2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

Editorial

ഉത്തര്‍പ്രദേശില്‍ നടക്കുന്നത് കാട്ടുനീതി


 

 

രാജ്യത്തെ പ്രമുഖ മാധ്യമങ്ങള്‍ തമസ്‌കരിച്ച അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംഭവമായിരുന്നു ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ സോന്‍ഭദ്രയില്‍ നാട്ടു മുഖ്യന്റെ നേതൃത്വത്തില്‍ പത്ത് ആദിവാസികളെ നിഷ്‌ക്കരുണം വെടിവച്ച് കൊന്നത്. ആദിവാസികളുടെ ഭൂമി കൈയേറാന്‍ ട്രക്കുകളില്‍ തോക്കും ഗുണ്ടകളുമായെത്തിയ ഗ്രാമമുഖ്യന്‍ യഗ്യാദത്തിനെ തടയാനോ ഇവരെ അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കാനോ തയാറാകാതിരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കൊല്ലപ്പെട്ട ആദിവാസികളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്യാനും സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാനുമാണ് തിടുക്കം കാട്ടിയത്.
കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവായ പ്രിയങ്കാ ഗാന്ധിക്ക് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധു വീടുകള്‍ സന്ദര്‍ശിക്കാന്‍ ന്യായമായും അവകാശമുണ്ട്. അവരെ തടഞ്ഞതിലൂടെ മാത്രമാണ് ഈ കൂട്ടക്കൊലപാതകത്തിന്റെ കഥ പുറംലോകം അറിഞ്ഞത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രിയങ്കയെ അടുത്തുള്ള ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു അധികൃതര്‍. അതിന് മുമ്പ് സ്ഥലം സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അവര്‍ വഴിയില്‍ കുത്തിയിരുന്ന് സമരം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു അവരെ അറസ്റ്റ് ചെയ്തത്.
ജാമ്യമെടുക്കാന്‍ തയാറാകാതിരുന്ന അവരെ ഗസ്റ്റ് ഹൗസിലേക്കുള്ള വെള്ളവും വൈദ്യുതിയും വിഛേദിച്ച് പ്രയാസപ്പെടുത്താന്‍ യോഗി സര്‍ക്കാര്‍ തുനിഞ്ഞു. എന്നാല്‍ അവര്‍ ജാമ്യമെടുക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ആദിവാസികളുടെ കുടുംബാംഗങ്ങളെ ഗസ്റ്റ് ഹൗസിലെത്തിച്ച് യോഗി സര്‍ക്കാര്‍ മുഖം രക്ഷിക്കുകയായിരുന്നു. ആദിവാസികളുടെ ഭൂമി കൈയേറ്റത്തിനെതിരേയും കൊലയാളികള്‍ക്കെതിരേയും നടപടിയെടുക്കണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ യോഗി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ സോനാഭദ്രയിലേക്ക് താന്‍ മടങ്ങിവരുമെന്ന് പറഞ്ഞാണ് അവര്‍ തിരിച്ചുപോയത്.
പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത ഇടപെടല്‍ ഒരേ സമയം തണുത്തുറഞ്ഞിരുന്ന കോണ്‍ഗ്രസിന് പുതിയ ഊര്‍ജവും യോഗി സര്‍ക്കാരിന് വെല്ലുവിളിയും ഉയര്‍ത്തിയിരിക്കുകയാണ്. സോന്‍ഭദ്രയിലെ ഉഭ ഗ്രാമത്തിലെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് ഗ്രാമമുഖ്യന്‍ യഗ്യാ ദത്ത് രണ്ട് വര്‍ഷമായി അവകാശവാദം ഉന്നയിച്ച് വരികയായിരുന്നു.
അന്യായമായി തങ്ങളുടെ ഭൂമി കൈയേറാന്‍ വന്നവര്‍ക്കെതിരേ നിരായുധരായ ആദിവാസികള്‍ പ്രതിഷേധിച്ചപ്പോള്‍ അവരെ കൊല്ലാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തോക്കുകളും നാല് ട്രക്ക് ഗുണ്ടകളുമായി എത്തുകയായിരുന്നു യഗ്യാ ദത്ത്. കൊലയാളികളെ പൂര്‍ണമായി അറസ്റ്റ് ചെയ്യാത്ത യോഗി സര്‍ക്കാരിന്റെ കീഴില്‍ ഉത്തര്‍പ്രദേശില്‍ ജംഗിള്‍ രാജാണ് നടക്കുന്നതെന്ന വിമര്‍ശനം ഇതിനകം എല്ലാ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന് കഴിഞ്ഞു. ഇതേ തുടര്‍ന്നാകാം സംഭവസ്ഥലം ഇന്നലെ സന്ദര്‍ശിക്കാന്‍ യോഗി ആദിത്യനാഥ് നിര്‍ബന്ധിതനായിട്ടുണ്ടാവുക.
ആഗോളവല്‍ക്കരണ നടപടികള്‍ ശക്തമായതിന് ശേഷം കോര്‍പറേറ്റ് ഭീമന്മാരുടെ മൂലധന ശക്തിയായി ഭൂമി മാറിയിരിക്കുകയാണ്. കുപ്പിവെള്ള മാഫിയകള്‍ നദികള്‍ പോലും വിലക്കെടുക്കുന്നു. നിരവധി സംസ്ഥാനങ്ങളില്‍ ഭൂമി കൈയേറ്റങ്ങള്‍ തുടര്‍ക്കഥയാണ്. ആദിവാസി മേഖലകളിലെ ഭൂമി കൈയേറാന്‍ കോര്‍പറേറ്റുകളെ പ്രേരിപ്പിക്കുന്നത് ഇത്തരം പ്രദേശങ്ങള്‍ ധാതു സമ്പുഷ്ടമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്. കോടിക്കണക്കിന് ആദിവാസികള്‍ക്ക് അവരുടെ ഏക്കര്‍ കണക്കിന് ഭൂമി ഇതിനകം നഷ്ടപ്പെട്ടിട്ടുണ്ട്. കര്‍ഷകരുടെ ഭൂമിയും ഇവ്വിധം തട്ടിയെടുക്കുകയാണ് ഭൂമാഫിയകള്‍.
രാഷ്ട്രീയ വ്യത്യാസമില്ലാതെ സര്‍ക്കാരുകള്‍ ഈ ഭൂമി കൈയേറ്റത്തിന് കൂട്ട് നില്‍ക്കുകയും ചെയ്യുന്നു. പശ്ചിമ ബംഗാളില്‍ സി.പി.എമ്മിന്റെ ഭരണവാഴ്ചക്ക് അന്ത്യം കുറിച്ചത് ഇടത് സര്‍ക്കാര്‍ സലിം ഗ്രൂപ്പിന് വേണ്ടിയും ടാറ്റക്ക് വേണ്ടിയും കര്‍ഷക ഭൂമി തട്ടിയെടുത്തതിനെത്തുടര്‍ന്നായിരുന്നു. കേരളത്തിലെ അട്ടപ്പാടിയിലും ഭൂമാഫിയ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നുണ്ട്. ഇതിനെതിരേ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സര്‍ക്കാര്‍ ഭൂമി മൂന്നാറില്‍ കൈയേറിയത് പോലും നിയമവിധേയമാക്കികൊണ്ടിരിക്കുകയാണ് കേരളത്തിലെ ഇടത് മുന്നണി സര്‍ക്കാര്‍.
ദരിദ്രന്റെ സ്വത്തുക്കളും ഗോത്രവര്‍ഗക്കാരുടെ ഭൂമിയും തട്ടിയെടുത്ത് കോര്‍പറേറ്റുകള്‍ക്ക് വീതിച്ച് നല്‍കാന്‍ മത്സരിക്കുകയാണ് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളും ഇടത് വലത് ഭേദമില്ലാതെ ഭരണകൂടങ്ങളും. ഇതിനെതിരേ പ്രതിഷേധമുയര്‍ത്തുന്നവരെ മാവോയിസ്റ്റുകളെന്നു മുദ്രകുത്തി ജയിലിലടക്കുകയോ വെടിവച്ച് കൊല്ലുകയോ ചെയ്യുന്നു. സമൂഹത്തിനാകെ അവകാശപ്പെട്ട വനസമ്പത്തും കടലും കടലോരങ്ങളും ജലസ്രോതസുകളും കായലും സ്വകാര്യ മൂലധനത്തിന്റെ നിയന്ത്രണത്തിലായിക്കൊണ്ടിരിക്കുന്ന അഭിശപ്ത കാലഘട്ടത്തിലൂടെയാണ് ഇന്ത്യാ രാജ്യം ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ബി.ജെ.പിയുടെ കോര്‍പറേറ്റ് ബന്ധം ഇത് ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പ്രമുഖ മാധ്യമങ്ങളെല്ലാം മുകേഷ് അംബാനിയെപ്പോലുള്ളവരുടെ കരവലയങ്ങളില്‍ ഒതുങ്ങിപ്പോയിരിക്കുന്നതിനാല്‍ ഇത് സംബന്ധിച്ച വാര്‍ത്തകളെല്ലാം തമസ്‌കരിക്കപ്പെടുന്നു.
പ്രിയങ്കാ ഗാന്ധി സോന്‍ഭദ്രയിലേക്കു പ്രവേശിക്കുന്നത് യോഗി സര്‍ക്കാര്‍ തടഞ്ഞതിനെതിരേ അവര്‍ നടുറോഡില്‍ കുത്തിയിരുപ്പ് സമരം നടത്തിയില്ലായിരുന്നെങ്കില്‍ യു.പിയിലെ ഒരു ഗ്രാമമുഖ്യന്റെ കൂട്ടക്കൊല പുറംലോകം അറിയുമായിരുന്നില്ല. പശുവിറച്ചി സൂക്ഷിച്ചു എന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന കൊലയാളികളെ പിടികൂടിയ പൊലിസ് ഇന്‍സ്‌പെക്ടര്‍ സുബേധ് കുമാര്‍ സിങ്ങിനെ തല്ലിക്കൊന്നവര്‍ക്കെതിരേ നടപടിയെടുക്കാത്ത യോഗി സര്‍ക്കാരില്‍ നിന്നും കൊല്ലപ്പെട്ട ആദിവാസികളുടെ കുടുംബങ്ങള്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കവയ്യ. രാജ്യത്താകെ ആദിവാസികളുടെ ഭൂമി കൈയേറ്റം തുടരുന്നതിനാല്‍ ഇതിനെതിരേ സമഗ്രമായ ഒരു നിയമം ഉണ്ടാവുന്നില്ലെങ്കില്‍ ഉത്തര്‍പ്രദേശില്‍ നടന്നത് പോലുള്ള ആദിവാസി കുട്ടക്കൊലകള്‍ രാജ്യത്ത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.