2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഖാസി വധം: നേരറിയാതെ പത്ത് വര്‍ഷം

സിദ്ദീഖ് നദ്‌വി ചേരൂര്‍

 

 

 

ആ ജ്ഞാനതേജസിന്റെ അസ്തമയത്തിന് 10 വര്‍ഷം പൂര്‍ത്തിയാവുന്നു. 2010 ഫെബ്രുവരി 15ന് രാവിലെയാണ് നാടിനെ നടുക്കിയ ആ സംഭവം നടക്കുന്നത്. ചെമ്പരിക്ക ഖാസിയും സമസ്തയുടെ സമുന്നത നേതാക്കളിലൊരാളുമായിരുന്ന സി.എം അബ്ദുല്ല മൗലവി ദുരൂഹ സാഹചര്യത്തില്‍ ചെമ്പരിക്ക കടുക്കക്കല്ലിനടുത്ത് കടലില്‍ മരിച്ചു കിടക്കുന്നതായി ലോകം അറിയുന്നു.

തുടര്‍ന്നു ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും അന്വേഷണം പൂര്‍ത്തീകരിക്കും മുന്‍പേ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നു. സി.ബി.ഐ സംഘം ഒന്നാമത്തെ അന്വേഷണം അവസാനിപ്പിച്ചു ഏതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അതിനെതിരില്‍ ഖാസിയുടെ മകന്‍ നല്‍കിയ ഹരജിയെ തുടര്‍ന്നു നീണ്ട വിചാരണ നടന്നു. ഒടുവില്‍ 2016ല്‍ ആ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് സി.ജെ.എം കോടതി ഉത്തരവായി. പ്രസ്തുത റിപ്പോര്‍ട്ടില്‍ ദുര്‍ബലവും ബാലിശവുമായ ചില ന്യായങ്ങള്‍ നിരത്തി മരണം ആത്മഹത്യയാകാമെന്ന നിഗമനത്തിനാണ് ഊന്നല്‍ നല്‍കിയിരുന്നത്. ഈ റിപ്പോര്‍ട്ട് തള്ളുന്നതുമായി ബന്ധപ്പെട്ട വിചാരണ ഇത്രയും നീണ്ടു പോകാന്‍ കാരണം സി.ബി.ഐയുടെ ഭാഗത്ത് നിന്നുണ്ടായ കടുത്ത നിസ്സഹകരണവും കൃത്യവിലോപവുമാണെന്ന ആരോപണം നിലനില്‍ക്കുന്നു.

സി.ബി.ഐയുടെ വാദങ്ങള്‍ നിരാകരിച്ചു കൊണ്ട് കോടതി ഈ റിപ്പോര്‍ട്ടിന് ശാസ്ത്രീയമായ അന്വേഷണത്തിന്റെ പിന്‍ബലമില്ലെന്ന് കണ്ടെത്തുകയും അതുകൊണ്ട് പുതിയൊരു ടീം ശാസ്ത്രീയ പരിശോധന നടത്തി, ഖാസിയുമായി അടുപ്പമുള്ളവരുടെ മന:ശാസ്ത്രപരമായ അപഗ്രഥനം നടത്തി പുതിയ റിപ്പോര്‍ട്ട് ഹാജറാക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ തുടര്‍ന്നു നടന്ന അന്വേഷണവും കേവലം പ്രഹസനമായിരുന്നു. ഒരു വര്‍ഷത്തിലധികം സമയമെടുത്തു അവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍. പക്ഷെ, അതില്‍ പുതുതായി ഒന്നുമില്ലായിരുന്നു. പുതിയ ടീമിന് പകരം പഴയ എസ്.പിയുടെ കീഴില്‍ തന്നെ പയ്യന്നൂര്‍ ഹകീം വധം അന്വേഷിക്കുകയായിരുന്ന ഡിവൈ.എസ്.പി ഡാര്‍വിന്റെ നേതൃത്വത്തിലുള്ള ടീമിനാണ് ചുമതല നല്‍കിയിരുന്നത്. അവര്‍ പഴയ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് സാധൂകരണം കണ്ടെത്താനുള്ള തത്രപ്പാടിലായിരുന്നു.സ്വാഭാവികമായും ഈ റിപ്പോര്‍ട്ടും സി.ജെ.എം കോടതി തള്ളി. നേരത്തേ കോടതി നിര്‍ദേശിച്ച വിധം അന്വേഷണം മുന്നോട്ടു പോയിട്ടില്ലെന്നും മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ പരിശോധന നടന്നിട്ടില്ലെന്നും കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. തുടര്‍ന്ന് ഇതേ ഡാര്‍വിന്റെ കൂടെ ശാസ്ത്രീയ പരിശോധക സംഘവും തമിഴ്‌നാട്ടില്‍ നിന്നുള്ള മെഡിക്കല്‍ സംഘവുമെല്ലാം വന്ന് വീണ്ടും അന്വേഷണമായി. ഇവരുടെ മുന്‍പില്‍ നാട്ടുകാരും സി.എം ഉസ്താദിനെ അടുത്തറിയുന്നവരും വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിശദീകരിച്ചു. വിഷാദ രോഗത്തിന്റെ ലക്ഷണമോ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയുടെ നേരിയ അടയാളമോ ഉസ്താദിന്റെ ജീവിതാവസാനം വരെ തങ്ങള്‍ക്കാര്‍ക്കും അനുഭവപ്പെട്ടിട്ടില്ലെന്ന് അവരെല്ലാം തീര്‍ത്തു പറഞ്ഞു.

ഇതിനെ തുടര്‍ന്നാകണം ഒടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആത്മഹത്യാ സാധ്യതയ്ക്ക് പകരം അപകട മരണമാകാമെന്ന നിഗമനത്തിന് ഊന്നല്‍ നല്‍കാന്‍ സി.ബി.ഐ സംഘം നിര്‍ബന്ധിതരായത്. ആക്ഷന്‍ കമ്മിറ്റിയുടെ സമരങ്ങളും ജനങ്ങളുടെ ശക്തമായ ഇടപെടലും ചെറിയ തോതിലെങ്കിലും ഫലം കണ്ടുവെന്ന് കൂടി ഈ റിപ്പോര്‍ട്ട് സൂചന നല്‍കുന്നു.

പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് സൈക്കോളജിക്കല്‍ ഓട്ടോപ്‌സി നടന്നത്. അതില്‍ മൊഴി നല്‍കിയ ഒരാള്‍ പോലും ആത്മഹത്യാ സാധ്യത അംഗീകരിച്ചില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.പക്ഷെ, ഇതൊക്കെയായിട്ടും സി.ബി.ഐക്ക് അപകട മരണമെന്നോ അസ്വാഭാവിക മരണമെന്നോ വിശേഷിപ്പിച്ചു രക്ഷപ്പെടേണ്ടി വരുന്നത് അവര്‍ ഒന്നാമത്തെ അന്വേഷണത്തില്‍ കൊലപാതക സാധ്യത തള്ളിയതിന്റെ പേരില്‍ അതൊരു അടഞ്ഞ അധ്യായമായി ഇപ്പോഴും കണക്കാക്കുന്നത് കൊണ്ടാകണം. അല്ലെങ്കിലും കൊലപാതക സാധ്യത മുന്‍ റിപ്പോര്‍ട്ടുകളില്‍ സി.ബി.ഐ തള്ളിയതാണെന്ന് വച്ച് പിന്നീട് നടന്ന അന്വേഷണങ്ങളിലും ആ വിഷയം അടഞ്ഞ അധ്യായമാക്കി മാറ്റി നിര്‍ത്താന്‍ അവര്‍ കാണിച്ച തിടുക്കം സംശയാസ്പദമാണ്. എന്ത് കൊണ്ട് പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ കൊലപാതക സാധ്യത അന്വേഷണ വിധേയമാക്കുന്നില്ല?
മാത്രമല്ല കേസില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ പല ഘട്ടങ്ങളിലും നടത്തുന്ന ഒളിച്ചുകളിയുടെ പിന്നിലെ പ്രേരണയും നിഗൂഢമാണ്. ആദ്യം ഒന്നാമത്തെ റിപ്പോര്‍ട്ട് തയാറാക്കി കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പേ കേരളത്തിലെ ഒരു പ്രമുഖ പത്രം അത് വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നു ഖാസിയുടെ മകന്‍ ശാഫി പത്രത്തിനെതിരേ വക്കീല്‍ നോട്ടിസയച്ചു. തങ്ങള്‍ ശരിയായ ഉറവിടത്തില്‍ നിന്ന് തന്നെയാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് പത്രം അധികൃതര്‍ മറുപടി നല്‍കി.
അതോടെ ശാഫി കോടതിയില്‍ സി.ബി.ഐയോട് നിജസ്ഥിതി വ്യക്തമാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു ഹരജി നല്‍കി. അതില്‍ സത്യം കോടതിയെ അറിയിക്കാതെ മാസങ്ങളോളം അവര്‍ ഉരുണ്ടു കളിച്ചു. ഒടുവില്‍ കോടതി കടുത്ത നിലപാട് സ്വീകരിക്കുകയും ഇനിയും അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചാല്‍ നിങ്ങളുടെ ചെന്നൈയിലെ മേലുദ്യോഗസ്ഥനെ കോടതിയില്‍ വിളിച്ചു വരുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് സി.ബി.ഐ, മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് കോടതിയിലെത്തിക്കുന്നത്. 2011 ല്‍ നടന്ന ഈ സംഭവത്തിന് ശേഷം വര്‍ഷങ്ങളോളം ഈ വിചാരണ നീട്ടികൊണ്ട് പോയി 2016 ലാണ് വിധി വരുന്നത്. വിധി വന്നപ്പോള്‍ അത് സി.ബി.ഐക്കെതിരായിരുന്നു.

റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് കുടുംബത്തെ അറിയിക്കണമെന്ന മര്യാദയുണ്ട്. അത് ഒരു ഘട്ടത്തിലും അവര്‍ പാലിച്ചില്ല. നേരത്തേ കോടതിയില്‍ പോലും റിപ്പോര്‍ട്ട് നല്‍കുന്നതിന് മുമ്പ് പത്രക്കാര്‍ക്ക് നല്‍കിയത് നാം കണ്ടു. ഇപ്പോള്‍ അവര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും കുടുംബത്തെ അറിയിക്കാതെയാണ് നല്‍കിയതെന്ന കാര്യം കോടതി പ്രത്യേകം നിരീക്ഷിച്ചിട്ടുണ്ട്. ഇനി ഈ മാസം 29 നാണ് റിപ്പോര്‍ട്ട് കോടതി പരിഗണിക്കുക. അതിന് ശേഷമേ ഈ റിപ്പോര്‍ട്ടിനെ സാധുത ഉറപ്പിക്കാന്‍ കഴിയൂ.

കൂടാതെ, റിപ്പോര്‍ട്ടില്‍ പഴയ നിഗമനവും അതിന് ആധാരമായി അവര്‍ ചൂണ്ടിക്കാട്ടിയ ന്യായങ്ങളും സി.ബി.ഐ കയ്യൊഴിഞ്ഞിട്ടുണ്ടെങ്കിലും സൈക്കോളജിക്കല്‍ ഓട്ടോപ്‌സി നടത്താനുള്ള കോടതി നിര്‍ദേശത്തിന്റെ സാംഗത്യം ചോദ്യംചെയ്യുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അവര്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് പോലുള്ള കേസുകളിലല്ല അത്തരം മന:ശാസ്ത്ര അപഗ്രഥനം വേണ്ടതെന്നും മദ്യപാനം പോലുള്ള കേസുകളുമായി ബന്ധപ്പെട്ട മരണങ്ങളിലാണ് അത് പ്രയോജനപ്പെടുകയെന്നും അവര്‍ പറഞ്ഞത് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍ തങ്ങളുടെ വാദഗതികള്‍ക്ക് വിരുദ്ധമായതിന്റെ പേരിലുള്ള അമര്‍ഷം പ്രകടിപ്പിക്കാനാണെന്ന് മനസ്സിലാക്കാം.

ഏതായാലും നേരറിയാന്‍ സി.ബി.ഐ എന്നത് ഇന്ത്യക്കാരുടെ ആഗ്രഹം മാത്രമാണെന്ന് സമാധാനിക്കാം. എല്ലാ ആഗ്രഹവും പുലരാറില്ലല്ലോ. അഭയ കേസ് അടക്കമുള്ള പല കേസുകളും ഒന്നിലധികം തവണ സി.ബി.ഐ സംഘം ആത്മഹത്യയാക്കി എഴുതിത്തള്ളിയ ശേഷം പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞ സംഭവങ്ങള്‍ മറക്കാനാവില്ല. ഇവിടെ സി.എം ഉസ്താദിന്റെ കേസില്‍ സത്യം പുറത്തു കൊണ്ടുവരുകയെന്നത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയുടെ പ്രശ്‌നമാണ്. അല്ലാതെ ഉസ്താദിനെ അറിയുന്നവര്‍ക്ക് അത് ആത്മഹത്യയല്ലെന്ന് വിശ്വസിക്കാന്‍ ഒരന്വേഷണ സംഘത്തിന്റെയും സാക്ഷ്യപത്രം ആവശ്യമില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.