2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

സംസ്ഥാനം ചെലവ് ചുരുക്കലിലേക്ക്, 20,000 കോടി വായ്പ എടുക്കും

അന്‍സാര്‍ മുഹമ്മദ്

 

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സാമ്പത്തിക മേഖല തകര്‍ന്നടിഞ്ഞതോടെ സര്‍ക്കാര്‍ ചെലവ് ചുരുക്കലിനൊരുങ്ങുന്നു. വാര്‍ഷിക പദ്ധതിയില്‍ മാറ്റം വരുത്തിയും അടിയന്തിരപ്രാധാന്യമില്ലാത്ത പദ്ധതികള്‍ നീട്ടിവച്ചും, പുതിയ നിയമനങ്ങളൊന്നും നടത്താതെയും ചെലവ് കുറയ്ക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് ധനവകുപ്പ് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.
ഏതൊക്കെ പദ്ധതികള്‍ മാറ്റിവയ്ക്കാമെന്നത് സംബന്ധിച്ച് അതാത് വകുപ്പുകള്‍ പരിശോധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്ന് ധനവകുപ്പ് എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥര്‍ക്കും മറ്റുമായി പുതിയ കാറുകള്‍ വാങ്ങുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
സര്‍ക്കാരിന്റെ മറ്റ് ആവശ്യങ്ങള്‍ക്ക് കാറുകള്‍ വാടകയക്കെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു വര്‍ഷത്തേക്ക് പുതിയ നിയമനങ്ങള്‍ വേണ്ട എന്നു തീരുമാനിച്ചതായാണ് സൂചന. എന്നാല്‍ ആശുപത്രികളിലേക്കും സ്‌കൂളുകളിലേക്കും അത്യാവശ്യ തസ്തികകളില്‍ നിയമനം നടത്തും. മറ്റ് അത്യാവശ്യ തസ്തികകളില്‍ കരാര്‍ നിയമനങ്ങളും നടത്തും.
വാര്‍ഷിക പദ്ധതിയിലും കാര്യമായ മാറ്റം വരുത്തും. തദ്ദേശ സ്ഥാപനങ്ങളിലുള്ള പദ്ധതി വിഹിതം വെട്ടിച്ചുരുക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നികുതി പിരിവ് കര്‍ശനമാക്കും. കൂടാതെ കെ.എസ്.ഇ.ബി, ജല അതോറിറ്റിയിലുള്ള കോടികളുടെ കുടിശിക ഉടന്‍ പിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കും.
20,000 കോടി രൂപ വായ്പ എടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 10,000 കോടി ലോക ബാങ്കില്‍ നിന്നു പലിശ കുറച്ച് ദീര്‍ഘകാല അടിസ്ഥാനത്തിലും 5,000 കോടി കിഫ്ബി വഴി ബോണ്ടിറക്കിയും, 5,000 കോടി ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നുമാണ് വായ്പയ്ക്ക് ശ്രമിക്കുന്നത്.
കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജി.എസ്.ഡി.പി) മൂന്നുശതമാനമാണ് ഇപ്പോള്‍ വായ്പയെടുക്കാനുള്ള പരിധി. അത് നാലര ശതമാനമായി ഉയര്‍ത്തിയാല്‍ മാത്രമേ ഈ വായ്പ എടുക്കാന്‍ കഴിയൂ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.