2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ചുരുളഴിയുന്നു

 

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ സി.എ.ജി റിപ്പോര്‍ട്ട് തയാറായി. റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൈമാറിയേക്കും.
പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാനദിനമായ ബുധനാഴ്ച റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചേക്കുമെന്നാണ് സൂചന. റാഫേല്‍ ഉള്‍പ്പെടെ സമീപകാലത്തെ എല്ലാ ആയുധ ഇടപാടുകളെയും കുറിച്ചുള്ള റിപ്പോര്‍ട്ടാണ് സി.എ.ജി തയാറാക്കിയിരിക്കുന്നത്.
റിപ്പോര്‍ട്ട് ഉടന്‍ രാഷ്ട്രപതിക്ക് കൈമാറുമെന്നും രാഷ്ട്രപതി അത് രാജ്യസഭ- ലോക്‌സഭ അധ്യക്ഷന്‍മാര്‍ക്ക് കൈമാറുമെന്നും കരാറിന്റെ തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ടെന്നും സി.എ.ജി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നേരത്തെ റാഫേല്‍ സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് മുന്‍പാകെയും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുന്‍പാകെയും വച്ചുവെന്ന് സുപ്രിംകോടതിയെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചത് വിവാദമായിരുന്നു. റാഫേലില്‍ വിശദ അന്വേഷണം വേണ്ടെന്ന സുപ്രിംകോടതി ഉത്തരവിലാണ് റാഫേലില്‍ സി.എ.ജി റിപ്പോര്‍ട്ടുണ്ടെന്നും അത് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചെന്നുമുള്ള പരാമര്‍ശമുണ്ടായത്.

വ്യോമസേനയ്ക്ക് 126 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 2001 ജൂണില്‍ വാജ്‌പേയി സര്‍ക്കാരാണ് നടപടി ആരംഭിച്ചത്. 18 വിമാനങ്ങള്‍ വിദേശത്ത് നിര്‍മിച്ച് വാങ്ങാനും 108 എണ്ണം എച്ച്.എ.എല്ലില്‍ സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ നിര്‍മിക്കാനുമായിരുന്നു കരാര്‍.

2007ല്‍ യു.പി.എ സര്‍ക്കാരാണ് ക്വട്ടേഷന്‍ നടപടികള്‍ ആരംഭിച്ചത്. അഞ്ചുവര്‍ഷമെടുത്തു ഇത് പൂര്‍ത്തിയാവാന്‍. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കേ സര്‍ക്കാര്‍ മാറി 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി. മോദി സര്‍ക്കാര്‍ 8.7 ബില്യന്‍ ഡോളര്‍ ചെലവില്‍ 36 റാഫേലുകള്‍ വാങ്ങാമെന്ന് 2015 ഏപ്രിലില്‍ പ്രഖ്യാപിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് കരാറൊപ്പിട്ടു.

കമ്പനിയുടെ മുന്‍ ക്വട്ടേഷന്‍ പ്രകാരം ഒരു വിമാനത്തിന്റെ വില 526 കോടിയായിരുന്നുവെന്നും 1,670 കോടി രൂപയ്ക്കാണ് പുതിയ കരാറെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആരോപണമുന്നയിച്ചതോടെയാണ് റാഫേല്‍ വിവാദമായത്.
സാങ്കേതികവിദ്യ കൈമാറ്റ കരാറില്‍നിന്ന് പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ ഒഴിവാക്കുകയും അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്തുകയും ചെയ്തതും വിവാദമായി. കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതായ വിവരങ്ങളും പുറത്തുവന്നു. ഈ പശ്ചാതലത്തിലാണ് ഏറെ പ്രാധാന്യമുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News