2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അസം, ബംഗാള്‍, ഡല്‍ഹി.. ഇപ്പോള്‍ മേഘാലയിലും അരുണാചലിലും; പൗരത്വ നിയമത്തില്‍ രാജ്യം കത്തുന്നു; യു.എസും ഫ്രാന്‍സും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി

 

ന്യൂഡല്‍ഹി: പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ രാജ്യത്തുയരുന്ന പ്രക്ഷോഭം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. ആദ്യം അസമിലും പശ്ചിമബംഗാളിലും തുടങ്ങിയ പ്രക്ഷോഭം ഇപ്പോള്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും മേഘാലയിലും വ്യാപിച്ചിരിക്കുകയാണ്. എല്ലായിടങ്ങളിലും പൊലിസും പ്രക്ഷോഭകരും ഏറ്റുമുട്ടുകയും വ്യാപക സംഘര്‍ഷമുണ്ടാവുകയും ചെയ്തു.

ഡല്‍ഹിയില്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ഭീം ആര്‍മി

ചന്ദ്ര ശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മി ഡല്‍ഹിയില്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ഡിസംബര്‍ 17നാണ് വന്‍ പ്രക്ഷോഭം നടത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തത്. ‘ബാബാ സാഹെബിന്റെ (അംബേദ്കറുടെ) പ്രതിജ്ഞ കാത്തുസൂക്ഷിക്കാന്‍ സമൂഹത്തിലിറങ്ങും’ എന്ന് ചന്ദ്ര ശേഖര്‍ ആസാദ് പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭം ഡല്‍ഹിയിലെത്തിയത് ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളിലൂടെ. പ്രധാന കവാടത്തിനു മുന്നില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഒത്തുകൂടി പ്രതിഷേധിച്ചു. ഇതോടെ റോഡ് സ്തംഭിക്കുകയും ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്തു.

 

വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലിസ് ലാത്തിചാര്‍ജ്ജ് നടത്തി. നിരവധി വിദ്യാര്‍ഥികളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദ്യാര്‍ഥികളുടെ ഭാഗത്തു നിന്ന് കല്ലേറുണ്ടായെന്ന് ആരോപിച്ച് പൊലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രതിഷേധ മാര്‍ച്ചിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ച് തടയാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി. നിരവധി വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി.

 

‘യൂനിവേഴ്‌സിറ്റി ക്യാംപസില്‍ നിന്ന് പാര്‍ലമെന്റിലേക്ക്’ എന്നാണ് വിദ്യാര്‍ഥികള്‍ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ അധികദൂരം കടക്കാന്‍ പൊലിസ് അനുവദിച്ചില്ല. യൂനിവേഴ്‌സിറ്റിക്ക് അടുത്തു തന്നെ തടയുകയും ഇതോടെ സംഘര്‍ഷമുണ്ടാവുകയും ചെയ്തു.

അരുണാചലില്‍ വിദ്യാര്‍ഥി പ്രതിഷേധം

അരുണാചല്‍ പ്രദേശിലും വ്യാപക പ്രതിഷേധം നടക്കുകയാണ്. പരീക്ഷകള്‍ ബഹിഷ്‌കരിച്ചാണ് ക്യാംപസുകളിലെ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. നിയമം അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യമാണ് വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയത്.

അസമില്‍ 30 ട്രെയിനുകള്‍ റദ്ദാക്കി

അസമിലെ ഗുവാഹത്തില്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് വെടിവയ്പ്പും സംഘര്‍ഷവുമുണ്ടായതിനെത്തുടര്‍ന്ന് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. അസമില്‍ 30 ട്രെയിനുകള്‍ റദ്ദാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.