2020 August 06 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജോലി വാഗ്ദാനം ചെയ്ത് 600 സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ സ്വന്തമാക്കിയ ടെക്കി അറസ്റ്റില്‍, പഞ്ചനക്ഷത്ര ഹോട്ടലിലെ ജോലിക്ക് നല്ല ശരീര പ്രകൃതി വേണം; വന്‍ ശമ്പളം വാഗ്ദാനംചെയ്തതോടെ കുടുങ്ങിയത് മലയാളികളടക്കം നൂറുകണക്കിന് യുവതികള്‍

 

ചെന്നൈ: ജോലി വാഗ്ദാനം ചെയ്ത് 16 സംസ്ഥാനങ്ങളില്‍ നിന്നായി 600 ഓളം സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ സ്വന്തമാക്കിയ ചെന്നൈ സ്വദേശിയായ ഐ.ടി ജീവനക്കാരന്‍ അറസ്റ്റില്‍. 35 കാരനായ ക്ലമെന്റ് രാജ് ആണ് അറസ്റ്റിലായത്. തെലങ്കാനയിലെ പ്രശസ്തമായ ഐ.ടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ക്ലെമന്റ് വ്യാജ എച്ച്.ആര്‍ ഏജന്‍സിയുടെ പേരിലാണ് സ്ത്രീകളെ സമീപിച്ചത്. എച്ച്.ആര്‍ മാനേജര്‍ ആയി ജോലി ചെയ്യുന്ന പ്രതീപ് എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഫ്രണ്ട് ഓഫിസ് ജോലി നല്‍കാമെന്നു പറഞ്ഞാണ് ഇയാള്‍ യുവതികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും വാങ്ങിച്ചത്.

വിവിധ തൊഴിലന്വേഷണ വെബ് പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്തവരുള്‍പ്പെടെയുള്ള യുവതികളുടെ നമ്പര്‍ സംഘടിപ്പിച്ചാണ് ഇയാള്‍ കെണിയൊരുക്കിയത്. നമ്പര്‍ സംഘടിപ്പിച്ച ശേഷം ഇവരെ ജോലി അഭിമുഖത്തിന് എന്ന വ്യാജേന വിളിച്ചു. ഫ്രണ്ട് ഓഫിസ് ജോലിക്ക് ആകര്‍ഷകമായ ശരീര പ്രകൃതി വേണമെന്നും അത് പരിശോധിക്കുന്നതിനായി വിവസ്ത്രയായ ശേഷമുള്ള ചിത്രങ്ങള്‍ വേണമെന്നും ഇയാള്‍ അഭ്യര്‍ത്ഥിച്ചു. പ്രതിമാസം വന്‍തുക വാഗ്ദാനം ചെയ്തതിനാല്‍ യുവതികളില്‍ പലരും കെണിയില്‍ വീണു. പിന്നീട് ഇയാള്‍ വീഡിയോ കോള്‍ മുഖേനയും യുവതികളുമായി ബന്ധപ്പെട്ടു. സംസാരത്തിനിടെ ഇയാള്‍ വസ്ത്രം ഉരിയാന്‍ ആവശ്യപ്പെടുകയും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയുമുണ്ടായി. പിന്നീട് ഇവയെല്ലാം പ്രത്യേക പാസ് വേഡ് ഉപയോഗിച്ച് തുറക്കാന്‍ കഴിയുന്ന കംപ്യൂട്ടറുകളില്‍ ശേഖരിച്ചു.

തുടര്‍ന്ന് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രതി ഇരകളായ യുവതികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടി. ഇത്തരത്തില്‍ ഇദ്ദേഹം ലക്ഷക്കണക്കിന് രൂപ സമ്പാധിച്ചതായും പൊലിസ് പറഞ്ഞു. ഇയാളുടെ കെണിയില്‍പ്പെട്ട ഹൈദരാബാദ് സ്വദേശിനിയായ വിവാഹിത കഴിഞ്ഞ ഏപ്രിലില്‍ നല്‍കിയ പരാതിയിലാണ് പൊലിസ് നടപടി. പരാതി പ്രകാരം അന്വേഷിച്ച പൊലിസ് തെളിവുകള്‍ സഹിതം ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കേരളം, ആന്ധ്രാ പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, ന്യൂഡല്‍ഹി തുടങ്ങിയ 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഇയാളുടെ വലയില്‍ കുടുങ്ങിയതായി കണ്ടെത്തി.

Chennai Techie Masquerades as HR Manager, Extorts Nudes from 600 Women on Promise of Jobs


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.