2020 January 24 Friday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

പ്രവര്‍ത്തക സമിതിയില്‍ സോണിയയുടെ പേര് നിര്‍ദേശിച്ചത് ചിദംബരം, അതു മതിയെന്ന് ഗുലാംനബിയും, പ്രിയങ്കയും ആന്റണിയും എതിര്‍ത്തു; 72 കാരി സോണിയാഗാന്ധി കോണ്‍ഗ്രസ് തലപ്പത്ത് എത്തിയത് ഇങ്ങനെ

 

ന്യൂഡല്‍ഹി: രണ്ടരമാസത്തിലേറെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് ഇന്നലെ രാത്രിയോടെ, കോണ്‍ഗ്രസിന്റെ അധ്യക്ഷ കസേരയില്‍ ഏറെകാലം ഇരുന്ന റെക്കോര്‍ഡുള്ള സോണിയാഗാന്ധി ഒരിക്കലൂടെ ഇരുന്നത്. രണ്ടുവര്‍ഷം മുന്‍പ് മകന്‍ രാഹുല്‍ ഗാന്ധിക്കു വേണ്ടി സ്ഥാനം രാജിവച്ച സോണിയ കടുത്ത ശാരീരിക അവശതകള്‍ നിലനില്‍ക്കെയാണ് ഒരിക്കലൂടെ പാര്‍ട്ടിയെ നയിക്കാന്‍ മുന്നോട്ടുവരുന്നതെന്ന പ്രത്യേകതയുമുണ്ട്. സോണിയയുടെ നേതൃത്വത്തിലാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം രണ്ടുവര്‍ഷം കേന്ദ്രഭരണം കൈയാളാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞത്. 2004 മുതല്‍ 2014 വരെ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകള്‍ അധികാരത്തിലെത്തുമ്പോള്‍ സോണിയയായിരുന്നു പാര്‍ട്ടി അധ്യക്ഷ.

 

എന്നാല്‍, 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യപ്രതിപക്ഷകക്ഷിയാവാന്‍ പോലും കഴിയാതെ മെലിഞ്ഞുണങ്ങി. 2019ലെ പൊതുതെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനാണ് 2017ല്‍ രാഹുലിന് വേണ്ടി സോണിയ അധ്യക്ഷപദവി ഒഴിഞ്ഞത്. എന്നാല്‍, ഈ പൊതുതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഫലം പുറത്തുവന്ന് അടുത്തദിവസം തന്നെ രാഹുല്‍ രാജിയും പ്രഖ്യാപിച്ചു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു രാജി. മുതിര്‍ന്ന നേതാക്കളുടെ നിസഹകരണവും സ്വാര്‍ത്ഥ താല്‍പ്പര്യവും രാഹുല്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അന്നു മുതല്‍ രൂപപ്പെട്ട അനിശ്ചിതത്വത്തിനാണ് ഇന്നലെ താല്‍ക്കാലിക വിരാമമായത്.

നെഹ്‌റുകുടുംബത്തില്‍ നിന്നുള്ള ആരെയും ഇനി പാര്‍ട്ടി പ്രസിഡന്റാക്കരുതെന്ന് നിര്‍ദേശിച്ചാണ് രാഹുല്‍ അധ്യക്ഷപദവിയില്‍ നിന്ന് രാജിവയ്ക്കുന്നത്. തുടര്‍ന്ന് സഹോദരി പ്രിയങ്കയും പാര്‍ട്ടിയിലെ അടുത്ത വൃത്തങ്ങളും പ്രവര്‍ത്തകസമിതി മൊത്തമായും പലതവണ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ പദവിയേറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നു. സമ്മര്‍ദ്ധം കൂടിയതോടെ ഒരുവേള കോണ്‍ഗ്രസ് നേതാക്കളെയാരും കാണാനും രാഹുല്‍ കൂട്ടാക്കിയില്ല. ഇന്നലെ അവസാനമായി രാഹുലിനോട് പദവിയില്‍ തുടരാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും നോ എന്നായിരുന്നു മറുപടി. ഇതോടെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന 72 കാരിയായ സോണിയയെ ഇടക്കാല പ്രസിഡന്റായി തിരഞ്ഞെടുത്തത്.

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനായിരുന്നു ഇന്നലെ കോണ്‍ഗ്രസിന്റെ പരമോന്നത നയരൂപീകരണ വേദിയായ പ്രവര്‍ത്തക സമിതി കൂടിയത്. രാഹുലിന്റെ ആഗ്രഹപ്രകാരം നെഹ്‌റുകുടുംബത്തില്‍ നിന്നുള്ള നാലഞ്ചുനേതാക്കളുടെ പേരുകളായിരുന്നു അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാള്‍ അധ്യക്ഷനായി വരുന്നതിനോട് ഇന്നലത്തെ യോഗത്തില്‍ ആരും യോജിച്ചില്ല. ഇതോടെ മുതിര്‍ന്ന തോവ് പി. ചിദംബരമാണ് സോണിയയുടെ പേര് നിര്‍ദേശിച്ചത്. ഇതിനെ പ്രിയങ്കാഗാന്ധിയും എ.കെ ആന്റണിയും ഉടന്‍ എതിര്‍ത്തു. നേതൃത്വത്തിലേക്കില്ലെന്ന് സോണിയയും അറിയിച്ചു. എന്നാല്‍, സോണിയ സന്നദ്ധയാണെങ്കില്‍ നടപടിയെ പിന്തുണയ്ക്കുമെന്നും പ്രിയങ്ക യോഗത്തില്‍ പറഞ്ഞു. ഈ അഭിപ്രായത്തോട് പ്രവര്‍ത്തക സമിതിയംഗങ്ങള്‍ യോജിച്ചു. അപ്പോഴും ആന്റണിക്ക് ഈ നീക്കത്തോട് യോജിപ്പില്ലായിരുന്നു. എതിര്‍ത്ത് സംസാരിക്കാന്‍ തുടങ്ങിയ ആന്റണിയോട് ജനറല്‍ സെക്രട്ടറിയും യുവമുഖവുമായ ജ്യോതിരാദിത്യ സിന്ധ്യ ഇരിക്കാന്‍ ആവശ്യപ്പെട്ടതോടെ, ആന്റണി എതിര്‍ സ്വരം ഒഴിവാക്കി. സമിതിയുടെ തീരുമാനം അംഗീകരിക്കാന്‍ രാഹുല്‍ തയ്യാറായില്ലെങ്കില്‍ സോണിയ സ്ഥാനമേറ്റെടുക്കട്ടെയെന്ന് സിന്ധ്യ അഭിപ്രായപ്പെട്ടു.

 

രാഹുല്‍ അല്ലെങ്കില്‍ പിന്നെ സോണിയ ആവട്ടെ അടുത്ത നേതാവെന്ന് ഗുലാംനബി ആസാദും ചിദംബരത്തെ പിന്തുണച്ച് പറഞ്ഞു. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന കരുതിയ മുകുള്‍ വാസ്‌നിക്, സുഷീല്‍കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നീ പേരുകള്‍ യോഗത്തില്‍ ഉയര്‍ന്നതേയില്ല.

നെഹ്‌റു കുടുംബത്തില്‍ നിന്ന് തന്ന അെധ്യക്ഷന്‍ വേണമെന്ന നിലപാടിനോട് പ്രവര്‍ത്തകസമിതി യോജിച്ചു. ഇക്കാര്യം അംബികാസോണിയ മുന്നോട്ടുവച്ചു. ഇതിനിടെ രാഹുലിന്റെ മേല്‍ ഒരിക്കലൂടെ സമ്മര്‍ദ്ധം ചെലുത്താന്‍ സോണിയയെ ചുമതലപ്പെടുത്തണമെന്ന് ഒന്നുരണ്ട് നേതാക്കള്‍ നിര്‍ദേശിച്ചെങ്കിലും സോണിയ തയാറായില്ല. പ്രവര്‍ത്തകസമിതിയുടെ വികാരം മനസിലാക്കിയ സോണിയ, ഒടുവില്‍ അധ്യക്ഷപദവിയേറ്റെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇതോടെ പ്രവര്‍ത്തകസമിതി കൈയടിച്ച് തീരുമാനം പാസാക്കി.

1998 മുതല്‍ 2017 വരെയുള്ള നീണ്ട 19 വര്‍ഷക്കാലം പാര്‍ട്ടി അധ്യക്ഷപദവിയിലിരുന്നിട്ടുണ്ട് സോണിയാഗാന്ധി. ബാബരി മസ്ജിദ് തകര്‍ക്കാന്‍ കൂട്ടുനിന്നുവെന്ന ചീത്തപ്പേര് കോണ്‍ഗ്രസിന് ഉണ്ടാക്കി, പാര്‍ട്ടിയെ കുളംതോണ്ടി നരസിംഹറാവു രാഷ്ട്രീയവനവാസത്തിന് പോയ ശേഷം കോണ്‍ഗ്രസിനെ രണ്ടുതവണ അധികാരത്തിലെത്തിച്ച നേതാവാണ് സോണിയ. വാജ്‌പേയി, അദ്വാനി, മുരളീമനോഹര്‍ ജോഷി തുടങ്ങിയ സംഘ്പരിവാര്‍ നേതാക്കളെ തനിച്ചു നേരിട്ടാണ് സോണിയ മന്‍മോഹന്‍ സിങ്ങിന് രണ്ടുതവണ പ്രധാനമന്ത്രിയാവാന്‍ അവസരമുണ്ടാക്കിയത്. 2004 ല്‍ പ്രധാനമന്ത്രി പദം വേണ്ടെന്നുവച്ച് സോണിയ രാഷ്ട്രീയനിരീക്ഷകരെ ഞെട്ടിക്കുകയും ചെയ്തു.

Chidambaram first to float Sonia Gandhi’s name, few reservations in CWC


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News