2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

ലോക സമ്പദ്‌വ്യവസ്ഥയില്‍നിന്നു ഇന്ത്യയെ എന്‍ജിനില്‍ നിന്നു വേര്‍പ്പെട്ട ബോഗികള്‍പോലെയാക്കി മോദി സര്‍ക്കാര്‍: ചിദംബരം

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ നോട്ടുനിരോധനവും ജി.എസ്.ടിയും തകിടം മറിച്ചു

 

കളമശ്ശേരി: യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു തരിപ്പണമാക്കിയെന്ന് മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരം. ലോകസമ്പദ്‌വ്യവസ്ഥയില്‍നിന്നു ഇന്ത്യയെ എന്‍ജിനില്‍നിന്നു വേര്‍പ്പെട്ട ബോഗികള്‍പോലെ അകറ്റിയതായി അദ്ദേഹം പരിഹസിച്ചു.  അതുപോലെ ചരക്കുസേവന നികുതി നടപ്പാക്കിയത് ചെറുകിട വ്യാപാരമേഖലയെയും സാധാരണ ജനജീവിതത്തെയുമാണ് ബാധിച്ചത്. ചരക്കുസേവന നികുതിയുടെ പ്രായോഗിക വശങ്ങള്‍ പഠിക്കാതെയും വിദഗ്ധാഭിപ്രായം തേടാതെയുമാണ് ഇവ നടപ്പാക്കിയത്. കളമശേരിയിലെ എസ്.സി.എം.എസ് കാംപസില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്പന്നരില്‍നിന്നും ദരിദ്രരില്‍നിന്നും ഒരേനികുതി ഈടാക്കുന്ന ഇന്ധനവില വര്‍ധനയിലൂടെ സര്‍ക്കാര്‍ രാജ്യത്തെ താഴെക്കിടയിലുള്ള ജനങ്ങളെ പട്ടിണിപ്പാവങ്ങളാക്കിയിരിക്കുന്നു. ഈ സര്‍ക്കാരിന്റെ ഇതുവരെയുള്ള എല്ലാ ബജറ്റുകളിലും യുവജനങ്ങള്‍ക്കുള്ള തൊഴിലവസരങ്ങള്‍ നൂറില്‍ രണ്ടുപേര്‍ക്ക് മാത്രമെന്ന അവസ്ഥയിലേക്ക് ചുരുങ്ങി. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ പാടെ തഴഞ്ഞുകൊണ്ടുള്ള ബജറ്റ് അവതരിപ്പിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലിയും പ്രധാനമന്ത്രിയും വികസനങ്ങളെക്കുറിച്ച് കല്ലുവച്ച നുണകള്‍ പടച്ചുവിടുകയാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.