2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍; സംഘര്‍ഷ ഭീതിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് മുസ്‌ലിം വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുകയെന്ന അജന്‍ഡയുമായി കേന്ദ്രം കൊണ്ടുവന്ന ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഏഴു സംസ്ഥാനങ്ങളെ കൈയിലെടുക്കാനാണ് ലോക്‌സഭ ഇക്കഴിഞ്ഞ ജനുവരി എട്ടിനു ഇതു പാസാക്കിയെടുത്തത്. ബില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമായിരുന്നു.

പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍നാടുകളില്‍ നിന്ന് 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ വന്ന അവിടങ്ങളിലെ ന്യൂനപക്ഷക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കാമെന്ന ഭേദഗതിയാണിത്. ഇന്ത്യന്‍ പൗരത്വം ലഭിക്കാനുള്ള അവരുടെ അപേക്ഷയ്ക്ക് ഇവിടെ 11 വര്‍ഷം താമസിച്ചിരിക്കണമെന്ന നിബന്ധന ഏഴു വര്‍ഷമായി ചുരുക്കുകയും ചെയ്തു.

ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരേ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. അസം, മേഘാലയ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രതിഷേധം അരങ്ങേറുന്നത്. ഇതിനെതിരേ വടക്കുകിഴക്കന്‍ സംസ്ഥാന സന്ദര്‍ശനത്തില്‍ മോദിക്കെതിരേ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

മണിപ്പൂരിലെ ഇംഫാലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ലിനെ എതിര്‍ക്കുന്ന സംഘടനകള്‍ കരിദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുള്ള മിസോറാമിലും വലിയ സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കിയിട്ടുണ്ട്.

നേരത്തേ മണിപ്പൂരി സിനിമാ സംവിധായകന്‍ അരിബാം ശ്യാം ശര്‍മ തനിക്ക് നല്‍കിയിരുന്ന പത്മശ്രീ പുരസ്‌കാരവും പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് നിരസിച്ചിരുന്നു. ഇതിന് പിന്നാലെ വിഖ്യാത അസമിസ് ഗായകന്‍ ഭൂപന്‍ ഹസാരികയുടെ കുടുംബവും ഭാരത രത്‌ന നിരസിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.