2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

മുഖ്യമന്ത്രിയിട്ട പോസ്റ്റിന് ലൈക്ക് 9.1 കെ: അതിനു താഴെ ബല്‍റാമിട്ട കമന്റിന് 13 കെ ലൈക്ക്

  • ഇതിനു മുന്‍പ് കുമ്മനം രാജേശേഖരന്‍ പോലുള്ള ബി.ജെ.പി നേതാക്കളുടെ മാത്രം പോസ്റ്റുകളില്‍ സംഭവിച്ചിരുന്ന പ്രതിഭാസമാണിത്

 

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പോസ്റ്റിനു കീഴില്‍ കമന്റിട്ട് പോസ്റ്റിനേക്കാള്‍ ലൈക്ക് നേടി വി.ടി ബല്‍റാം എം.എല്‍.എ. ഇതിനു മുന്‍പ് കുമ്മനം രാജേശേഖരന്‍ പോലുള്ള ബി.ജെ.പി നേതാക്കളുടെ മാത്രം പോസ്റ്റുകളില്‍ സംഭവിച്ചിരുന്നതാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വാളില്‍ സംഭവിച്ചത്.

പെരിയ ഇരട്ടക്കൊലപാതകത്തില്‍ മൗനം പാലിച്ച സാംസ്‌കാരിക നായകര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വാഴപ്പിണ്ടി ചലഞ്ച് നടത്തി പ്രതിഷേധിച്ചിരുന്നു. നട്ടെല്ലിന് പകരം വാഴപ്പിണ്ടി എന്നു പറഞ്ഞായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു.

അദ്ദേഹം ഇങ്ങനെ പോസ്റ്റിട്ടു:

കേരള സാഹിത്യ അക്കാദമി മലയാള സാംസ്‌കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണ്. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല. സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്റെ സംസ്‌കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്‌നവുമില്ല.

അതിനു താഴെ വി.ടി ബല്‍റാം എം.എല്‍.എ ശക്തമായ ഭാഷയില്‍ കമന്റിടുകയും ചെയ്തു. എന്നാല്‍ പോസ്റ്റിനേക്കാളും ലൈക്ക് കമന്റിനു വീഴുന്നതാണ് പിന്നീടു കണ്ടത്.

മുഖ്യമന്ത്രിയുടെ പോസ്റ്റിന് 1600 കമന്റുകള്‍ മാത്രമുള്ളപ്പോള്‍, ബല്‍റാമിന്റെ കമന്റിന് 14,000 ത്തിലേറെ റിപ്ലേകളുണ്ട്. മുഖ്യമന്ത്രി പിന്നാലെയിട്ട പോസ്റ്റുകള്‍ക്കടിയിലും ബല്‍റാമിനെ പരാമര്‍ശിച്ചുള്ള ട്രോളുകളും കമന്റുകളും നിറയുകയാണ്.  (രാത്രി 11 മണി വരെയുള്ള കണക്ക്)

ഇതാണ് വി.ടി ബല്‍റാമിന്റെ കമന്റ്

>>കേരള സാഹിത്യ അക്കാദമി മലയാള സാംസ്‌കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. <<

ആണല്ലോ? അല്ലാതെ സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ പ്രതിനിധാനം ചെയ്യുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയേയോ പുകസ യേയോ അല്ലല്ലോ? അതുകൊണ്ടുതന്നെയാണ് മിസ്റ്റര്‍ മുഖ്യമന്ത്രീ, അഭിമാനബോധമുള്ള ചെറുപ്പക്കാര്‍ അവിടേക്ക് കടന്നുചെന്ന് ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ദലിത് വനിതയായ കോളേജ് പ്രിന്‍സിപ്പലിന് എസ്എഫ്‌ഐക്കാര്‍ ശവമഞ്ചം തീര്‍ത്തപ്പോള്‍ അത് മഹത്തായ ആര്‍ട്ട് ഇന്‍സ്റ്റലേഷനായി കൊണ്ടാടിയ പാര്‍ട്ടിയുടെ നേതാവ് തന്നെയല്ലേ താങ്കളിപ്പോഴും? എന്നിട്ടാണോ ഈ പ്രതീകാത്മക സമരത്തിനെതിരെ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്! ആര് എന്തഭിപ്രായം പറയണമെന്നൊന്നും ഇവിടെ ആരും ആജ്ഞാപിക്കുന്നില്ല. അല്ലെങ്കില്‍ത്തന്നെ അവര്‍ക്കൊക്കെ എന്ത് ക്രഡിബിലിറ്റിയാണ് അവശേഷിച്ചിട്ടുള്ളത്?

സിപിഎമ്മിന് സ്തുതി പാടാന്‍ മാത്രം വാ തുറക്കുന്ന സാംസ്‌ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങള്‍ അവരര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യും, നിങ്ങള്‍ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല, തീര്‍ത്തും ജനാധിപത്യപരമായി മാത്രം. നിങ്ങള്‍ കണ്ണുരുട്ടിയാല്‍ കേരളം മുഴുവന്‍ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു.

 


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.