2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

Editorial

മുഖ്യമന്ത്രിയുടെ തീവ്രവാദ പ്രസ്താവനക്ക് മറുപടി ഉണ്ടാകണം


ഭരണഘടനാ സ്ഥാപനങ്ങളുടെ ഉന്നത പദവിയിലുണ്ടാകുന്നവര്‍ അടിസ്ഥാന രഹിതമായ പ്രസ്താവനകള്‍ നടത്തുന്നത് ഒട്ടും ഭൂഷണമല്ല. ഈയടുത്ത കാലത്തായി തെറ്റായ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന രണ്ട് ഭരണാധികാരികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും. രണ്ട് പേരുടെ യും വാക്കുകളും പ്രവര്‍ത്തനങ്ങളും സമാനമായിത്തീരുന്നത് ഇതിനകം തന്നെ പൊതു സമൂഹത്തില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. രണ്ട് വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ പ്രചാരകരായ രണ്ട് പേരുടെ ചിന്തകളും വാക്കുകളും പ്രവര്‍ത്തനങ്ങളും സമാനമായിത്തീരുന്നുവെന്നത് അത്ഭുതകരം തന്നെ.പക്ഷെ ഈ വാക്കുകളും പ്രവര്‍ത്തനങ്ങളും ഫാസിസ്റ്റ് ശക്തികള്‍ക്കാണ് ഊര്‍ജമാകുന്നത്.
കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രധാനമന്ത്രി തന്റെ പദവിക്ക് ചേരാത്ത വ്യാജ ആരോ പണങ്ങളാണ് മുന്‍ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിങ്ങിന് മേല്‍ ചൊരിഞ്ഞത്. ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഗുജറാത്തിലെ അടിസ്ഥാന വര്‍ഗം ഉയിര്‍ത്തെഴുന്നേല്‍പിന്റെ ലക്ഷണം കാണിച്ച് തുടങ്ങിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു. ഹാര്‍ദിക്ക് പട്ടേലിന്റെ നേതൃത്വത്തില്‍ പട്ടേല്‍ വിഭാഗവും പുതിയൊരു പോര്‍മുഖം തുറക്കുകയുണ്ടായി.ഇത്തരമൊരവസരത്തില്‍ ഗുജറാത്ത് ഭരണം നിലനിര്‍ത്തുക എന്നത് പ്രയാസകരമായിരിക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് തീര്‍ത്തും അടിസ്ഥാന രഹിതവും വര്‍ഗീയവുമായ ആരോപണം നരേന്ദ്രമോദി ഡോ: മന്‍മോഹന്‍ സിങ്ങിന് മേല്‍ ആരോപിച്ചത്.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാകിസ്താനെന്ത് കാര്യം എന്ന വര്‍ഗീയ ബോംബ് പൊട്ടിച്ചു കൊണ്ടായിരുന്നു നരേന്ദ്ര മോദി തന്റെ വ്യാജമായ ആരോപണത്തിന് തുടക്കമിട്ടത്. പ്രധാനമന്ത്രിയാണല്ലോ പറയുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കും അദ്ദേഹം പറഞ്ഞിട്ടുണ്ടാവുക എന്ന് വിശ്വസിച്ച ജനം പാക് ഭീഷണിയെ ചെറുക്കാന്‍ ബി.ജെ.പിയെ ജയിപ്പിക്കുകയും ചെയ്തു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ തീരുമാനിച്ചുവെന്നും യോഗത്തില്‍ മന്‍മോഹന്‍ സിങ് പങ്കെടുത്തുവെന്നുമായിരുന്നു തന്റെ സ്ഥാനത്തിന്റെ മഹിമ വിസ്മരിച്ച് നരേന്ദ്രമോദി പ്രസംഗിച്ചത്.ഈ പ്രസ്താവന പിന്‍വലിച്ച് മോദി മാപ്പ് പറയണമെന്ന് അന്ന് തന്നെ മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടതാണ്.
നരേന്ദ്ര മോദിയുടെ പ്രസ്താവനയുടെ അടിസ്ഥാന വിവരങ്ങള്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വിവരാവകാശ കമ്മിഷന് നല്‍കിയ അപേക്ഷക്ക് ഇപ്പോള്‍ മറുപടി കിട്ടിയിരിക്കുകയാണ്. അനൗപചാരിക കേന്ദ്രങ്ങളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാധാനമന്ത്രി ആ തരത്തിലുള്ള പ്രസ്താവന നടത്തിയതെന്നാണ് മറുപടി.
തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രി വസ്തുതകള്‍ അറിയാതെ എങ്ങിനെയാണ് അനൗപചാരിക വിവരങ്ങളെ ആശ്രയിച്ച് മുന്‍ പ്രധാനമന്ത്രിക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിക്കുക.ഭരണഘടനാ സ്ഥാപനങ്ങളുടെ അമരത്തിരിക്കുന്നവര്‍ ഔചിത്യത്തോടെയും തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയും വേണം പൊതുവായ കാര്യങ്ങളില്‍ സംസാരിക്കുവാനും പെരുമാറുവാനും. പ്രധാനമന്ത്രിയുടെ ഇത്തരം വാക്കുകള്‍ ഇന്ത്യയുടെ പ്രതിഛായയെയാ ണ് ലോകത്തിന് മുമ്പില്‍ വികൃതമാക്കിയത്.പല നേരങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളും ഇടപെടലുകളും നരേന്ദ്രമോദിയെ അനുസ്മരിപ്പിക്കുന്നു. കേരളീയ സമൂഹത്തിന് മുമ്പില്‍ അദ്ദേഹത്തിന്റെ ഇത്തരം പ്രകടനങ്ങള്‍ അദ്ദേഹത്തിന് മോശം പ്രതിഛായയാണ് നല്‍കുന്നത്.
നരേന്ദ്രമോദിയെ ഓര്‍മിപ്പിക്കുന്നു കഴിഞ്ഞ ദിവസം അദ്ദേഹം നിയമസഭയില്‍ നടത്തിയ പ്രസ്താവന. ആലുവയിലെ എടത്തല സ്വദേശിയും പ്രവാസി മലയാളിയുമായ ഉസ്മാന്‍ നോമ്പുതുറക്കാനുള്ള ഭക്ഷണ സാധനങ്ങളുമായി വീട്ടിലേക്ക് പോകുമ്പോള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മഫ്ടിവേഷധാരികളായ പൊലിസുകാരുടെ വാഹനം ഉരസിയതിനെ ചോദ്യം ചെയ്തതിന് അദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ചു. ആലുവ സ്റ്റേഷനിലും പൊലിസ് മര്‍ദനം തുടര്‍ന്നു.ഇടിച്ച് കവിളെല്ല് തകര്‍ത്തു: ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന ഉസ്മാന്റെ പേരില്‍ കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും റിമാന്‍ഡ് ചെയ്തിരിക്കുകയുമാണിപ്പോള്‍.മര്‍ദക വീരന്മാരായ പൊലിസുകാര്‍ക്കെതിരേ ഒരു നടപടിയും ഇല്ലതാനും.
ഇത് സംബന്ധിച്ച് സ്ഥലം എം.എല്‍.എ അന്‍വര്‍ സാദത്ത് അടിയന്തര പ്രമേയാനുമതി തേടിക്കൊണ്ട് നല്‍കിയ നോട്ടിസ് സ്പീക്കര്‍ തള്ളുകയും മുഖ്യമന്ത്രിയെ സംസാരിക്കുവാന്‍ അനുവദിക്കുകയും ചെയ്തു.ഈ മറുപടിയിലാണ് മുഖ്യമന്ത്രി പൊലിസ് സ്‌റ്റേഷന് മുമ്പില്‍ പ്രതിഷേധിച്ചവരെ തീവ്രവാദികളാക്കി മറുപടി പറഞ്ഞത്.സഭയില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും നല്‍കുന്ന മറുപടികള്‍ അതത് വകുപ്പുകളില്‍ നിന്നും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമല്ലോ.വസ്തുതകളുടെ പിന്‍ബലം ഇത്തരം മറുപടി കള്‍ക്കുണ്ടാകും. ആ നിലക്ക് മുഖ്യമന്ത്രിസഭയില്‍ നടത്തിയ ആലുവ സ്വതന്ത്ര റിപബ്ലിക്കല്ല എന്ന പ്രഖ്യാപനത്തിനും പൊലിസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചവര്‍ തീവ്രവാദികളായിരുന്നുവെന്ന് പറഞ്ഞതിനും ഉപോല്‍പലമായ തെളിവുകള്‍ അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടാകുമല്ലോ. നരേന്ദ്ര മോദി പൊതുയോഗത്തില്‍ പറയുന്നത് പോലെയല്ലല്ലോ മുഖ്യമന്ത്രി നിയമസഭയില്‍ പറയുക.
അങ്ങിനെയാണെങ്കില്‍ പ്രതിഷേധിച്ചവരില്‍ ആരൊക്കെയാണു് തീവ്രവാദികള്‍ ആലുവ സ്വതന്ത്ര റിപബ്ലിക്കാണെന്ന് പറഞ്ഞവര്‍ ആരാണ് ഇവര്‍നടത്തിയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്. ഇതിനെല്ലാം മറുപടി പറയുവാന്‍ ഭരണഘടനാനുസൃതം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.