2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ചീഫ് ജസ്റ്റിസിന്റെ രാജി: ആരോപണം തള്ളി കൊളീജിയം: അടിയന്തര സാഹചര്യത്തില്‍ കാരണം വ്യമാക്കാമെന്നും വിശദീകരണം

ദില്ലി: രാജ്യത്തെ മുന്‍ നിര കോടതിയില്‍ നിന്ന് ഏറ്റവും ചെറിയ കോടതിയിലേക്കുള്ള സ്ഥലം മാറ്റത്തിലൂടെ തന്നെ തരം താഴ്ത്തുകയാണെന്ന് ആരോപിച്ച് രാജിവച്ച മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിയുടെ ആരോപണം തള്ളി കൊളീജിയം. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേതടക്കം സ്ഥലം മാറ്റങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് കൊളീജിയത്തിന്റെ തീരുമാനത്തില്‍ ന്യായീകരണവുമായി സുപ്രിം കോടതിയെത്തിയത്. എല്ലാ സ്ഥലം മാറ്റങ്ങള്‍ക്കും പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്നും കൃത്യമായ ചട്ടങ്ങള്‍ പാലിച്ചാണ് സ്ഥലം മാറ്റങ്ങളെന്നും സുപ്രിംകോടതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ജുഡീഷ്യറിയുടെ ഭരണസംവിധാനം മെച്ചപ്പെടുത്താനായാണ് സ്ഥലം മാറ്റങ്ങളെന്നും സുപ്രിംകോടതി സെക്രട്ടറി ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

എന്നാല്‍ സ്ഥലം മാറ്റങ്ങള്‍ക്കുള്ള കാരണങ്ങള്‍ വെളിപ്പെടുത്തുകയെന്നത് കൊളീജിയത്തിന്റെ നടപടിക്രമങ്ങള്‍ക്ക് ഭൂഷണമല്ല. അടിയന്തരസാഹചര്യം വന്നാല്‍ കാരണങ്ങള്‍ വെളിപ്പെടുത്താന്‍ മടിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ കോടതികളിലൊന്നായ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ഏറ്റവും ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനി രാജിവച്ചത്. ഇത് വലിയ വിവാദമായി. ചെന്നൈയില്‍ അഭിഭാഷകരും ചീഫ് ജസ്റ്റിസിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു.

രാജ്യത്താകെയുള്ള രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരില്‍ ഒരാളാണ് വിജയ താഹില്‍രമാനി. അവരെ വെറും മൂന്ന് ജഡ്ജിമാരും ഏഴ് ജില്ലകളിലെ സബോര്‍ഡിനേറ്റ് കോടതികളുമുള്ള മേഘാലയയിലേക്ക് വിജയ താഹില്‍ രമാനിയെ സ്ഥലം മാറ്റുന്നത്.

എന്നാല്‍ കൊളീജിയം അത് പരിഗണിക്കാതെ തള്ളി. ഇതിന് മറുപടിയായി ഒറ്റ നടപടിയേ വിജയ താഹില്‍രമാനിയ്ക്ക് മുന്നിലുണ്ടായിരുന്നുള്ളൂ – രാജി.

മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കേ ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കീസ് ബാനുക്കേസില്‍ അടക്കം വിധി പറഞ്ഞത് താഹില്‍രമാനിയായിരുന്നു. ഇതിനോടുള്ള പ്രതികാരമായാണ് നടപടിയെന്നാണ് ഇവരുയര്‍ത്തുന്ന ആരോപണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.