2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കു പോയതുകൊണ്ട് കേരളത്തില്‍ ഭരണം സ്തംഭിച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുളള ശ്രമമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.


ചെന്നിത്തലയുടെ ആരോപണം


പ്രളയദുരിതാശ്വാസം, പുനരധിവാസം എന്നീ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി അതിന്റെ പ്രവര്‍ത്തനം നല്ല നിലയില്‍ നിര്‍വഹിച്ചുവരുന്നു. കഴിഞ്ഞ ആഴ്ച ഉപസമിതി യോഗം ചേരുകയുണ്ടായി. ബുധനാഴ്ചയും സമിതി ചേരുന്നുണ്ട്. ദുരിതാശ്വാസപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഈ കമ്മിറ്റി നല്ല രീതിയില്‍ അവലോകനം ചെയ്യുകയും ഏകോപിപ്പിക്കുയും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നുണ്ട്.

ദുരിതാശ്വാസത്തിന്റെ ഭാഗമായുളള 10,000 രൂപ ധനസഹായത്തിന് അര്‍ഹരായ 6,05,555 പേരില്‍ 4,95,000 പേര്‍ക്ക് ഇന്ന് ഉച്ചയോടെ തുക ലഭ്യമാക്കി. ബാക്കിയുളളവര്‍ക്ക് ബുധനാഴ്ചയോടെ സഹായം ലഭിക്കും. കിറ്റ് വിതരണം ഇതനികം തന്നെ പൂര്‍ത്തിയായി.

7,18,674 കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും ലഭിച്ചിട്ടുള്ള സാധനങ്ങള്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നതിന് മാര്‍ഗരേഖ ഉണ്ടാക്കി. മന്ത്രിസഭാ ഉപസമിതി അംഗീകരിച്ച മാര്‍ഗരേഖ പ്രകാരം നിശ്ചയിച്ച വസ്തുക്കള്‍ വിതരണം ചെയ്യുകയാണ്.

പ്രളയക്കെടുതിക്ക് ഇരയായവരുടെ പുനരധിവാസം, തകര്‍ന്ന കേരളത്തിന്റെ മെച്ചപ്പെട്ട നിലയിലുളള പുനര്‍നിര്‍മ്മാണം എന്നിവയാണ് ഇനി സര്‍ക്കാരിന്റെ മുമ്പിലുളള പ്രധാന അജണ്ട.

ഇതു സംബന്ധിച്ച വ്യക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം രൂപം നല്‍കിയിരുന്നു.

അതനുസരിച്ചുളള നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ മുന്നോട്ടുപോകുകയാണ്. സ്ഥലത്തില്ലെങ്കിലും അപ്പപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന കാര്യങ്ങളില്‍ മുഖ്യമന്ത്രി തന്നെ തീരുമാനം എടുക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

മന്ത്രിമാരുമായും പ്രധാന ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒരു തടസ്സവും ഉണ്ടായിട്ടില്ല.

വിദേശത്തുപോയ ശേഷം
സെപ്തംബര്‍ മൂന്നു മുതല്‍ ഒമ്പതു വരെയുളള ദിവസങ്ങളില്‍ 316 ഫയലുകളില്‍ മുഖ്യമന്ത്രി തീര്‍പ്പ് കല്‍പ്പിച്ചു. ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് ഫയല്‍ കൈകാര്യം ചെയ്യുന്നതിനുളള എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ട്. അത് സുഗമമായി നടക്കുകയും ചെയ്യുന്നു.

പ്രളയക്കെടുതിയില്‍ തകര്‍ന്ന പമ്പയുടെ പുനര്‍നിര്‍മ്മാണം യുദ്ധകാലടിസ്ഥാനത്തില്‍ ആരംഭിച്ചുകഴിഞ്ഞു. പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ അദാലത്ത് സംഘടിപ്പിച്ച് നല്‍കിവരുന്നു. വീട്ടുസാധനങ്ങള്‍ നശിച്ച കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം പലിശരഹിത വായ്പ ലഭ്യമാക്കാനുളള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.