2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഭിന്നശേഷി അവകാശ പ്രവര്‍ത്തകയോട് നാടകം കളിക്കാതെ വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ; വിവാദമായതോടെ സി.ഐ.എസ്.എഫ് മാപ്പുപറഞ്ഞു

ന്യൂഡല്‍ഹി: ഭിന്നശേഷി അവകാശ പ്രവര്‍ത്തകയും ഭിന്ന ശേഷിക്കാരിയുമായ വിരാലി മോദിയെ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് അപമാനിച്ച് സി.ഐ.എസ്.എഫ് വനിതാ കോണ്‍സ്റ്റബിള്‍. 13 വര്‍ഷമായി വീല്‍ ചെയറിലുള്ള വിരാലി ഇന്നലെ ഇന്ദിരാഗാന്ധി ഡല്‍ഹി അന്താരാഷ്ട്ര രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വനിതാ കോണ്‍സ്റ്റബിള്‍ എഴുന്നേല്‍ക്കാന്‍ പറഞ്ഞത്. 2006ല്‍ നട്ടെലിനു ക്ഷതമേറ്റതു മുതല്‍ വീല്‍ചെയറിലാണ് വിരാലി യാത്ര ചെയ്യുന്നത്. തിങ്കളാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്കുള്ള ഫ്‌ലൈറ്റില്‍ പോകുന്നതിനു വേണ്ടിയാണ് വിരാലി ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്.

വീല്‍ചെയര്‍ കാര്‍ഗോയില്‍ ഏല്‍പ്പിച്ച ശേഷം വിരാലിയെ സീറ്റില്‍ ഇരുത്തുന്നതിനു വേണ്ടി ഒരു സഹായിയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പരിശോധനാ കൗണ്ടറില്‍ എത്തിയപ്പോള്‍ വനിതാ കോണ്‍സ്റ്റബിള്‍ വിരാലിയോട് വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തനിക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കില്ലെന്നു വിരാലി പറഞ്ഞപ്പോള്‍ നാടകം കളിക്കരുതെന്നു പറഞ്ഞ ഉദ്യോഗസ്ഥ മുതിര്‍ന്ന ഓഫിസറോടു പരാതിപ്പെടുകയും ചെയ്തു.

വീല്‍ചെയര്‍ ഉപയോഗിക്കുന്നയാളാണെങ്കിലും നിരന്തരം വിദേശയാത്രകള്‍ ചെയുന്ന ആളാണെന്നു തെളിയിക്കുന്നതിനായി തന്റെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ അവരെ കാണിച്ചതായി വിരാലി സി.ഐ.എസ്.എഫിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. കോണ്‍സ്റ്റബിളിന്റെ പേരുകിട്ടിയില്ലെന്നും തര്‍ക്കത്തിനിടയില്‍ കൃത്യമായി പേരുകാണാന്‍ സാധിച്ചില്ലെന്നും പരാതിയില്‍ വിരാലി വിശദീകരിച്ചു. ‘ശേഷം ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എത്തി പരിശോധിച്ചശേഷം എന്നെ പോകാന്‍ അനുവദിക്കുകയായിരുന്നു.’ വിരാലി പറഞ്ഞു. സംഭവത്തില്‍ സി.ഐ.എസ്.എഫ് തന്നോടു ഖേദം പ്രകടിപ്പിച്ചതായും വിരാലി പിന്നീട് ട്വീറ്റ് ചെയ്തു.

കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്നും ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ വിരാലിയോട് എഴുന്നേല്‍ക്കാന്‍ പറയുകയും എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത വിരാലിയെ വനിതാ സേനാവിഭാഗത്തിലൊരാള്‍ തള്ളിയിടുകയും ചെയ്തു. ശേഷം അവരെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു.

രണ്ടുവര്‍ഷം മുമ്പ് മുംബൈയില്‍ ട്രെയിന്‍ കയറാന്‍ സഹായിച്ച റെയില്‍വേ പോട്ടര്‍ തന്നെ ശാരീരികമായി ചൂഷണം ചെയ്‌തെന്ന ആരോപണവുമായി വിരാലി രംഗത്തെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നു ‘മൈ ട്രെയിന്‍ ടൂ… ‘ എന്ന ഹാഷ്ടാഗില്‍ വിരാലി ആരംഭിച്ച പ്രചാരണത്തെ തുടര്‍ന്നാണ് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന്‍ രാജ്യത്തെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ റെയില്‍വേ സ്റ്റേഷനായി മാറ്റിയത്. മോഡലിങ് രംഗത്തും സജീവമാണ് വിരാലി.

CISF Allegedly Misbehaves with Woman in Wheelchair at Delhi Airport


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.