2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

സി. പി.എമ്മില്‍ അനുയായികള്‍ അരാഷ്ട്രീയ ക്രിമിനലുകളായി: അശോകന്‍ ചരുവില്‍

 

  • ഇടതുപക്ഷ സംഘടനയായ പുകസയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അശോകന്‍
  • ആദ്യമായാണ് കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി ആക്രമണം നടത്തിയ അനുയായികളെ തള്ളിപ്പറയുന്നതെന്നും അവകാശവാദം

കോഴിക്കോട്: സി.പി.എമ്മിന്റെ പാര്‍ട്ടി നയവും പരിപാടിയും തിരിച്ചറിയാത്ത കുറെ അരാഷ്ട്രീയ ക്രിമിനലുകള്‍ അനുയായികളായി വന്നു പെടുന്നു എന്നതാണ് സി.പി.എം അനുഭവിക്കുന്ന ഒരു തലവേദനയെന്ന് പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍. ഫേസ്ബുക്കിലാണ് പെരിയയിലെ ഇരട്ട കൊലപാതകത്തില്‍ പാര്‍ട്ടിയെ ന്യായീകരിക്കാനായി പു.ക.സയുടെ സംസ്ഥാന സെക്രട്ടറി കിണഞ്ഞു ശ്രമിക്കുന്നത്.

ആദ്യമായാണ് കേരളത്തില്‍ ഒരു രാഷ്ടീയപാര്‍ട്ടി ആക്രമണം നടത്തിയ സ്വന്തം അനുയായികളെ യാതൊരു പരിമിതിയും പരിഭ്രമവുമില്ലാതെ ഇങ്ങനെ തള്ളിപ്പറയുന്നതെന്ന മഹാ സത്യമാണ് അശോകന്‍ ചരുവില്‍ കണ്ടു പിടിച്ചിരിക്കുന്നത്. പാര്‍ട്ടി നിലപാടിനെ സ്തുതിക്കാനും അദ്ദേഹം കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
ഇത് കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയ സദാചാരത്തിനും സമാധാന ജീവിതത്തിനും തുടക്കം കുറിക്കും എന്നും അദ്ദേഹം ശുഭാപ്തി വിശ്വാസവും പ്രകടിപ്പിക്കുന്നുണ്ട്.

ഇതില്‍ പത്രക്കാര്‍ എന്തിനാണിത്ര പരിഭ്രമിക്കുന്നത് എന്നു മനസ്സിലാവുന്നില്ലെന്നും നാട്ടില്‍ സമാധാനമുണ്ടായാല്‍ പത്രത്തിന്റെ സര്‍ക്കുലേഷന്‍ കുറയും എന്ന ശങ്കകൊണ്ടാണോ കണ്ണീര്‍ക്കഥകളുടെ സ്‌കോപ്പ് കുറയുമോ എന്നതുകൊണ്ടാണോ എന്നും അദ്ദേഹം ചോദിക്കുന്നു.

അരാഷ്ട്രീയ ക്രിമിനലുകള്‍ അനുയായികളായി വന്നു പെടുന്ന പ്രതിസന്ധി കോണ്‍ഗ്രസ് വളരെ കാലമായി നേരിടുന്നതാണ്. എന്നാല്‍ ആര്‍.എസ്.എസ്., എസ്.ഡി.പി.ഐ. തുടങ്ങിയ വര്‍ഗീയ സംഘങ്ങള്‍ക്ക് ക്രിമിനലുകള്‍ മുതല്‍ക്കൂട്ടാണ്. കാരണം മതരാഷ്ട്രീയ സംഘങ്ങളുടെ ഐഡിയോളജി എക്കാലത്തും ഹിംസയില്‍ അധിഷ്ടിതമാണ്.

ആക്രമണം നടത്തിയ ക്രിമിനലുകളെ തള്ളിപ്പറയാന്‍ രാഷ്ട്രീയ നേതൃത്തങ്ങള്‍ മടി കാണിച്ചിരുന്നു എന്നതായിരുന്നു ദുരന്തം. ഡല്‍ഹിയിലെ സിക്ക് കൂട്ടക്കൊലയെ രാജീവ് ഗാന്ധി ന്യായീകരിച്ചത് ഏറ്റവും വലിയ ഉദാഹരണം. ഇങ്ങനെ ന്യായീകരിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ടാവാം. ഒട്ടുമിക്കതും ‘പ്രത്യാക്രമണങ്ങള്‍’ ആണല്ലോ. നേരത്തെ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിപ്പട്ടികയില്‍ ഉണ്ട് എന്നതിന്റെ വൈകാരികതയാവാം ഒന്ന്.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയിലെ സംഘട്ടനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും വിരാമമുണ്ടാവണമെങ്കില്‍ തങ്ങളുടെ അനുയായികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന അരാഷ്ട്രീയവല്‍ക്കരണത്തെ നേരിടാനും പാര്‍ടികള്‍ തയ്യാറാവണമെന്നും അദ്ദേഹം പോസ്റ്റില്‍ ആവശ്യം ഉന്നയിക്കുമ്പോള്‍ ഇതിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.