2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

നോട്ട് നിരോധന ശേഷം എത്ര കള്ളപ്പണം കിട്ടി?-വര്‍ഷം കഴിഞ്ഞിട്ടും ഉത്തരം കിട്ടാത്ത വിവരം തേടി വിവരാവകാശ കമ്മിഷന്‍

ന്യൂഡല്‍ഹി: 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചതിനു ശേഷം എത്ര കള്ളനോട്ടുകള്‍ കണ്ടെത്തിയെന്ന ചോദ്യത്തിന് ഉത്തരം തേടി ഒടുവില്‍ കേന്ദ്ര വിവരാവകാശ കമ്മിഷന്‍ തന്നെ രംഗത്ത്. ഒരു വര്‍ഷം മുന്‍പ് സമര്‍പ്പിക്കപ്പെട്ട വിവരാവകാശ അപേക്ഷയിലാണ് ഉത്തരം തേടി ധനമന്ത്രാലയത്തിന് നോട്ടീസ് അയച്ചത്.

അതേസമയം, നിര്‍ദ്ദിഷ്ട സമയത്ത് വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കാത്തതില്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് മുഖ്യ വിവരാവകാശ കമ്മിഷണര്‍ ആര്‍.കെ മാഥുര്‍ പിഴ ഈടാക്കിയിട്ടുണ്ട്.

പ്രത്യേക കാരണമില്ലാതെ 30 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാതിരിക്കുകയോ, തൃപ്തമായ മറുപടി ലഭിക്കാതിരിക്കുകയോ ചെയ്താല്‍ പിഴ നല്‍കണമെന്നാണ് നിയമം.

നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ച് 2016 നവംബര്‍ 22 നാണ് ആലുവ മുണ്ടന്‍പിള്ളി സ്വദേശി ഖാലിദ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ അപേക്ഷ നല്‍കിയത്. നോട്ട് നിരോധനത്തിന്റെ പ്രധാന കാരണം കള്ളനോട്ട് കണ്ടെത്താനാണെന്ന മോദിയുടെ വാഗ്ദാനം ചോദ്യംചെയ്തായിരുന്നു ഇത്.

എന്നാല്‍ 30 ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് ഒരു മറുപടിയും ലഭിച്ചില്ല. തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫിസിനെതിരെ കമ്മിഷനു മുന്‍പാകെ 2017 ജനുവരി ഒന്‍പതിന് പരാതി നല്‍കുകയായിരുന്നു.

അപേക്ഷ ജനുവരി 25ന് ആദായ വകുപ്പിന് കൈമാറിയതായി കമ്മിഷനോട് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇവിടെ നിന്നും ഒരു മറുപടിയും ഇപ്പോഴും ലഭിച്ചിട്ടില്ല.

ഹിയറിങിന്റെ സമയത്ത് വിവരം നല്‍കാന്‍ വൈകിയതില്‍ മോദിയുടെ ഓഫിസ് ക്ഷമാപണം ചോദിച്ചു. എന്നാല്‍ ഉത്തരം നല്‍കാത്തത് എന്തേ എന്ന കാരണം വ്യക്തമാക്കിയിട്ടില്ലെന്നും മാഥുര്‍ നിരീക്ഷിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News