2020 January 25 Saturday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും, അറസ്റ്റിലായതിനാല്‍ ഇനി പുതിയ ജാമ്യഹരജി നല്‍കണം; നിരപരാധിത്വം തെളിയിക്കാനായി ചിദംബരം ചൂണ്ടിക്കാട്ടുക ഈ 12 കാര്യങ്ങള്‍

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ, ആഭ്യന്തരമന്ത്രിയുമായ പി.ചിദംബരത്തെ ഇന്ന് സി.ബി.ഐ കോടതിയില്‍ ഹാജരാക്കും. നിലവില്‍ സി.ബി.ഐ ആസ്ഥാനത്തുള്ള അദ്ദേഹത്തിന്റെ വൈദ്യ പരിശോധന രാത്രിയോടെ പൂര്‍ത്തിയാക്കി.

അത്യധികം നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു ചിദംബരത്തെ അറസ്റ്റ്‌ചെയ്തത്. എ.ഐ.സി.സി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയ ശേഷം വീട്ടിലെത്തിയ ചിദംബരത്തെ പിന്തുടര്‍ന്നെത്തിയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. മതില്‍ ചാടിക്കടന്നായിരുന്നു സി.ബി.ഐ ചിദംബരത്തിന്റെ വസതിയില്‍ കയറിയത്. സി.ബി.ഐ ആസ്ഥാനത്ത് രാത്രി തന്നെ ചിദബംരത്തെ എത്തിച്ചു. സി.ബി.ഐ ഡയറക്ടര്‍ ആര്‍. കെ ശുക്ല ജോയിന്റ് ഡയറക്ടര്‍ അമിത് കുമാര്‍ എന്നിവരും രാത്രി തന്നെ സി.ബി.ഐ ആസ്ഥാനത്ത് എത്തിയിരുന്നു.

അതേസമയം, അറസ്റ്റിലായ സ്ഥിതിക്ക് ഇനി മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി നടപടിക്കെതിരെ പി.ചിദംബരം സുപ്രിംകോടതിയില്‍ ഇന്നലെ നല്‍കിയ ഹരജി കാലഹരണപ്പെട്ടു. ഇനി ജാമ്യത്തിനായി പ്രത്യേക സി.ബി.ഐ കോടതിയെ സമീപിക്കേണ്ടിവരും. അവിടെ ജാമ്യം നിഷേധിക്കപ്പെട്ടാല്‍ മാത്രമെ മേല്‍ക്കോടതിയെ സമീപിക്കാന്‍ കഴിയൂ. ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹരജി നാളെ മാത്രമേ പരിഗണിക്കാനാവൂ എന്നു സുപ്രീം കോടതി വ്യക്തമാക്കിയതും അതുവരെ അറസ്റ്റ് തടയാന്‍ വിസമ്മതിച്ചതുമാണ് ചിദംബരത്തിനു വലിയ തിരിച്ചടിയായത്. സുപ്രീം കോടതി ചിദംബരത്തിന് അനുകൂലമായ നടപടിയെടുത്താല്‍ അത് സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും ഇരുട്ടടിയാകുമായിരുന്നു.

അതിനിടെ, തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതവും ആരോപണങ്ങള്‍ അടിസ്ഥാനരഹിതവുമാണെന്നാണ് പി ചിദംബരം വാദിക്കുക. പ്രധാനമായും 12 കാര്യങ്ങളാണ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ചിദംബരത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നത്. അവ ഇതാണ്:

1, 2007 മെയ് 18ന് ചേര്‍ന്ന വിദേശ നിക്ഷേപക പ്രോല്‍സാഹന ബോഡിന്റെ യോഗം ഐ.എന്‍.എക്‌സ് മീഡിയക്ക് 46.126 ശതമാനത്തിന്റെ വിദേശ ഓഹരി സ്വീകരിക്കാനാണ് അനുമതി നല്‍കിയത്. നിലവിലുള്ള നയപ്രകാരം 74 ശതമാനം വരെ വിദേശഓഹരി സ്വീകരിക്കാം. അതിനാല്‍ അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല.

2, ധനമന്ത്രിയാണെങ്കിലും ചിദംബരത്തിന് ബോഡിന്റെ തീരുമാനത്തില്‍ പങ്കാളിത്തമില്ല. ധനകാര്യസെക്രട്ടറിയുടെ അധ്യക്ഷതയില്‍ വിവിധ മന്ത്രാലയങ്ങളിലെ ആറു സെക്രട്ടറിമാരാണ് അതിലെ അംഗങ്ങള്‍. അവരാണ് തീരുമാനമെടുക്കുന്നത്.

3, യോഗത്തില്‍ ഐകകണ്ഠമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ശുപാര്‍ശയാണ് ധനകാര്യമന്ത്രിക്ക് മുമ്പാകെ എത്തിയത്. അങ്ങനെയുള്ള ഘട്ടങ്ങളില്‍ സാധാരണ നടപടിക്രമം എന്ന നിലക്കാണ് അതിന് അംഗീകാരം നല്‍കിയത്.

4, മകന്‍ കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കപ്പെടുന്ന അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന് 10 ലക്ഷം രൂപ ഐ.എന്‍.എക്‌സ് മീഡിയ നല്‍കിയത് കമ്പനിയുടെ കണ്‍സള്‍ട്ടന്‍സി ജോലികള്‍ ചെയ്തതിന് ഫീസായാണ്. കാര്‍ത്തി കമ്പനിയുടെ ഡയറക്ടറോ ഓഹരിയുടമയോ അല്ല.

5, ഏഫ്.ഐ.ആറില്‍ ചിദംബരത്തിന്റെ പേരില്ല. ഐ.എന്‍.എക്‌സ് മീഡിയയുമായി ഏതെങ്കിലും ഇടപാട് നടത്തിയെന്ന് ആരോപിക്കുന്നുമില്ല.

6, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിനിടെ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേസിലെ വാദത്തിന്റെ അവസാന ഘട്ടത്തില്‍ മാത്രം കെട്ടിയുണ്ടാക്കിയതാണ്. നേരത്തെ കേസിന്റെ ഒരു ഘട്ടത്തിലും ഇങ്ങനെയൊരു വാദമുണ്ടായിരുന്നില്ല. ഹൈക്കോടതി വിധിയിലെ 12 മുതല്‍ 20 വരെയുള്ള ഭാഗങ്ങള്‍ തെളിവില്ലാതെ ആരോപണങ്ങളില്‍ നിന്ന് നേരെ എടുത്തു പകര്‍ത്തിയതാണ്.

7, അഴിമതി നിരോധന നിയമത്തിന്റെ 13(1)(ഡി) പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 2018ല്‍ പിന്‍വലിച്ച ഈ വകുപ്പ് പ്രകാരം കേസെടുക്കാന്‍ കഴിയില്ല.

8, സംഭവം നടന്ന് 10 വര്‍ഷം കഴിഞ്ഞ് വാക്കാല്‍ ആരോ നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

9, കേസില്‍ അന്വേഷണം പൂര്‍ത്തിയാവുകയും കുറ്റപത്രം തയ്യാറാക്കുകയും ചെയ്തതായി സി.ബി.ഐ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ല.

10, തെളിവുകളെല്ലാം സര്‍ക്കാര്‍ കസ്റ്റഡിയിലാണുള്ളത്. അതിനാല്‍ താന്‍ തെളിവു നശിപ്പിക്കുമെന്നു ഭയക്കേണ്ടതില്ല.

11, മകന്‍ കാര്‍ത്തിക്ക് ജാമ്യം നല്‍കുന്ന കേസ് പരിഗണിക്കവെ കാര്‍ത്തിയെ അറിയില്ലെന്നും അദ്ദേഹം ഏതെങ്കിലും രീതിയില്‍ സ്വാധീനം ചെലുത്തിയില്ലെന്നും വിദേശ നിക്ഷേപക ബോഡ് അംഗം പറഞ്ഞത് ഹൈക്കോടതി ജസ്റ്റിസ് ഗാര്‍ഗ് എടുത്തു പറഞ്ഞിട്ടുണ്ട്.

12, ചിദംബരം നിലവില്‍ ഏതെങ്കിലും കേസിലെ പ്രതിയോ കുറ്റകൃത്യത്തിലേര്‍പ്പെടുന്ന ആളോ അല്ല. അദ്ദേഹം രാജ്യസഭാംഗമാണ്. നിയമത്തില്‍ നിന്ന് അദ്ദേഹം ഒളിച്ചോടില്ല.

chidambaram will be produced in to court today


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.