടെ കഞ്ഞിമുട്ടിക്കുമെന്നു പറഞ്ഞു കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് ഉടക്കുവയ്ക്കാന്‍ ശ്രമിച്ചവര്‍ പിന്നീട് ലാപ്‌ടോപ് കൈയില്‍പ്പിടിച്ചായി നടത്തം.
ആണവ കരാറിനെതിരേ നിലപാടു കടുപ്പിച്ചു യു.പി.എ സര്‍ക്കാറിനു നല്‍കി വന്ന പിന്തുണ പിന്‍വലിച്ചവര്‍ പിന്നീട് ആ കരാറിന്റെ ഗുണദോഷങ്ങള്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ തെര്യപ്പെടുത്തി തങ്ങളുടെ നിലപാടിനു സാധൂകരണം നല്‍കാന്‍ കൂട്ടാക്കിയില്ല. ആസിയാന്‍ കരാറിനെതിരേ മുഷ്ടിചുരുട്ടി തെരുവിലിറങ്ങിയവര്‍, കരാര്‍ നിലവില്‍വന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതുകൊണ്ടു നേട്ടമോ കോട്ടമോ രാജ്യത്തിനുണ്ടായതെന്നു വിശദീകരിക്കാന്‍ മെനക്കെട്ടില്ല.

തങ്ങളുടെ എം.എല്‍.എയായിരുന്ന മത്തായി ചാക്കോ മരിച്ചപ്പോള്‍ മതാചാരപ്രകാരം അന്ത്യകൂദാശ നടത്തിയിരുന്നുവെന്നു വെളിപ്പെടുത്തിയ പള്ളിവികാരിയെ നികൃഷ്ട ജീവിയെന്നാക്ഷേപിച്ചവര്‍ തങ്ങള്‍ മതത്തിനെതിരെല്ലെന്നു കട്ടായം പറഞ്ഞു. മതവിശ്വാസികളുടെ വോട്ടാവാം, നോട്ടുമാവാം, അവര്‍ക്കു പാര്‍ട്ടിയില്‍ അംഗത്വവും നേടാം. പക്ഷേ, മതവിശ്വാസിക്ക് ആ വിശ്വാസം നിലനിര്‍ത്തി പാര്‍ട്ടിപ്രവര്‍ത്തകനായി ഉയര്‍ന്നുപോകാന്‍ കഴിയുമോയെന്നു ചോദിച്ചാല്‍ പരസ്യമായി മറുപടി പറയില്ല. പാര്‍ട്ടിപ്രവര്‍ത്തകര്‍ മതച്ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ടോയെന്നു കണ്ടെത്താന്‍ നിരീക്ഷകരെ നിശ്ചയിക്കും.ഉണ്ടെന്നു റിപ്പോര്‍ട്ടു കിട്ടിയാല്‍ നടപടിയെടുക്കും. ഈ വൈരുധ്യാത്മക നിലപാടിലൂടെ ജനങ്ങളെ വിഡ്ഢികളാക്കാമെന്നു കരുതുന്നതു മൗഢ്യമല്ലേ.
വിഷയങ്ങളെ കുറേക്കൂടി യാഥാര്‍ഥ്യബോധത്തോടെ സമീപിക്കുകയും മാറ്റങ്ങളെ തുറന്നമനസ്സോടെയും ദീര്‍ഘദൃഷ്ടിയോടെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന പ്രായോഗിക കാഴ്ചപ്പാടാണു ജനങ്ങള്‍ കമ്യൂണിസ്റ്റുകാരില്‍നിന്നു പ്രതീക്ഷിക്കുന്നത്. അതില്ലാതെ മുന്നോട്ടുപോകാനാണു ഭാവമെങ്കില്‍ നേതാക്കള്‍ക്കു മാത്രമല്ല; കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മുതലാളിത്തം ചികിത്സ നിര്‍ദേശിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.