2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

സോഷ്യലിസവുമായി ഇസ്‌ലാം പൊരുത്തപ്പെട്ടു പോകാന്‍ നിയമം പാസാക്കി; ചൈനയിലെ ‘നവോത്ഥാനം’ ഇങ്ങനെ

 

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ചൈനീസ് വേര്‍ഷനിലുള്ള ഇസ്‌ലാം സാധ്യമാവണമെന്ന ലക്ഷ്യത്തോടെ പുതിയ നിയമം പാസാക്കി ചൈനീസ് ഭരണകൂടം. മതം എങ്ങനെയാവണമെന്ന നിര്‍ദേശത്തോടെയാണ് നിയമം.

സോഷ്യലിസവുമായി ഇസ്‌ലാം പൊരുത്തപ്പെട്ടു പോകാനും ഇസ്‌ലാമിനെ ചൈനീസ് വല്‍ക്കരിക്കാനുമാണ് പുതിയ നിയമമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ചൈനയിലെ എട്ട് ഇസ്‌ലാമിക സംഘടനകളുമായി ചേര്‍ന്ന് ചര്‍ച്ച നടത്തിയാണ് നിയമം പാസാക്കിയതെന്നാണ് പറയുന്നത്. എന്നാല്‍ ഏതൊക്ക സംഘടനയാണെന്നോ മറ്റോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇസ്‌ലാമിക അടയാളങ്ങളോ ആരാധനകളോ നിര്‍വഹിക്കാന്‍ മുസ്‌ലിംകള്‍ക്ക് അനുവാദമില്ലാത്ത രാജ്യമാണ് ചൈന. റമദാന്‍ കാലത്ത് നോമ്പു നോക്കാന്‍ പോലും ചൈന അനുവദിക്കാറില്ല. ലക്ഷക്കണക്കിനു വരുന്ന ഉയ്ഗുര്‍ മുസ്‌ലിംകളെ ചൈന ഇതിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കുകയും ചെയ്യുന്നു. അതിനിടയിലാണ് ഇസ്‌ലാമിനെ ‘സാമൂഹ്യവല്‍ക്കരിക്കാനു’ള്ള ചൈനയുടെ നിയമം.

ഇസ്‌ലാമിക വസ്ത്രധാരണമോ താടി വളര്‍ത്തലോ ഹിജാബ് ധരിക്കലോ ചൈനീസ് നിയമം മുന്‍പേ അനുവദിക്കുന്നില്ല. ഇത് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുകയോ കടുത്ത പീഡനം ഏല്‍പ്പിക്കുകയോ ചെയ്യുന്നത് പതിവാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയില്‍, ലക്ഷക്കണക്കിന് ഉയിഗുര്‍ മുസ്‌ലിംകളെ പ്രത്യേക ക്യാംപില്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും നിരീശ്വരവാദത്തിലേക്ക് നിര്‍ബന്ധിച്ച് പരിവര്‍ത്തനം നടത്തുകയും ചെയ്യുന്നുണ്ടെന്ന് യു.എന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചൈനയുടെ മുസ്‌ലിം വിരുദ്ധ നയത്തിനെതിരെ വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങള്‍ കടുത്തരീതിയില്‍ വിമര്‍ശനം നടത്തിയിരുന്നു. മുസ്‌ലിംകള്‍ക്കെതിരായ ക്യാംപയിനെ ലോകത്തിന് തള്ളിക്കളയാനാവില്ലെന്ന് വാഷിങ്ടണ്‍ പോസ്റ്റ് എഴുതിയിരുന്നു.

എന്നാല്‍ ഇക്കാര്യങ്ങള്‍ ചൈന നിഷേധിക്കുന്നു. ന്യൂനപക്ഷങ്ങളുടെയും മതങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്നാണ് ചൈനയുടെ വാദം.

അതേസമയം, കഴിഞ്ഞ ആഴ്ച പോലും മൂന്നു പള്ളികള്‍ പൂട്ടുന്ന സ്ഥിതിയുണ്ടായി. യുനാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമായ ഹുയ് മുസ്‌ലിംകളുടെ പള്ളികളാണ് പൂട്ടിയത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.