2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ചൊവ്വയിലെ ശബ്ദം

കേപ് കനവറല്‍: ചരിത്രം തിരുത്തി ലോകവും ശാസ്ത്രവും മുന്നേറുന്നു ഭൂമിയിലെ കാറ്റിനെക്കുറിച്ചു മാത്രമല്ല, ഇനി ചൊവ്വയിലെ കാറ്റിനെക്കുറിച്ചും ചര്‍ച്ചയാകാം. ചൊവ്വയിലെ മാരുതന്റെ ശബ്ദവീചികള്‍ ആദ്യമായി ഒപ്പിയെടുത്തിരിക്കുകയാണ് നാസയുടെ ചൊവ്വ പേടകമായ ‘ഇന്‍സൈറ്റ് ലാന്‍ഡര്‍’.

ഭൂമിയെ അപേക്ഷിച്ചു വളരെ പതുക്കെയാണ് ചൊവ്വയിലെ കാറ്റിന്റെ പ്രവാഹം. മണിക്കൂറില്‍ പത്തുമുതല്‍ 15 വരെ മൈല്‍ (ഏകദേശം 16 മുതല്‍ 24 വരെ കിലോമീറ്റര്‍) വേഗത്തിലാണ് അവിടെ കാറ്റ് വീശുന്നത്. ചൊവ്വയിലിറങ്ങി പര്യവേക്ഷണം തുടങ്ങി ആദ്യവാരത്തിലാണ് ഇന്‍സൈറ്റ് ലാന്‍ഡര്‍ കാറ്റിന്റെ ശബ്ദം പകര്‍ത്തിയത്.
തെക്കുകിഴക്കു ഭാഗത്തുനിന്നു വടക്കുകിഴക്കു ഭാഗത്തേക്കു സഞ്ചരിച്ച കാറ്റ് ലാന്‍ഡറിനകത്തെ എയര്‍പ്രഷര്‍ സെന്‍സറും ഡെക്കിലുള്ള സീസ്‌മോമീറ്ററും ചേര്‍ന്നാണ് ഒപ്പിയെടുത്തത്. 15 മിനുട്ട് ദൈര്‍ഘ്യമുള്ള ശബ്ദരേഖ നാസ ഇന്‍സൈറ്റിന്റെ ഔദ്യോഗിക അക്കൗണ്ട് വഴി പുറത്തുവിട്ടിട്ടുണ്ട്.

ഒരു പാരത്രിക ലോകത്തിന്റെ ഗുണങ്ങളെല്ലാം ചൊവ്വാ കാറ്റിലടങ്ങിയിട്ടുണ്ടെന്നു പദ്ധതിയുടെ ഭാഗമായ ശാസ്ത്രസംഘം നിരീക്ഷിച്ചു. ചൊവ്വയില്‍ ലാന്‍ഡറിലിരിക്കുന്ന അനുഭവമാണ് ശബ്ദരേഖ കേട്ടപ്പോള്‍ ഉണ്ടായതെന്ന് അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാല പ്രൊഫസര്‍ ഡോണ്‍ ബാന്‍ഫീല്‍ഡ് പറഞ്ഞു.
നവംബര്‍ 26നാണ് ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയിലിറങ്ങിയത്. ചൊവ്വാ ഉപരിതലത്തിലെ ഇനിയും കണ്ടെത്തപ്പെടാത്ത രഹസ്യങ്ങള്‍ കണ്ടെടുക്കുകയാണ് നാസയുടെ പേടകത്തിന്റെ ലക്ഷ്യം.

വാഹനത്തിന്റെ സോളാര്‍ പാനലിലൂടെ കടന്നു പോയ കാറ്റിന്റെ ശബ്ദമാണ് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. സെക്കന്‍ഡില്‍ 5 മുതല്‍ 7 മീറ്റര്‍ വേഗത്തിലാണ് കാറ്റു വീശിയത് എന്നാണ് ഗവേഷകരുടെ നിഗമനം. നവംബര്‍ 26 നാണ് വാഹനം ചൊവ്വയില്‍ ഇറങ്ങിയത്. വരും കാലങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ചൊവ്വയില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം .


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News