
ബെയ്ജിങ്ങ്: ഷീ ജിങ് പിങ് ഇനി ചൈനയുടെ ആജീവനാന്ത പ്രസിഡന്റ്. പ്രസിഡന്റ് പദത്തില്‍ രണ്ട് തവണ മാത്രം അവസരം നല്കുന്ന നിയമം ചൈന ഭേദഗതി ചെയ്തതോടെയാണ് ആജീവനാന്ത പ്രസിഡന്റായിരിക്കാന്‍ ഷീ ജിങ് പിങിന് വഴിയൊരുങ്ങിയത്.
ഭേദഗതി ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ പാസായി. രണ്ടുപേര്‍ മാത്രമാണ് ഇതിനെ എതിര്‍ത്ത് വോട്ട് ചെയ്തത്.
പാര്‍ട്ടിയില്‍ ഏകാധിപത്യം ഉറപ്പിച്ചിതിനു പിറകെ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലും ജിന്‍പിങ് ആധിപത്യം തുടരുമെന്നു നേരത്തെ തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. നിയമ ഭേദഗതി നടപ്പാകുന്നതോടെ 2023 ന് ശേഷവും ഷി പ്രസിഡന്റായി തുടരും.
മാവോ സേതൂങ്ങിനു ശേഷം ചൈന കണ്ട ഏറ്റവും ശക്തനായ നേതാവായും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സാമ്പത്തികസാമൂഹിക കാഴ്ചപ്പാടുകള്‍ പാര്‍ട്ടി ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തിരുന്നു.
1953ല്‍ ജനിച്ച ഷി ജിന്‍പിങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ ഷി സോങ്സുവിന്റെ മകനാണ്. 1974ല്‍ പാര്‍ട്ടി അംഗത്വം നേടിയ ഷി ജിന്‍പിങ് 2013ലാണ് ആദ്യമായി രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.