2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കോലീബീ, കോമാ, മാബീ: പരാജയ ഭീതിയോ കൂട്ടുകെട്ടുകളുടെ സാധ്യതയോ?

അമീര്‍ ഫാറൂഖ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ചിത്രം വ്യക്തമാകുമ്പോള്‍ വിജയമുറപ്പിക്കാന്‍ അവിശുദ്ധ കൂട്ടുകെട്ടുകളും രഹസ്യ ധാരണകളുമായി മുന്നണികള്‍ രംഗപ്രവേശം ചെയ്തതായി ആരോപണ പ്രത്യാരോപണങ്ങള്‍. ഒരു മുന്നണിയും ഇതില്‍ പിന്നിലല്ലെന്നാണ് നേതാക്കള്‍ പരസ്പരം ചെളിവാരി എറിയുമ്പോള്‍ ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇന്ന് ഇതേച്ചൊല്ലി കലഹിച്ചു. നേതാക്കള്‍ തമ്മിലുള്ള വാക്‌പോരുകള്‍ തുടരുകയുമാണ്. കോലീബീ, കോമാ, മാബീ…രഹസ്യസഖ്യങ്ങളുടെ ചുരുക്കപ്പേരുമായാണ് നേതാക്കള്‍ ആരോപണം ഉന്നയിക്കുന്നത്. വരും ദിനങ്ങളിലും ഇത് രൂക്ഷമാകാനാണ് സാധ്യത.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ട് നിലവില്‍വന്നുവെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശകലനം. ഇതിന്റെ ഭാഗമായി യു.ഡി.എഫിനെ സഹായിക്കാന്‍ അഞ്ചു മണ്ഡലത്തില്‍ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ആര്‍.എസ്.എസ് തീരുമാനിച്ചതായും കോടിയേരി കണ്ടെത്തിയിട്ടുണ്ട്. വടകര മണ്ഡലത്തില്‍ കെ.മുരളീധരന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായതോടെയാണ് കോലീബീ സഖ്യത്തെക്കുറിച്ച് വടകരയിലെ എല്‍ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജന്‍ ആദ്യമായി രംഗത്തെത്തുന്നത്.

വടകരയില്‍ മുരളീധരന്‍ സ്ഥാനാര്‍ഥിയായതോടെ മത്സരം കടുക്കുമെന്നുറപ്പായി. ഇതുവരേ അനായസ വിജയമെന്നതായിരുന്നു എല്‍.ഡി.എഫ് ക്യാംപിലെ ആത്മവിശ്വാസം. അപ്പോള്‍ ആരോപണമുണ്ടായിരുന്നില്ല. സി.പി.എമ്മിനെതിരേ വടകരയില്‍ മത്സരിക്കാന്‍ ആണായി പിറന്ന ആരും കോണ്‍ഗ്രസിലില്ലെന്നായിരുന്നു വിടുവായത്തം. എന്നാല്‍ കെ. മുരളീധരനാണ് സ്ഥാനാര്‍ഥി എന്നറിഞ്ഞതു മുതല്‍ എല്‍.ഡി.എഫിന്റെ ചങ്കിടുപ്പു കൂടി.

സ്ഥാനാര്‍ഥി പി.ജയരാജന്‍ വരേ സ്വരം മാറ്റി. വടകരയില്‍ ഇനി കോ ലീബി സഖ്യം പ്രതീക്ഷിക്കുന്നു എന്നായിരുന്നു പി. ജയരാജന്റെ ആദ്യ പ്രതികരണം.വടകരയില്‍ എല്‍.ഡി.എഫിനെ എതിര്‍ക്കുന്നവരെല്ലാം ഒന്നിക്കാന്‍ സാധ്യതയുണ്ട്. 91 ലെ കോലീബീ സഖ്യം ആവര്‍ത്തിച്ചേക്കുമെന്നും ജയരാജന്‍ പ്രവചിച്ചുകളഞ്ഞു. എല്‍.ഡി.എഫ് അതെല്ലാം നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു പിന്നാലെയാണ് കോടിയേരി അതിനെ അരക്കിട്ടുറപ്പിക്കുന്ന തരത്തിലുള്ള വിശദീകരണവുമായി രംഗത്തെത്തുന്നത്.

വടകര, കൊല്ലം, കണ്ണൂര്‍,കോഴിക്കോട്, എറണാകുളം മണ്ഡലങ്ങളിലാണ് കോലീബി സഖ്യമുണ്ടാകുക എന്നായിരുന്നു കോടിയേരിയുടെ കണ്ടുപിടുത്തം. വ്യാഴാഴ്ച എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറങ്ങുമ്പോള്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. ഈ മണ്ഡലങ്ങളില്‍ ആര്‍.എസ്.എസ് യു.ഡി.എഫിനെ സഹായിക്കും. പകരം തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ് കുമ്മനം രാജശേഖരനെ സഹായിക്കാനാണ് ധാരണ. ഇതിന്റെ ഭാഗമായാണ് കെ. മുരളീധരനെ വട്ടിയൂര്‍ക്കാവില്‍നിന്ന് വടകരയിലേക്ക് പറഞ്ഞയച്ചത്. മുരളീധരന്റെ സ്ഥാനാര്‍ഥിത്വത്തെ ബി.ജെ.പി തൃശൂര്‍ ജില്ലാ സെക്രട്ടറിയും യുവമോര്‍ച്ച കോഴിക്കോട് ജില്ലാ സെക്രട്ടറിയും പരസ്യമായി സ്വാഗതം ചെയ്തതായും അദ്ദേഹം പറയുകയുണ്ടായി. കോണ്‍ഗ്രസ് ബി.ജെ.പി സഖ്യം നിലവിലുണ്ടെന്നതിന് ഇതില്‍പ്പരം വേറെ എന്തുതെളിവുവേണമെന്നും കോടിയേരി ചോദിക്കുകയും ചെയ്തു.

ജയിച്ചുകഴിഞ്ഞാല്‍ കോണ്‍ഗ്രസുകാരെല്ലാം ബി.ജെ.പിയാകുമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നായിരുന്നു പിണറായി വിജയന്റെ ആരോപണം. ബി.ജെ.പിയുമായി രഹസ്യബന്ധമുണ്ടാക്കിയിട്ടാണ് ഇടതുമുന്നണി മുന്‍കൂര്‍ ജാമ്യമെടുക്കുന്നതെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ തിരിച്ചടി. ഒരു കച്ചവടത്തിലൂടെയും യു.ഡി.എഫ് രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി വിജയന്‍ മുന്നറിയിപ്പും നല്‍കി.

പല തരത്തിലുള്ള സഖ്യ നീക്കങ്ങളാണ് നടക്കുന്നത്. യു.ഡി.എഫ് എത്രമാത്രം ഗതികേടിലാണെന്നാണ് ഈ കച്ചവടം തെളിയിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
ആര്‍.എസ്.എസും, എസ്.ഡി.പിഐയുമായും സഖ്യമാണെന്നാണ് വാര്‍ത്തകള്‍. രണ്ട് കക്ഷികളുമുള്ളതുകൊണ്ട് മതനിരപേക്ഷമെന്ന ഗണത്തിലും പെടുത്താമെന്നാണ് യുഡിഎഫ് പക്ഷം. ആര്‍.എസ്.എസിനോടും എസ്.ഡി.പി.ഐയോടും തുല്യ നിലപാടെന്ന് പറയാമല്ലോ. മതനിരപേക്ഷതയെന്നത് വര്‍ഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കലാണ്. അല്ലാതെ നാല് വോട്ടിനു വേണ്ടി മാറ്റാനുള്ളതല്ല. പലയിടത്തും കച്ചവടമുറപ്പിക്കാന്‍ പോകുന്നുണ്ട്. ഒരു കച്ചവടത്തിലൂടെയും നിങ്ങള്‍ രക്ഷപ്പെടില്ലെന്നും പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞത്.

അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് കോണ്‍ഗ്രസ് വടകരയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എതിര്‍സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച അവസരത്തിലാണ് പി.ജയരാജന്‍ ഇങ്ങനെ പ്രതികരിച്ചത്
തിരുവനന്തപുരവും വടകരയും ഊന്നിയാണ് സി.പി.എം കോലീബീ സഖ്യം എന്ന ആരോപണം ഉന്നയിക്കുന്നത് എന്ന് വ്യക്തമാവുകയാണ്. എന്നാല്‍ രാജ്യവ്യാപകമായി ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നതെന്നും അതിലെവിടെയാണ് സഖ്യസാധ്യതയെന്നുമാണ് കോണ്‍ഗ്രസിന്റെ മറു ചോദ്യം.

വടകരയിലേയും തിരുവനന്തപുരത്തേയും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഇക്കാര്യത്തില്‍ ഇന്ന് പ്രതികരിക്കുകയും ചെയ്തു. രാഷ്ട്രീയമായി തന്നെ വേട്ടയാടുന്ന ബി.ജെ.പിയുമായി എന്ത് സഖ്യമാണ് സി.പി.എം ആരോപിക്കുന്നതെന്നായിരുന്നു ശശി തരൂരിന്റെ ചോദ്യം. രാഹുല്‍ ഗാന്ധിയും നരേന്ദ്രമോദിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്നും സി.പി.എമ്മിന് ചെയ്യുന്ന ഓരോ വോട്ടും പരോക്ഷമായി ബി.ജെ.പിക്ക് ചെയ്യുന്നതിന് സമമാകുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ തിരിച്ചടി.

എന്തായാലും പരാജയ ഭീതിയാണോ കൂട്ടുകെട്ടുകളുടെ സാധ്യതയാണോ ആരോപണങ്ങള്‍ക്കു പിന്നിലെന്ന് കാത്തിരുന്നു കാണുകതന്നെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.