2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊളോണിയല്‍ ദാസ്യം ഇനിയും തുടരണോ

പിണങ്ങോട് അബൂബക്കര്‍ 9847700450

രാജ്യസഭയിലെ അംഗങ്ങള്‍ ഉത്തരങ്ങള്‍ക്കു ‘യാചിക്കുന്നു’ എന്ന പദമുപയോഗിക്കുന്നത് തിരുത്താന്‍, ബി.ജെ.പിക്കാരനാണെങ്കിലും രാജ്യസഭാധ്യക്ഷനായ വെങ്കയ്യ നായിഡു കാണിച്ച ആര്‍ജ്ജവം മാനിക്കാതെ വയ്യ. അദ്ദേഹത്തിന്റെ മുന്‍ഗാമികളെല്ലാം ഈ ‘യാചനാ’പദം കേട്ട് ആത്മസുഖം കൊള്ളുകയായിരുന്നു.
സായിപ്പുണ്ടാക്കിയ മനുഷ്യപ്പറ്റില്ലാത്ത വര്‍ഗീകരണങ്ങള്‍ മാറോടണച്ചാണു സ്വതന്ത്രഭാരതം ഇപ്പോഴും സഞ്ചരിക്കുന്നത്. കോടതികളില്‍ ജഡ്ജിമാര്‍ക്കു മുന്‍പില്‍ അഭിഭാഷകര്‍ തലകുനിച്ചുവേണം അഭിവാദ്യമര്‍പ്പിക്കാന്‍. കലക്ടര്‍ക്ക് പ്രത്യേക ഉടുപ്പിട്ട സഹായി സദാ ജാഗരൂകനായി ഒപ്പമുണ്ടാവണം. ഇന്ത്യക്കു ഖലീഫാ ഉമറിന്റെ ഭരണമാണ് അഭികാമ്യമെന്നു ഗാന്ധിജി പറഞ്ഞപ്പോള്‍ മേലാളന്മാര്‍ക്ക് അതു പിടിക്കാതെ പോയതു വെറുതെയല്ല.
കേരളനിയമസഭയില്‍ ഈ വര്‍ഷം ‘തിരുത്തിക്കുറിച്ചുള്ള’ നയപ്രഖ്യാപനം ഗവര്‍ണര്‍ അവതരിപ്പിച്ചു. ഇങ്ങനെയൊരു തസ്തിക വേണോ, ഇത്തരത്തിലൊരു നയപ്രഖ്യാപനമെന്ന ഏര്‍പ്പാടു വേണ്ടതുണ്ടോയെന്നു പി.സി ജോര്‍ജ് പ്രകടിപ്പിച്ച അഭിപ്രായം പുതിയതൊന്നുമല്ല. തനിക്കൊന്നും ‘പണി’ തരാന്‍ ഗവര്‍ണര്‍ക്കു കഴിയില്ലെന്നു ജോര്‍ജിന് ഉറപ്പുണ്ട്. എങ്കിലും പറഞ്ഞതില്‍ കഴമ്പില്ലാതില്ല. 28 ഗവര്‍ണര്‍മാരെ തീറ്റിപ്പോറ്റുന്ന പണമുണ്ടെങ്കില്‍ ഒരു സംസ്ഥാനത്തേയ്ക്ക് ഒരു വര്‍ഷത്തെ മെഡിക്കല്‍ സൗകര്യം പാവങ്ങള്‍ക്കു നല്‍കാനാവും.
ഗവര്‍ണര്‍ പദവിയും നയപ്രഖ്യാപനവും കൊളോണിയല്‍ ശേഷിപ്പാണെന്നറിയുന്നവര്‍ തന്നെയാണ് ഇക്കാലമത്രയും ഈ മഹാഭാരം പാവപ്പെട്ട നികുതിദായകര്‍ക്കുമേല്‍ കയറ്റിവച്ചു പോരുന്നത്.
ഫെഡറലിസം അട്ടിമറിക്കുന്നു, ഒരു വര്‍ഗീയസംഘടന (ആര്‍.എസ്.എസ്) കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുന്നു തുടങ്ങിയ പരാമര്‍ശം ഗവര്‍ണര്‍ സദാശിവം വായിച്ചില്ല. വായിച്ചാല്‍ വിവരമറിയുമെന്ന് അദ്ദേഹത്തിനറിയാം. സ്ഥല-കാല-സ്ഥാനബോധം വായനയ്ക്കിടയിലും ഗവര്‍ണര്‍ കാത്തുസൂക്ഷിച്ചു.
ഇന്ത്യയിലെ 73 ശതമാനം സമ്പത്തും ഒരു ശതമാനത്തിന്റെ കൈയിലാണ്. 67 കോടി പരമദരിദ്രര്‍ അരിക്കാശിനു വകയില്ലാതെ പട്ടിണിയിലാണ്. ശരാശരി എക്‌സിക്യുട്ടീവ് ഒരു വര്‍ഷം വാങ്ങുന്ന ശമ്പളം 941 കൊല്ലം പണിയെടുത്താലേ പാവങ്ങള്‍ക്ക് ഒപ്പിക്കാനാവൂവെന്ന പഠനഫലം ഭാരതത്തിന്റെ ഭാവി വരച്ചുകാണിക്കുന്നുണ്ട്.
വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പ്രസംഗിക്കാന്‍ പോകുന്ന പ്രധാനമന്ത്രിക്ക് അകമ്പടിക്കാരായി 32 പാചകക്കാരടക്കം 1200 പേര്‍ വിമാനത്തില്‍ പറന്നു. പട്ട, കറാമ്പൂ, ഏലം, കുരുമുളക്, ജാതിക്ക, കുങ്കുമം ഉള്‍പ്പെടെയുള്ള സുഗന്ധവ്യഞ്ജനം 1000 കിലോഗ്രാമും ഇന്ത്യയില്‍നിന്നു കൊണ്ടുപോയി ആഹാരത്തില്‍ ചേര്‍ത്തു. മോദിക്കു മനഃസുഖവും ആയുരാരോഗ്യവും ഉണ്ടാവാനാണിതെല്ലാം. പഴയകാല രാജാക്കന്മാര്‍ ഇതിലും ഭേദമായിരുന്നു.
ഇന്ത്യന്‍ നാട്ടുരാജാക്കന്മാരുടെ ചേംബര്‍ ചാന്‍സലറായിരുന്ന പാട്യാല മഹാരാജാവ് മഹാമഹിമശ്രീ യാദവീന്ദ്രസിങിനു വിളിച്ചുണര്‍ത്താനും ചായ നല്‍കാനും പട്ടുടുത്ത പരിചാരകരുണ്ടായിരുന്നു. കാലത്തെ ചായയ്‌ക്കൊപ്പം പൊരിച്ച രണ്ടു നാടന്‍കോഴി തളികയില്‍ വയ്ക്കണം.
അതിനെയൊക്കെ വെല്ലുന്ന നടപടികളാണു സ്വതന്ത്രഭാരതത്തിലെ ജനാധിപത്യ രാജാക്കളില്‍ നിന്നുണ്ടാകുന്നത്. മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഉഡുപ്പിയിലൊരു രാപാര്‍പ്പിന് 35 ലക്ഷം രൂപയാണു ഖജനാവിനു ചെലവഴിക്കേണ്ടി വന്നത്. നരേന്ദ്രമോദിയുടെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിലുള്ള ആര്‍ഭാടച്ചെലവിനുള്ള തുകയുണ്ടെങ്കില്‍ ഗുജറാത്തിലെ ഒരു ജില്ലക്കാരെ മുഴുവന്‍ സദ്യയൂട്ടാമായിരുന്നു.
സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനു ചിരിക്കാന്‍ മാത്രമല്ല മക്കളെ പണക്കാരായി വളര്‍ത്താനുമറിയാം. കാറല്‍ മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍, ചെ ഗുവേര, കാസ്‌ട്രോ, മാവോ സേതൂങ്, പിണറായി വരെ ചിരിയില്‍ പിശുക്കരാണ്. ‘പൊട്ടന്‍സു’കളെ ഓര്‍ത്ത് ഉള്ളിലാണവരുടെ ചിരി. പ്രളയം വന്നാലും സോഷ്യലിസം വരില്ലെന്ന് അവര്‍ക്കാരും പറഞ്ഞുകൊടുക്കേണ്ടതില്ല. പ്രതീക്ഷ വിറ്റാണു കമ്മ്യൂണിസത്തിന്റെ വികാസപരിണാമങ്ങള്‍.
35നെ 55 കൊണ്ടു തള്ളിയിട്ട കാരാട്ടിന്റെ കൂട്ടരെ ഒതുക്കാനുള്ള യെച്ചൂരിയുടെ വകയാണു പരാതി ചോര്‍ന്നതെന്ന പക്ഷമുണ്ടെങ്കിലും കമ്മ്യൂണിസ്റ്റുകാരുടെ കോടീശ്വരപരിണാമം വ്യാഖ്യാനിക്കാന്‍ ബുദ്ധിമുട്ടാവും. ദുബൈയില്‍ പോയി സഖാക്കള്‍ക്കും നാലു പുത്തന്‍ സമ്പാദിച്ചുകൂടേയെന്ന ഗോവിന്ദന്‍മാസ്റ്ററുടെ ചോദ്യം ഫ്യൂഡലിസത്തിന്റെ മണമുള്ളതാണ്. ഏതായാലും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും മതേതര കക്ഷികളുടെ കൂട്ടായ്മ സി.പി.എം സമ്മതിക്കില്ലെന്നുറപ്പ്. പാര്‍ട്ടി പിളര്‍പ്പിലേക്കാണോ നാശത്തിലേക്കാണോ പോകുന്നതെന്നു കാത്തിരുന്നു കാണാം.
‘പത്മാവത്’കര്‍ണിസേനയ്ക്കു ഹിതകരമല്ലെങ്കില്‍ പുനഃപരിശോധന നല്ലതായിരുന്നു. മതവിശ്വാസം മാനിക്കണമെന്നല്ലേ ഭരണഘടനയും പറയുന്നത്. ചരിത്രവും ഭാവനയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ മറവില്‍ പ്രകാശിപ്പിക്കാനുള്ള അവകാശംപോലെ ചിലതൊക്കെ സ്വകാര്യതകളായി ആഘോഷിക്കാന്‍ വിശ്വാസിക്കും അവകാശമുണ്ട്. നിര്‍മ്മാതാക്കളും സംവിധായകരും മനസ്സുവച്ചാല്‍ പല പുലിവാലും ഒഴിവാക്കാനെളുപ്പമാണ്.
കര്‍ണാടകയിലെ ബന്ദാര്‍ മണ്ഡലത്തിലെ ജയാപജയം അല്ലാഹുവും രാമനും തീരുമാനിക്കുമെന്നാണു ബി.ജെ.പിക്കാരനായ കല്‍ക്കല എം.എല്‍.എ സുനില്‍കുമാര്‍ പൊട്ടിച്ച വെടി. എന്നുവച്ചാല്‍ ഹിന്ദുവോട്ട്- മുസ്‌ലിംവോട്ട് വിഭജനമെന്ന ഭീകരചിന്ത തന്നെ. പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഫാഷിസം മറികടക്കാനാണു സാധ്യത. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തു പാലത്തിന്നടിയില്‍നിന്ന് പൊലിസ് കണ്ടെടുത്ത ആയുധങ്ങള്‍ ഇന്ത്യന്‍ ആര്‍മിയുടേതാണെന്ന വാര്‍ത്ത പിന്നീടു ചര്‍ച്ചയായില്ല. മാധ്യമങ്ങള്‍ കൂട്ടത്തോടെ ഒളിച്ചോടി.
സൈന്യത്തിന്റെ ആയുധം സൂക്ഷിക്കുന്ന പുരയുടെ വാതിലുകള്‍ക്ക് ഉറപ്പു കുറവായതിനാലായിരിക്കും ആയുധങ്ങള്‍ കുറ്റിപ്പുറത്തെത്തിയത്. ആരാണതിനു പിന്നില്‍. എന്തിനാണവിടെ അതെത്തിച്ചത് ഇതൊക്കെ അറിയേണ്ടതാണ്. പൊലിസ് വടക്കോട്ടു വണ്ടി കയറിയെങ്കിലും പിന്നീട് ഒരനക്കവും കാണുന്നില്ല. സേന കാവി പുതപ്പിച്ചുവെന്നതു ഭംഗിവാക്കാവാതിരിക്കട്ടെയെന്നു പ്രതീക്ഷിച്ചവര്‍ നിരാശരാവുന്നതാണു കാര്യങ്ങളുടെ കിടപ്പും.
ഇന്ധനവില വര്‍ധനയ്‌ക്കെതിരേ മോട്ടോര്‍വാഹന പണിമുടക്കു ഭംഗിയായി നടന്നു. ബന്ദിനുപകരം ഹര്‍ത്താല്‍ നടത്തി ശീലമുള്ള കേരളീയര്‍ക്ക് ഈ സമരവും പുല്ലുവില. ഒരുനാള്‍ യാത്ര നിയന്ത്രിച്ചു. അത്രതന്നെ. വിലവര്‍ധന നിയന്ത്രിക്കാന്‍ ഭരണകൂടങ്ങള്‍ക്കാവില്ലെന്നു നാളിതുവരെ ഭരിച്ച എല്ലാ ഭരണാധികാരികളും തെളിയിച്ചിട്ടുണ്ട്. എല്ലാം മുതലാളിമാര്‍ നിയന്ത്രിക്കും അത്രതന്നെ.
കേരളത്തില്‍ ഒരു ഭരണകൂടമുണ്ടോ എന്നറിയണമെങ്കില്‍ തിരുവനന്തപുരത്തു ചെല്ലണം. അവിടെ ഉണ്ടുമുറങ്ങിയും കുറേ ഭരണാധികാരികള്‍ മാസപ്പടിയും യാത്രാപ്പടിയും കൈപ്പറ്റിക്കഴിയുന്നു. സ്വന്തം വകുപ്പില്‍പോലും കൈകടത്താനാവാതെ ഉദ്യോഗസ്ഥരെന്ന മേലാളരുടെ കുറിമാനങ്ങള്‍ക്കു താഴെ കൈയൊപ്പു വച്ചുപോരുന്ന മന്ത്രിമാരുള്ള കാലത്തും നാട്ടിലും ഇതൊക്കെയേ നടക്കൂ. സമരം നാട്ടുനടപ്പാണെന്നു മാത്രം.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും സംഘ്പരിവാര്‍ ശക്തികളുടെ ബുദ്ധികേന്ദ്രവുമായ പി.പരമേശ്വരനു പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചത് ഉപകാരസ്മരണയില്‍പ്പെടുത്താം. സത്യം ബോധ്യമാവുന്ന കാലം വന്നാല്‍ കാര്യങ്ങള്‍ തുറന്നുപറയുന്നവരുണ്ടാവാതിരിക്കില്ല.
സഊദിയുടെ അഴിമതിവിരുദ്ധ നടപടിക്ക് ലോക ഇക്കണോമിക് ഫോറത്തിന്റെ അഭിനന്ദനം നല്ലതുതന്നെ. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ അംഗങ്ങളുടെ നാടുകളിലെ കഥയോര്‍ത്താല്‍ പ്രത്യേക ചര്‍മസമ്പത്തിന്റെ അവാര്‍ഡിന് അര്‍ഹരാണെന്നു പറയേണ്ടിവരും.
സമത്വവും മതേതരത്വവും ഇന്ത്യയുടെ അടിത്തറയാണെന്നു രാഷ്ട്രപതി റിപ്പബ്ലിക്ദിനസന്ദേശത്തില്‍ പറഞ്ഞു. പിന്നാക്കക്കാരനായതിനാല്‍ ഗോവിന്ദ് എന്ന പേരു ചേര്‍ക്കാന്‍ കഴിയാതെ കോവിന്ദ് എന്നു സ്വീകരിക്കേണ്ടിവന്ന അസമത്വം അഥവാ സവര്‍ണഫാസിസം ഇല്ലാതാക്കാന്‍ മനസ്സുകൊണ്ടെങ്കിലും രാഷ്ട്രപതി ആഗ്രഹിക്കുന്നുണ്ടാവാം.
ഇന്ത്യയെ നേരെ ചൊവ്വേ നയിക്കാന്‍ ഇന്നത്തെ അവസ്ഥയില്‍ പ്രയാസമാണ്. കാരണം, എല്ലായിടത്തും ഫാസിസം കാവലേര്‍പ്പെടുത്തി പതുങ്ങിയിരിപ്പുണ്ട്. നന്മയുടെ ഒരു വെട്ടവും ഫാസിസം ഇഷ്ടപ്പെടുന്നില്ലല്ലോ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.