2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ചാച്ചാജി

നവംബര്‍ 14 ശിശുദിനം

 

എം. റയ്യാന്‍

ജവഹര്‍ലാല്‍ നെഹ്‌റുവിന് കുട്ടികളോട് പ്രത്യേക വാത്സല്യമായിരുന്നു. കുട്ടികളോടുള്ള സ്‌നേഹവും അടുപ്പവും നെഹ്‌റുവിനെ പ്രിയപ്പെട്ട ചാച്ചാജിയാക്കി.
അലഹബാദിലെ പണ്ഡിറ്റ് കുടുംബത്തില്‍ മോത്തിലാല്‍ നെഹ്‌റുവിന്റേയും സ്വരൂപ്‌റാണി തുസ്സുവിന്റെയും മകനായി 1889-ലാണ് നെഹ്‌റു ജനിച്ചത്. സഹോദരിമാരിലൊരാളായ വിജയലക്ഷ്മി പണ്ഡിറ്റ് പിന്നീട് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന ബഹുമതി നേടി. എഴുത്തുകാരി കൃഷ്ണഹുതി സിങ് രണ്ടാമത്തെ സഹോദരിയാണ്. 1916-ലായിരുന്നു നെഹ്‌റുവിന്റെ വിവാഹം.
കമല കൗളായിരുന്നു ഭാര്യ. ഇന്ദിരാഗാന്ധി പ്രിയ പുത്രിയാണ്. സമ്പന്നകുടുംബത്തില്‍ ജനിച്ച അദ്ദേഹം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പദത്തിലെത്തുന്നതിലേക്ക് താണ്ടിയ വഴികള്‍ നിരവധിയാണ്.

പഠനവും ഗാന്ധിജിയുമായുള്ള
സൗഹൃദവും
ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലാണ് നെഹ്‌റു പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് ലണ്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് ബിരുദവുമെടുത്തു. ആ കാലഘട്ടത്തില്‍ ഒട്ടനേകം ലോകപ്രശസ്ത എഴുത്തുകാരുടെ കൃതികള്‍ വായിച്ചു. ആ എഴുത്തുകാരുടെ സ്വാധീനമാണ് രാഷ്ട്രീയത്തെക്കുറിച്ചും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുമുള്ള ചിന്തകള്‍ക്ക് വളമായത്.
അവിടെ നിന്ന് ബാരിസ്റ്റര്‍ പരിശീലനം നേടിയ അദ്ദേഹം ഇന്ത്യയിലേക്ക് 1912-ല്‍ തിരിച്ചുവന്നു. അലഹബാദ് കോടതിയില്‍ അഭിഭാഷകനായി ജോലി ചെയ്ത അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യക്ക് പൂര്‍ണ സ്വാതന്ത്ര്യം വേണമെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. ഉറ്റ സുഹൃത്ത് മഹാത്മാഗാന്ധിയുടെ പിന്തുണയോടെ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവായി മാറി.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രംഗത്ത് ശക്തമായ സാന്നിധ്യം അറിയിച്ച നെഹ്‌റു രാഷ്ട്രീയ തത്വചിന്തകന്‍, ഗ്രന്ഥകര്‍ത്താവ്, ചരിത്രകാരന്‍ എന്നീനിലകളിലും വ്യക്തിമുദ്രപതിപ്പിച്ചു. പ്രധാനമന്ത്രിയായി 17വര്‍ഷം തുടര്‍ന്നു. സോഷ്യലിസ്റ്റ് ആശയത്തിന് പ്രാധാന്യം നല്‍കി. ഭരണരംഗത്തും സോഷ്യലിസ്റ്റ് ആശയങ്ങള്‍ വന്‍സ്വാധീനം ചെലുത്തിയിട്ടുണ്ട്.

രാഷ്ട്രീയ പ്രവേശം
പഠനശേഷം ഇന്ത്യയിലേക്ക് മടങ്ങിവന്ന നെഹ്‌റു രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. പിതാവ് മോത്തിലാല്‍ നെഹ്‌റു ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് നെഹ്‌റു സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. പാട്‌നയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത നെഹ്‌റു അവിടെ ഒരു കൂട്ടം സമ്പന്നരായ കോണ്‍ഗ്രസുകാരെ മാത്രമേ കണ്ടിരുന്നുള്ളൂ.
ഒന്നാംലോക മഹായുദ്ധത്തിന് ശേഷമുള്ള കാലത്തായിരുന്നു നെഹ്‌റുവില്‍ ബ്രിട്ടീഷ് വിരോധം കൂടുതല്‍ കാണപ്പെട്ടത്.1916-ല്‍ ലക്‌നൗ കോണ്‍ഗ്രസ് സമ്മേളനത്തില്‍ നെഹ്‌റു ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടി. ഗാന്ധിജിയുടെ നിസഹകരണ പ്രസ്ഥാനത്തില്‍ താല്‍പ്പര്യം തോന്നിയ നെഹ്‌റു ഗാന്ധിജിക്കൊപ്പം ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തില്‍ സജീവമായി. അറസ്റ്റും ജയില്‍വാസവും അനുഭവിച്ച ഇവര്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ഒരു ചരടിലെ പുഷ്പങ്ങള്‍
നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ ദര്‍ശനത്തില്‍ അണുകിട വിട്ടുവീഴ്ച ചെയ്യാന്‍ നെഹ്‌റു തയാറല്ലായിരുന്നു. ഹിന്ദുവും മുസല്‍മാനും സിക്കുകാരനും ജൈനനും ബുദ്ധമതക്കാരുമെല്ലാം ഒരേ ചെടിയിലെ പൂക്കളാണെന്നദ്ദേഹം ഓര്‍മിപ്പിച്ചു. ഒരു മതവിശ്വാസി അല്ലാതിരുന്ന പണ്ഡിറ്റ്ജി എല്ലാ മതങ്ങളെയും ആദരിച്ചു. തന്റെ വിശ്വാസം രാഷ്ട്രത്തിനും ജനതയ്ക്കും ഒരുതരത്തിലും സ്വാധീനമാകാതിരിക്കാന്‍ അതീവശ്രദ്ധ പുലര്‍ത്തി.

വായനയും എഴുത്തും
ആഴത്തിലുള്ള വായന നിലനിര്‍ത്തിയിരുന്നു നെഹ്‌റു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയിലുകളില്‍ കഴിയുമ്പോഴാണ് അദ്ദേഹം പ്രധാനമായും പുസ്തകങ്ങള്‍ രചിച്ചിരുന്നത്. ഡിസ്‌കവറി ഓഫ് ഇന്ത്യ, എന്ന ആത്മകഥ പ്രസിദ്ധമാണ്. ഗ്ലിംപ്‌സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി, ലെറ്റേഴ്‌സ് ഫ്രം എ ഫാദര്‍ ടു ഹിസ് ഡോട്ടര്‍, എ ബഞ്ച് ഓഫ് ഓള്‍ഡ് ലെറ്റേഴ്‌സ്, ദ എസ്സന്‍ഷ്യല്‍ റൈറ്റിംഗ്‌സ്, ആന്‍ ആന്തോളജി, ലെറ്റേഴ്‌സ് ടു ചീഫ് മിനിസ്റ്റേഴ്‌സ്, മഹാത്മാഗാന്ധി, ഇന്ത്യയില്‍ 18 മാസം എന്നിവ പ്രസിദ്ധങ്ങളായ രചനകളാണ്. ആ കാലഘത്തില്‍ തന്നെയാണ് അദ്ദേഹം മകള്‍ക്കും കത്തുകള്‍ അയച്ചത്. മകള്‍ ഇന്ദിരയ്ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ വ്യത്യസ്ത ജയിലുകളില്‍ നിന്നായി 196 കത്തുകള്‍ അദ്ദേഹം എഴുതി. ഈ കത്തുകള്‍ പിന്നീട് ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പേരില്‍ ഒരു പുസ്തകമായി. അത് മികച്ച പുസ്തകങ്ങളിലൊന്നാണ്. നല്ലൊരു പ്രഭാഷകന്‍ കൂടിയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിലിറങ്ങിയില്ലെങ്കില്‍ കവി
രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കില്‍ അദ്ദേഹം ലോകം അറിയപ്പെടുന്നൊരു കവി ആവുമായിരുന്നുവെന്ന് പല പ്രമുഖരും പറഞ്ഞിട്ടുണ്ട്. ചരിത്രവും രാഷ്ട്രമീമാംസയും തത്വശാസ്ത്രവും എല്ലാം അദ്ദേഹത്തിന്റെ സഹചാരികളായിരുന്നു. ഇന്ത്യയെക്കുറിച്ച് വലിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും അദ്ദേഹം വച്ചുപുലര്‍ത്തി. കുട്ടികളാണ് നാളത്തെ രാഷ്ട്രപൗരന്മാരായി വളരേണ്ടവര്‍ എന്ന തിരിച്ചറിവായിരിക്കാം അദ്ദേഹം കുട്ടികളെ ഇത്രമാത്രം ഇഷ്ടപ്പെടാനുള്ള കാരണം.

നൂതനപരിഷ്‌കാരങ്ങളും പദ്ധതികളും
പ്രശസ്ത എഴുത്തുകാരുടെ സ്വാധീനം ഭരണ,സാമ്പത്തിക രംഗങ്ങളിലുള്ള നൂതന ചിന്തകളില്‍ നെഹ്‌റുവിനെ കൊണ്ടെത്തിച്ചു. യൂറോപ്യന്‍ യാത്രകളിലെ സ്വാധീനം അദ്ദേഹത്തെ പാശ്ചാത്യ ജീവിതരീതികളിലേക്ക് നയിച്ചിരുന്നു. ഭരണരംഗത്ത് ഒട്ടേറെ നൂതന പദ്ധതികള്‍ നെഹ്‌റു ആവിഷ്‌കരിച്ചു. സാമൂഹിക,സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് നവീകരണപദ്ധതികള്‍ കൊണ്ടുവന്നു. കൃഷി,വ്യവസായം, ശാസ്ത്രസാങ്കേതിക വളര്‍ച്ച എന്നിവയിലൂന്നിയ നയപരിപാടികളും അദ്ദേഹം കൊണ്ടുവന്നു.1951-ല്‍ ഏഷ്യന്‍ ഗെയിംസ് കൊണ്ടുവരാന്‍ കഴിഞ്ഞതും നെഹ്‌റുവിന്റെ ഭരണനേട്ടങ്ങളില്‍ മികച്ചതായി. ഡല്‍ഹിയില്‍വച്ചാണ് അന്ന് ഗെയിംസ് നടന്നത്.

മരണം
1964 മെയ് 27ന് നെഹ്‌റു അന്തരിച്ചു. ഉച്ചയോടെ മരണം ലോക്‌സഭയില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യമുനാ നദിക്കരയിലുള്ള ശാന്തിവനത്തിലാണ് മരണാനന്തര കര്‍മങ്ങള്‍ നടന്നത്. മരിക്കുന്നതിന് പത്തുവര്‍ഷങ്ങള്‍ക്കുമുന്‍പ് 1954-ല്‍ നെഹ്‌റു മരണാനന്തരമുള്ള വില്‍പ്പത്രമെഴുതി വച്ചിരുന്നു. മരിച്ചാല്‍ ചിതാഭസ്മം ഗംഗാനദിയിലും വയലുകളിലും സമര്‍പ്പിക്കണമെന്നായിരുന്നു കുറിപ്പ്.

ലോകമാകെ ശിശുദിനം
എല്ലാവര്‍ഷവും നവംബര്‍ 14ന് ശിശുദിനമായി ആചരിക്കുമ്പോള്‍ രാഷ്ട്രം അദ്ദേഹത്തിന്റെ ദീപ്തസ്മരണകൂടി പുതുക്കുന്നു. ഇന്ത്യയിലെന്നല്ല, ഭൂരിഭാഗം ലോകരാജ്യങ്ങളിലും ആചരിക്കുന്ന ശിശുദിനം ലോകത്താകമാനമുള്ള കുട്ടികളുടെ ക്ഷേമവും ഐശ്വര്യവുമാണ് ലക്ഷ്യമിടുന്നത്. ആദ്യത്തെ ശിശുദിനാചരണം1954 ലായിരുന്നു.
ഇന്ത്യകണ്ട പ്രഗത്ഭ രാഷ്ട്രതന്ത്രജ്ഞനും മുന്‍ പ്രതിരോധമന്ത്രിയുമായ വി.കെ കൃഷ്ണമേനോന്‍ ആയിരുന്നു ഇത് വിഭാവനം ചെയ്തത്. അന്താരാഷ്ട്ര ബാലദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയെ ബോധ്യപ്പെടുത്തിയത് കൃഷ്ണമേനോന്‍ ആയിരുന്നു. അതിനുശേഷമാണ് ലോകമാകെ ശിശുദിനം ആചരിച്ചുതുടങ്ങിയത്.

മധുരതരമാകട്ടെ ബാല്യം

അജി മേലേടത്ത്
ഏറ്റവും കൂടുതല്‍ ആസ്വദിക്കേണ്ടണ്ടണ്ട കാലമാണ് ബാല്യം. ഇന്നത്തെ തലമുറയിലെ നല്ലൊരു ശതമാനം കുഞ്ഞുങ്ങള്‍ക്കും ആസ്വദിക്കാന്‍ പറ്റാതെ പോകുന്നില്ലേ ഈ ബാല്യകാലം?. കാരണങ്ങള്‍ പലതാണ്.
കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ വരദാനങ്ങളാണ്. കുഞ്ഞു മനസില്‍ നന്മയും, മത സൗഹാര്‍ദ ചിന്തയും സാഹോദര്യഭാവവും വളര്‍ത്താനുള്ള പ്രവര്‍ത്തനം കുടുംബങ്ങളില്‍ നിന്നും ആരംഭിക്കാം.സാമൂഹിക പ്രതിബദ്ധതക്കും കുടുംബ മൂല്യങ്ങള്‍ക്കും ഉള്ള പ്രാധാന്യം അറിയാതെ വളരാന്‍ മക്കള്‍ ഇടയാകരുത്. കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്കും, അവരോടുള്ള ക്രൂരതക്കും ബാലവേലക്കും എതിരെയും ഒന്നിക്കാം.

കുട്ടികളുടെ അവകാശങ്ങള്‍

1. വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യസുരക്ഷ, പാര്‍പ്പിടം, ശുചിയായ പരിസരം, വ്യക്തിവികാസം, എന്നിവയ്ക്ക് ഓരോ കുട്ടിക്കുമുള്ള മൗലിക പൗരാവകാശത്തെ വ്യവസ്ഥ ചെയ്യുന്നു.
2. 2002ലെ 86 ഭരണഘടന ഭേദഗതിയനുസരിച്ച് ആറുമുതല്‍ 14 വയസുവരെ എല്ലാ കുട്ടികള്‍ക്കും രാഷ്ട്രം നിയമാനുസൃതമായി നിര്‍ണയിക്കപ്പെട്ട വിധമുള്ള നിര്‍ബന്ധിതവും, സൗജന്യവുമായ വിദ്യാഭ്യാസ അവകാശം വാഗ്ദാനം ചെയ്യുന്നു. മേല്‍ പ്രസ്താവിച്ച പ്രായത്തിലുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവസരം ലഭ്യമാക്കുക എന്നത് മാതാപിതാക്കളുടെ അഥവാ രക്ഷിതാക്കളുടെ ധര്‍മമായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.
3.14 വയസില്‍ താഴെയുള്ള കുട്ടികളെ വ്യവസായശാലകള്‍, ഖനികള്‍ മുതലായ ഇടങ്ങളിലോ അപായ സാധ്യതയുള്ള മറ്റേതെങ്കിലും തൊഴിലിടങ്ങളിലോ ജോലിക്ക് നിയോഗിക്കാന്‍ പാടില്ല.

4. കുട്ടികളുടെ അവകാശ സ്ഥാപനത്തിനായി നേരിട്ടോ പൊതുതാല്‍പര്യ സംവിധാനത്തിലോ മാതാപിതാക്കള്‍ വഴിയോ ഹൈക്കോടതിയേയോ സുപ്രിം കോടതിയേയോ സമീപിക്കാനുള്ള അവകാശം.

5. കുട്ടികളുടെ പ്രായമോ ശരീരമോ ദുരുപയോഗപ്പെടുത്താതിരിക്കാനും ശരീരത്തിനോ ജീവനോ ഹിതകരമല്ലാത്ത ജോലികളില്‍ നിര്‍ബന്ധിക്കാതിരിക്കാനുമുള്ള രാഷ്ട്രത്തിന്റെ ബാധ്യത.
ഇവ കുട്ടികളോടുള്ള രാഷ്ട്രത്തിന്റെ ഔദാര്യമല്ല. അവരുടെ അവകാശമാണ്. ഇത് മാതാപിതാക്കളും സമൂഹവും തിരിച്ചറിയണം.

ബാലനീതി നിയമം

1989 ലെ ബാലാവകാശ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് കുട്ടികള്‍ക്കിണങ്ങിയ ലോകം പണിയാന്‍ ഇന്ത്യയും തീരുമാനിച്ചു. കുട്ടികളുടെ അവകാശ പരിപാലനം രാഷ്ട്രത്തിന്റെ ഉത്തരവാദിത്വമായി ഉറപ്പാക്കണമെന്ന് ബാലനീതിനിയമത്തില്‍ വ്യക്തമാക്കുന്നു.
പാര്‍പ്പിടമില്ലാത്തവരോ, സ്ഥിരമായ ആവാസകേന്ദ്രമില്ലാത്തവരോ,നിലനില്‍ക്കാന്‍ വകയില്ലാത്തവരോ, നിരാലംബരോ ആയ കുട്ടികള്‍, അനാഥരോ അശരണരോ സംരക്ഷണ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും ഇല്ലാത്തവരോ ആയ കുട്ടികള്‍, രക്ഷിതാവോ രക്ഷിതാവ് അല്ലാത്തതോ ആയ ഒരാള്‍ക്കൊപ്പം നിര്‍ബന്ധപൂര്‍വം താമസിക്കപ്പെട്ട കുട്ടികള്‍ എല്ലാം തന്നെ ബാലനീതിനിയമപ്രകാരം വിവിധ സ്ഥാപനങ്ങളില്‍ സംരക്ഷിക്കപ്പെടണമെന്നുണ്ട്. എന്നാല്‍ ബാലനീതിനിയമം നടപ്പാക്കാനുള്ള ഭരണസംവിധാനവും ഭവനങ്ങളും നമ്മുടെ പല സംസ്ഥാനത്തും തുലോം കുറവാണ്.

കുട്ടികളുടെ അവകാശ സംരക്ഷണ നിയമങ്ങള്‍

ഓരോരുത്തര്‍ക്കും തുല്യമായതും കവര്‍ന്നെടുക്കാനോ, അന്യാധീനപ്പെടുത്താനോ കഴിയാത്തവിധത്തില്‍ നടപ്പാക്കേണ്ടതുമായ അവകാശ സ്വാതന്ത്ര്യങ്ങളാണ് മനുഷ്യന്റെ അവകാശങ്ങള്‍. മനുഷ്യരായി പിറക്കുന്നവര്‍ക്കെല്ലാം ഈ പ്രാഥമിക അവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും ജന്മസിദ്ധമായ അന്തസ്, സമത്വം, അടിസ്ഥാന സ്വാതന്ത്ര്യം, തുല്യനീതി, ജീവിത സമാധാനം തുടങ്ങിയവയ്ക്കുള്ള ഉപാധികൂടിയാണ് മനുഷ്യാവകാശങ്ങള്‍. ഇതൊക്കെ ലംഘിക്കുമ്പോഴാണ് സമൂഹം കാടത്തത്തിലേക്ക് പോകുന്നു എന്ന് പറയുന്നത്.

കുട്ടികളെ ആദരിക്കാം

ശിശുദിനം ആദ്യം ആചരിച്ചിരുന്നത് ആഗോളതലത്തില്‍ ഒക്ടോബറിലായിരുന്നു. 1959നുശേഷമാണ് നവംബര്‍ 20ന് ശിശുദിനം ആചരിക്കാന്‍ ആരംഭിച്ചത്. ബാലാവകാശം ഒരു ഭരണഘടനാ അവകാശമായി യു.എന്‍ അംഗീകരിച്ചതിന്റെ വാര്‍ഷികദിനമായിരുന്നു അത്. 1989ല്‍ കുട്ടികളുടെ അവകാശത്തിനുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ഒപ്പുവച്ചതും ഈ ദിനമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത് നെഹ്‌റുവിന്റെ ജന്മദിനത്തിലാണ് ആചരിച്ചുവരുന്നത്. അതേസമയം മറ്റുരാജ്യങ്ങളില്‍ ഇപ്പോഴുമിത് നവംബര്‍ 20 നാണ്. നെഹ്‌റുവിനേയും കുട്ടികളേയും ആദരിക്കുക എന്നതാണ് ഇന്ത്യയിലെ ശുശിദിനാചരണത്തിന്റെ ലക്ഷ്യം.1964ല്‍ നെഹ്‌റുവിന്റ മരണശേഷമാണ് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
ചാച്ചാ നെഹ്‌റുവിന്റെ ചിത്രം അലങ്കരിച്ച് അതില്‍ ഒരുപിടി പൂക്കള്‍ അര്‍പ്പിക്കുന്നതോടെ തീരുന്നതല്ല അദ്ദേഹത്തോടുള്ള നമ്മുടെ ആദരം. ശുചീകരണമായാലും ഭരണസ്ഥിരതയായാലും മതേതര ജീവിതമായാലും രാഷ്ട്രത്തിന്റെ കെട്ടുറപ്പായാലും എല്ലാം രാഷ്ട്രശില്‍പ്പികള്‍ നമുക്കു പകര്‍ന്നുതന്ന മഹാജ്ഞാനങ്ങളാണ്. പണ്ഡിറ്റ് ജിയുടെ 128-ാം പിറന്നാളില്‍ രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ പങ്കാളികളാവുക എന്നതാവട്ടെ നമ്മുടെ പ്രതിജ്ഞ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.