2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ചേക്ക

ഹക്കിം ചോലയില്‍

അയ്യോ.. ആ കാക്ക ഇപ്പോഴും കാഷ്ഠിക്കുന്നല്ലോ…!
ദേശാന്തരങ്ങള്‍ താണ്ടി അത് ഇപ്പോഴും കാഷ്ഠിക്കാന്‍ ഇവിടെത്തന്നെ ചേക്ക തേടുന്നു!
ദുര്‍ഗന്ധം വമിക്കുന്ന, ചൂടുള്ള പാലുപോലെ വെളുത്ത ദ്രാവകം നെറ്റിയില്‍നിന്ന് ഇതാ, ഇപ്പോള്‍ എന്റെ കണ്ണിലേക്കുറ്റും. പിന്നെ കാഴ്ചകള്‍ കലങ്ങും. തിമിരം ബാധിച്ചതുപോലെ. പിന്നെപ്പിന്നെ, അതു കുരുടന്റെ കണ്ണുകളിലെ നിഴലുകളെപ്പോലെ നമ്മെ വഴിതെറ്റിക്കും.
അറുപത്തിയേഴു വര്‍ഷങ്ങള്‍ക്കപ്പുറം ആ വെടിയൊച്ചകളുടെ സ്വരം ഇപ്പോഴും എന്റെ കാതില്‍ വന്ന് അലയ്ക്കുന്നു.
ഹേ റാം…
നനഞ്ഞ, ചോര പൊടിയുന്ന മണ്ണിലേക്കു കമിഴ്ന്നടിച്ചു വീഴുമ്പോള്‍ വൃദ്ധമായ, നഗ്നമായ നെഞ്ചില്‍ പുതുമണ്ണിന്റെ പുളകം അനുഭവിച്ചു.
സ്വാതന്ത്ര്യം ലഭിച്ച മണ്ണ്!
ഒരുനാള്‍ ആഹ്ലാദത്തോടെയും ആനന്ദത്തോടെയും ആ മണ്ണില്‍ തലചായ്ച്ചുകിടക്കുന്നതു സ്വപ്‌നം കണ്ടിരുന്നു. അതിനായി ജീവിതംതന്നെ മാറ്റിവച്ചു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ നോക്കി അഹങ്കരിച്ചിരുന്ന വെള്ളക്കാരെ കെട്ടുകെട്ടിച്ചു. ഒടുവില്‍ നെഞ്ചില്‍ സ്വാതന്ത്ര്യത്തിന്റെ പുളകം അനുഭവിക്കുകയും ചെയ്തു. വെടിയുണ്ടകളുടെ വേദന അറിഞ്ഞതേയില്ല.
നെഞ്ചിനുള്ളില്‍ വെടിയുണ്ടകള്‍ പൂക്കളെപ്പോലെ വിരിഞ്ഞു.
വസന്തത്തിലെ മനോഹരമായ ആ ഉദ്യാനത്തില്‍നിന്നു വെളുത്ത പൂക്കള്‍ എന്നെ നോക്കി ചിരിച്ചു. ഒരു മരുഭൂമിയെ ഒരു മണല്‍ത്തരിയായി മാറ്റുന്നതുപോലെയുള്ള മാന്ത്രികത.
ലോകം അപ്പോള്‍ കണ്ണൂനീരൊപ്പി.
അറുപത്തിയേഴു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അതേ ശബ്ദങ്ങള്‍.
ഹരേ റാം…
കറുത്ത വസ്ത്രമുടുത്ത കുറേ മനുഷ്യര്‍ എനിക്കു മുന്നിലൂടെ നിശബ്ദരായി നീങ്ങുന്നു. തെരുവുകള്‍ക്കപ്പുറം മൂകസാക്ഷിയായി നില്‍ക്കുന്ന എന്നെ ആരും ഇപ്പോള്‍ കാണുന്നില്ല. ഈ നശിച്ച കാക്കകള്‍ ഒഴികെ, മറ്റാരും.
ഇരുണ്ട വസ്്ത്രധാരികള്‍ തെക്കോട്ടാണു നീങ്ങുന്നത്. അതൊരു വിലാപയാത്രയാണ്. അവര്‍ ആരുടെയോ മൃതദേഹം ചുമക്കുന്നല്ലോ…
അവര്‍ക്കു പ്രിയപ്പെട്ട ആരുടെയോ മൃതദേഹം!
ഇല്ല. ഈ കാഴ്ചകളെ ഞാന്‍ വിശ്വസി
ക്കുന്നില്ല. കാഴ്ചകള്‍ നമ്മെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്നു. കണ്ണുകളെ തിമിരം ബാധിച്ചതില്‍ പ്രിയപ്പെട്ടവരേ, ദയവായി നിങ്ങള്‍ പൊറുക്കുക. അറുപത്തിയേഴുവര്‍ഷങ്ങള്‍ക്കപ്പുറം അവര്‍ ചുമക്കുന്നത് ആരുടെ മൃതദേഹമായാലും നിങ്ങള്‍ അതു വിശ്വസിക്കാതിരിക്കുക. ചരിത്രം ഒരിക്കലും അവര്‍ക്കൊപ്പം നടക്കില്ലെന്നറിയുക.
കാഷ്ഠിക്കാന്‍ എത്തുന്ന കാക്കകളല്ല, ആയിരക്കണക്കിനു വെള്ളരിപ്രാവുകള്‍ ഇനിയും വിരുന്നിനെത്തും. അവര്‍ നന്മയുടെ കാഹളമുയര്‍ത്തും. ലോകത്ത് വീണ്ടും വിശുദ്ധിയുടെ ആ മനോഹരമായ ഉദ്യാനം വിടര്‍ത്തും. അപ്പോള്‍ ലോകം, വിരിഞ്ഞ ഒരു പൂവിനെപ്പോലെ നിങ്ങളെ ചിരിപ്പിച്ചുണര്‍ത്തും!!


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.