
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന് രാജിവച്ചു. വ്യക്തിപരമായ ആവശ്യങ്ങള്‍ കൊണ്ടാണ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ രാജിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി വിശദമാക്കി.
കുടുംബപരമായ കാരണങ്ങള്‍ കൊണ്ട് യുഎസിലേക്ക് മടങ്ങി പോകണമെന്നും അതിനാല്‍ തന്നെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്ത്നിന്ന് ഒഴിവാക്കി തരണമെന്നും അരവിന്ദ് സുബ്രഹ്മണ്യം ആവശ്യപ്പെട്ടതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വിഡിയോ കോണ്‍ഫറന്‍സിങ് വഴി കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് അരവിന്ദ് സുബ്രഹ്മണ്യം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ജെയ്റ്റ്ലി പറഞ്ഞു.
കാലാവധി പൂര്‍ത്തിയാക്കുന്നതിനിടെയാണ് രാജി. 2017 ഒക്ടോബറില്‍ മൂന്നു വര്‍ഷം കാലാവധി തികച്ച സുബ്രഹ്മണ്യത്തോട് വീണ്ടും ഒരു വര്‍ഷം കൂടി തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.