2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചരിത്രത്തിലേക്കൊരു ശാഹിദ്

ശാഹിദ് എന്ന അറബി വാക്കിനര്‍ഥം സാക്ഷിയെന്നാണ്. ചരിത്രത്തില്‍ പുതിയൊരു ദിശാമാറ്റത്തിന്റെ സാക്ഷിയാകുകയാണ് കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ സ്വദേശി ശാഹിദ് ടി. കോമത്ത്. മതവിദ്യാഭ്യാസത്തില്‍ ബിരുദം നേടിയ ശേഷം സിവില്‍ സര്‍വിസ് എന്ന കടമ്പ കടക്കുന്ന കേരളത്തിലെ ആദ്യ മുസ്‌ലിയാരാണ് ശാഹിദ്. ജീവിതപ്രാരബ്ധങ്ങളുടെയും പരീക്ഷണങ്ങളുടെയും പരാജയങ്ങളുടെയും മലവെള്ളപ്പാച്ചിലുകള്‍ക്കെതിരേ ഒറ്റയ്‌ക്കൊരുവനായവന്‍ പൊരുതി നേടിയത് സിവില്‍ സര്‍വിസിലെ പൊന്നിന്‍തിളക്കമുള്ള 693-ാം റാങ്കാണ്

 

 

ശഫീഖ് പന്നൂര്‍

പാലായിലെ സിവില്‍ സര്‍വിസ് അക്കാദമിയിലേക്ക് കൈയില്‍ ആയിരം രൂപയുമായാണു ചെന്നത്. യതീംഖാനയില്‍നിന്നു വരികയാണെന്നും ബാക്കി ഫീസ് അടുത്ത ദിവസങ്ങളില്‍ തന്നെ തരാമെന്നും പറഞ്ഞു സീറ്റുറപ്പിച്ചു. രണ്ടു മൂന്നു ദിവസം അവിടെ ക്ലാസിലെല്ലാം പങ്കെടുത്തു. ബാക്കി ഫീസ് ആവശ്യപ്പെട്ട് സ്ഥാപനാധികൃതര്‍ പലവട്ടം പിന്നാലെ വന്നപ്പോള്‍ തരാമെന്നു പറഞ്ഞെങ്കിലും കീശ കാലിയായിരുന്നു. അവസാനം ഗത്യന്തരമില്ലാതെ നാട്ടിലേക്കു തിരിച്ചു, ആരോടും പറയാതെ.

സിവില്‍ സര്‍വിസ് സ്വപ്നവുമായി ചെന്നിടങ്ങളില്‍നിന്നെല്ലാം ശാഹിദ് ടി. കോമത്ത് എന്ന കോഴിക്കോട് ജില്ലയിലെ തിരുവള്ളൂരുകാരന് ഇതുപോലെ തിരിച്ചുപോരേണ്ടി വന്നു. ഡിഗ്രിക്കു പഠിക്കുന്ന സമയത്താണ് ആദ്യമായി സിവില്‍ സര്‍വിസ് പരീക്ഷയുടെ പ്രിലിമിനറി ടെസ്റ്റെഴുതുന്നത്. പരീക്ഷ കഴിഞ്ഞ് മാര്‍ക്ക് കൂട്ടി നോക്കിയപ്പോള്‍ സീറോയായിരുന്നു ഫലം. എന്നാല്‍, എല്ലാം അവിടം കൊണ്ടവസാനിപ്പിച്ചില്ല. പരിശ്രമം പലവഴിക്കു തുടര്‍ന്നു. ഒടുവില്‍ ആറാമത്തെ ശ്രമത്തില്‍ 693-ാം റാങ്കുമായാണ് ശാഹിദ് സിവില്‍ സര്‍വിസ് സ്വപ്നം ജയിച്ചടക്കിയത്.
സിവില്‍ സര്‍വിസ് പോയിട്ട് സര്‍ക്കാര്‍ ജോലിയെ കുറിച്ചു പോലും അന്നുവരെ ചിന്തിച്ചിട്ടു പോലുമുണ്ടായിരുന്നില്ല വീട്ടില്‍ സന്തോഷവാര്‍ത്ത വന്നു നിറയുമ്പോള്‍ ഉമ്മ സുലൈഖയും ഉമ്മാമ ഖദീജയും. വീട്ടില്‍ അന്നന്നത്തെ അരി തിളക്കണമെന്നതു മാത്രമായിരുന്നു അവരുടെ പരമാവധി സ്വപ്നങ്ങള്‍. അതുകൊണ്ടു തന്നെ ആകെയുള്ള ആണ്‍തരിയായ ശാഹിദ്‌മോന് കോളജ് പഠനം കഴിഞ്ഞ് അഞ്ചു വര്‍ഷമായിട്ടും ശരിക്കും പണിയൊന്നും ഒത്തിട്ടില്ലെന്ന ആകുലതകളായിരുന്നു അവരുടെ മനസു നിറയെ. അവന്‍ കലക്ടറാകാന്‍ പഠിക്കുകയാണെന്നൊക്കെ നാട്ടുകാരും കൂട്ടക്കാരും പറയുന്നത് ഇടക്കിടക്കു കേള്‍ക്കാറുണ്ട്. സിവില്‍ സര്‍വിസ് പരിശീലനത്തിനു സെലക്ഷന്‍ ലഭിച്ചെന്നു കേട്ടപ്പോള്‍ കലക്ടറായെന്നാണു നാട്ടുകാരെ പോലെ അവരും കരുതിയത്. അതുകൊണ്ടൊക്കെ തന്നെ നിരന്തരം പ്രിലിമിനറി പരീക്ഷകള്‍ പരാജയപ്പെട്ടപ്പോഴെല്ലാം ശാഹിദ് നാട്ടിലേക്കു മടങ്ങിയില്ല. മറ്റു പലയിടങ്ങളിലും മദ്‌റസാ അധ്യാപകനായും പരസ്യ സ്ഥാപനങ്ങളില്‍ കണ്ടന്റ് റൈറ്ററുമായൊക്കെ ജോലി നോക്കി. തുച്ഛം വരുന്ന വരുമാനം വീട്ടിലും എത്തിച്ചു.
ശാഹിദിന്റെ ഈ വിജയത്തിനു ശരിക്കും ഒന്നാം റാങ്കിന്റെ തിളക്കമുണ്ട്. പ്രാരബ്ധങ്ങളുടെ പടുകുഴിയില്‍നിന്നാണ് ശാഹിദ് ഈ നേട്ടത്തിന്റെ നെറുകയിലെത്തിയത്. അതും കഠിനമായ പ്രയത്‌നത്തിന്റെ മാത്രം പിന്‍ബലത്തില്‍. ഒരുവശത്ത് യാഥാസ്ഥിതികതയുടെയും പിന്നോക്കത്തിന്റെയും നിരന്തര പരിഹാസം കേള്‍ക്കുകയും മറുവശത്ത് ഭീകരവാദത്തിന്റെയും ദേശവിരുദ്ധതയുടെയും കടുത്ത ആരോപണങ്ങള്‍ക്കിരയാകുകയും ചെയ്യുന്ന മദ്‌റസാ-അറബിക് കോളജുകളുടെ തണലു പറ്റിയാണ് താനിവിടം വരെയെത്തിയതെന്നു തന്നെ ഇപ്പോഴും ശാഹിദ് അഭിമാനപൂര്‍വം വിളിച്ചുപറയുന്നു. അതുകൊണ്ടു തന്നെ ദേശീയ-പ്രാദേശിക മാധ്യമങ്ങള്‍ക്കെല്ലാം ശാഹിദിന്നൊരു കൗതുകവാര്‍ത്തയായിരിക്കുന്നു. മതവിദ്യാഭ്യാസത്തില്‍ ബിരുദം നേടിയ ശേഷം സിവില്‍ സര്‍വിസ് എന്ന കടമ്പ കടക്കുന്ന കേരളത്തിലെ ആദ്യ മുസ്‌ലിയാരാണ് ശാഹിദ്.

 

യതീംഖാനയില്‍ പത്താമന്‍

1999 എപ്രിലില്‍ കാപ്പാട് ഖാദി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ പത്താമനായാണ് ശാഹിദ് അഡ്മിഷന്‍ നേടുന്നത്. പൈജാമയും ജുബ്ബയും ജിന്നാത്തൊപ്പിയും അലസമായി ധരിച്ച് ആകാശം നോക്കി കവിതകളെഴുതി നടന്ന ഒരു പണ്ഡിത വിദ്യാര്‍ഥിയായിരുന്നു അവന്‍. നിടുമ്പ്രമണ്ണ സ്‌കൂളിലെ എല്‍.പി പഠനത്തിനുശേഷം അഞ്ചാം ക്ലാസില്‍ നിന്നാണ് ശാഹിദ് കാപ്പാട് ഐനുല്‍ ഹുദായുടെ കീഴിലുള്ള കോളജിലെത്തുന്നത്. മതവിദ്യാഭ്യാസത്തിനൊപ്പം എസ്.എസ്.എല്‍.സിയും പ്ലസ്ടുവും ഡിഗ്രിയുമെല്ലാം പ്രൈവറ്റ് സ്ട്രീമില്‍ പൂര്‍ത്തിയാക്കി. അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ പ്രത്യേക പരിജ്ഞാനവും മതപരമായി ഹസനി ബിരുദവും ഇതിനിടയില്‍ സ്വന്തമാക്കി.
ശാഹിദെങ്ങനെ സിവില്‍ സര്‍വിസ് പാസായി എന്നതിനെക്കാള്‍ അവനെങ്ങനെ ഇത്രയും കാലം ആ സ്വപ്നം മനസില്‍ താലോലിച്ചു കൊണ്ടുനടന്നു എന്നാണിപ്പോള്‍ കൂട്ടുകാരെയെല്ലാം അത്ഭുതപ്പെടുത്തുന്നത്. അത്രക്കുണ്ട് അവന്റെ കൂട്ടിനുണ്ടായിരുന്ന ജീവിത പ്രാരബ്ധങ്ങളെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. കാപ്പാട്ടെ പന്ത്രണ്ടു വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ പോലും സാധിക്കില്ലെന്നാണ് അവനെപ്പോലെ സഹപാഠികളും ധരിച്ചിരുന്നത്. വീട്ടിലെ തേങ്ങവലിക്കാന്‍ വരെ ശാഹിദ് എത്തിയിട്ടു വേണമായിരുന്നു. വീട്ടില്‍നിന്ന് ലീവെടുത്ത് കോളജിലേക്കു വരുന്നതാണെന്നു പലപ്പോഴും അധ്യാപകരും പരിഹസിക്കാറുണ്ടായിരുന്നു.
പഠനത്തിലും അത്ര മുന്നിലൊന്നുമായിരുന്നില്ല ഒരിക്കലുമവന്‍. പക്ഷെ വിദ്യാര്‍ഥികളുടെ പാഠ്യേതര വിഷയങ്ങളിലടക്കം സ്ഥാപനത്തിലെ പൊതുകാര്യങ്ങള്‍ക്കെല്ലാം പ്രായത്തില്‍ കവിഞ്ഞ പക്വതയും അസാമാന്യമായ ബുദ്ധിവൈഭവവുമായി അവന്‍ മുന്നില്‍നിന്നു നേതൃത്വം നല്‍കി. എസ്.എസ്.എല്‍.സി എഴുതും മുന്‍പേ ഒരു പുസ്തകം എഴുതിയിരുന്നു ശാഹിദ്. സാമൂഹിക നവോഥാനത്തെ കുറിച്ച്. പിന്നീട് ‘എനിക്കല്ല ലോകത്തിനാണ് ഭ്രാന്ത് ‘ എന്ന പേരില്‍ നോവല്‍ എഴുതി പ്രസിദ്ധീകരിക്കുകയും സ്വന്തം വില്‍പന നടത്തുകയും ചെയ്തു.

 

ഒറ്റയടിപ്പാതയിലെ സിവില്‍ സര്‍വിസ് യാത്ര

ഡിഗ്രി പഠനത്തിനുശേഷം ഒന്നര വര്‍ഷത്തോളം ചന്ദ്രിക ദിനപത്രത്തില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തു. ഇതിനിടയിലാണ് പാലായിലെ സിവില്‍ സര്‍വിസ് അക്കാദമിയിലെത്തുന്നത്. പണമില്ലാത്തതു കാരണം തിരിച്ചുപോരേണ്ടി വന്നെങ്കിലും സിവില്‍ സര്‍വിസ് സ്വപ്നം ഉപേക്ഷിക്കാന്‍ തയാറായില്ല. പിന്നീട് ഡല്‍ഹിയിലെ ഒരു കോച്ചിങ് സെന്ററിലായി പരിശീലനം. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ എം.എസ്.എഫ് ആരംഭിച്ച സിവില്‍ സര്‍വിസ് സ്‌കോളര്‍ഷിപ്പ് ഇവിടത്തെ പഠനത്തിനു തുണയായി. ജീവിത പ്രതിസന്ധികളെ ഒരു വെല്ലുവിളിയായി സ്വീകരിച്ച് സിവില്‍ സര്‍വിസ് എന്ന നേട്ടത്തിനു അവന്‍ ഉറപ്പിച്ചിറങ്ങുകയായിരുന്നു. സിവില്‍ സര്‍വിസ് എക്‌സാമിനു തയാറെടുപ്പ് തുടങ്ങിയതു മുതല്‍ ശാഹിദ് മാറിയിരുന്നു. അന്നുവരെ ഒരിക്കല്‍ പോലും പുസ്തകത്തിനു മുന്നിലിരുന്ന് മരിച്ചു പഠിച്ചിട്ടില്ലാത്ത ശാഹിദ് മണിക്കൂറുകളോളം ഇരുന്നു പഠിച്ചു. സ്വന്തമായി ചില ചിട്ടകളൊക്കെ രൂപപ്പെടുത്തിയെടുത്തു. ക്ലാസില്‍ പോലും മുക്കാല്‍ മണിക്കൂര്‍ തികച്ചിരിക്കാന്‍ സമയമില്ലാത്തവന്‍ മാസങ്ങളോളം മാറിനിന്നു പഠത്തിനായി ചെലവഴിച്ചു. ഇംഗ്ലീഷും ഹിന്ദിയും അനായാസം സംസാരിക്കാന്‍ പഠിച്ചത് ഈ സമയത്താണ്. ഇടയ്ക്കു പരീക്ഷയ്ക്കിരുന്നു നോക്കി. പ്രിലിമിനറി തോറ്റതോടെ ഡല്‍ഹി ജീവിതം ഉപേക്ഷിച്ചു നാട്ടിലേക്കു തന്നെ മടങ്ങി. ഇതിനിടയില്‍ സിവില്‍ സര്‍വിസ് പരീക്ഷാരീതിയില്‍ വരുത്തിയ ചില മാറ്റങ്ങളില്‍ പ്രചോദിതനായി. ഒന്നുകൂടി ശ്രമിച്ചാലെന്താ എന്ന ചിന്ത വീണ്ടും ഉണര്‍ന്നു.
പണി പറ്റിക്കുന്നതു കണക്കാണെന്ന് അതിനിടക്കു തിരിച്ചറിഞ്ഞിരുന്നു. പിന്നെ അതിനെ പിടികൂടാനായി യാത്ര. തിരുവനന്തപുരത്ത് കരീംസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു പഠനം ആരംഭിച്ചു. പകല്‍ കണക്കുപഠനവും രാത്രി തലസ്ഥാന നഗരിയില്‍ തന്നെയുള്ള ബ്രില്യന്‍സ് എന്ന സ്ഥാപനത്തില്‍ ഈവനിങ് കോച്ചിങ് ക്ലാസും. ഇതിനിടയിലും പരീക്ഷ എഴുത്ത് തുടര്‍ന്നു. കണക്കുപഠനവും റിസല്‍റ്റില്‍ മാറ്റമുണ്ടാക്കിയില്ല. പക്ഷെ മാര്‍ക്കിന്റെ കാര്യത്തില്‍ മാറ്റം കണ്ടുതുടങ്ങിയിരുന്നു. ഇതു കൂടുതല്‍ പ്രതീക്ഷ മുളപ്പിച്ചു. ആഞ്ഞുപിടിച്ചാല്‍ കൈയില്‍ വരുമെന്ന പ്രതീക്ഷയുണ്ടായി. പക്ഷെ ഹോസ്റ്റല്‍ ഫീസിനും പഠനത്തിനും പണമില്ലാതെ വന്നപ്പോള്‍ വീണ്ടും വെറും കൈയോടെ വീട്ടിലേക്കു തന്നെ മടക്കം. എസ്.കെ.എസ്.എസ്.എഫ് സിവില്‍ സര്‍വിസ് പരിശീലനവിഭാഗമായി മഫാസിന്റെ കോഡിനേറ്ററായി പുതുതലമുറക്കു വഴിവെട്ടാനും അതിനിടക്ക് സമയം കണ്ടെത്തി.
ആയിടക്കാണ് ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി)യിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്. പ്രാരബ്ധങ്ങള്‍ക്ക് അറുതിയാകുന്നെന്ന് ഉറപ്പിച്ചു. എന്നാല്‍, പേഴ്‌സനല്‍ പ്രൊഫൈല്‍ പൂരിപ്പിച്ചതിലെ പിഴവുകൊണ്ട് കിട്ടിയ ജോലി കൈവിട്ടു. പിന്നെയും ഒരു വട്ടംകൂടി സിവില്‍ സര്‍വിസ് പ്രിലിമിനറി എഴുതിത്തോറ്റു. വയനാട്ടിലെ മേപ്പാടിയില്‍നിന്ന് ഷംന ഷറീന ജീവിതത്തിലേക്കു വരുന്നത് ഈ സമയത്താണ്. അടുത്ത തവണയും പരീക്ഷയ്ക്കിരുന്നു. പ്രിലിമിനറി റിസല്‍റ്റ് വന്നപ്പോള്‍ 0.66 മാര്‍ക്കിന് നഷ്ടപ്പെട്ടു. ഇത് അഞ്ചാം തവണയായിരുന്നു. പൊരുതാന്‍ തന്നെയായിരുന്നു തീരുമാനം. ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷനല്‍ ഉറുദു യൂനിവേഴ്‌സിറ്റിയില്‍ സിവില്‍ സര്‍വിസ് ഫ്രീ കോഴ്‌സില്‍ പ്രവേശനം ലഭിക്കുന്നത് പിന്നീടാണ്. കോഴ്‌സ് ആരംഭിച്ചെങ്കിലും യൂനിവേഴ്‌സിറ്റി ഹോസ്റ്റലിലിരുന്ന് പഠനം തുടരുകയാണു ചെയ്തത്. ക്ലാസിലൊന്നും അധികം പങ്കെടുത്തില്ല. അതു വിനയാകുകയും ചെയ്തു. ക്ലാസില്‍ ഹാജരില്ല എന്ന കാരണത്താല്‍ അധികൃതര്‍ അവിടുന്നു പുറത്താക്കി. വീണ്ടും എല്ലാം കൈവിട്ടു നാട്ടില്‍ തന്നെ.
ഡല്‍ഹിയിലെ ജാമിയ മില്ലിയ്യ യൂനിവേഴ്‌സിറ്റി നടത്തുന്ന സിവില്‍ സര്‍വിസ് കോച്ചിങ്ങിന് അപേക്ഷിക്കുന്നത് അവസാന ശ്രമവുമായാണ്. ഭാഗ്യമെന്നോണം അവിടെ പ്രവേശനം ലഭിച്ചു പഠനം ആരംഭിച്ചു. പതുക്കെ ഓരോ വാതിലുകള്‍ മുന്നില്‍ തുറക്കപ്പെടുന്നതായി തോന്നി. 2017ല്‍ നടന്ന പ്രിലിമിനറി പരീക്ഷയില്‍ വിജയം സ്വന്തമാക്കി. അതോടെ ലക്ഷ്യത്തിലേക്കടുക്കുന്നുവെന്നു ബോധ്യപ്പെട്ടു തുടങ്ങി. പ്രതീക്ഷകള്‍ മലപോലെ വന്നുനിറയുകയും ചെയ്തു. തുടര്‍ന്ന് മെയിന്‍ പരീക്ഷയ്ക്കുള്ള തയാറെടുപ്പായിരുന്നു. മെയിന്‍ പരീക്ഷയ്ക്ക് ഒന്‍പത് പേപ്പറാണുള്ളത്. മലയാളം ഓപ്ഷനലായുമെടുത്തു. പത്രപ്രവര്‍ത്തന കാലത്തും അല്ലാതെയുമുള്ള പൊതുവായന വലിയയളവില്‍ സഹായിച്ചു. പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ വലിയ ആത്മവിശ്വാസമായിരുന്നു. ഒടുവില്‍ ഇന്റര്‍വ്യൂവിനുള്ള കാര്‍ഡ് വന്നതോടെ നോമ്പുനോറ്റിരുന്ന ദിനം തെളിഞ്ഞുവരുന്നതു പോലെ തോന്നി. സുഹൃത്തുക്കളോടും കുടുംബക്കാരോടുമെല്ലാം പ്രാര്‍ഥനയ്ക്കപേക്ഷിച്ചു.

 

മദ്‌റസാ പഠനവും ഇന്റര്‍വ്യൂ ബോര്‍ഡും

ഇന്റര്‍വ്യൂവിനായി ഡീറ്റൈല്‍ഡ് അനാലിസിസ് ഫോറം പൂരിപ്പിച്ചു നല്‍കണം. തങ്ങളുടെ മുന്‍കാല ചരിത്രമാണ് അതില്‍ പറയേണ്ടത്. അറിയുന്ന കാര്യങ്ങള്‍ മാത്രമേ അതില്‍ എഴുതേണ്ടതുള്ളൂ. എന്തൊക്കെ എഴുതണമെന്ന പേടിയുണ്ടായിരുന്നു. പക്ഷേ എന്തുകൊണ്ടോ മൂന്നു കാര്യങ്ങളാണ് എഴുതിയത്. ഒന്നാമതായി, പത്രപ്രവര്‍ത്തകനായും കണ്ടന്റ് റൈറ്ററായുമുള്ള ജോാേ രചനയില്‍ ഒന്നാം സ്ഥാനം ലഭിച്ചതും കൂട്ടത്തില്‍ എഴുതി. മൂന്നാമതായി മദ്‌റസാ അധ്യാപകനായി ജോലി ചെയ്ത കാര്യം ചേര്‍ത്തു.
ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നിലെത്തിയപ്പോള്‍ അവര്‍ക്കു വേണ്ടത് മദ്‌റസാ ടീച്ചറായ എന്നെ മാത്രമായിരുന്നുവെന്ന് ശാഹിദ് പറയുന്നു. ബോര്‍ഡിലെ അഞ്ചുപേരില്‍ ചെയര്‍മാനാണ് ആദ്യം തുടങ്ങിയത്. നിങ്ങള്‍ ഒരു മദ്‌റസാ അധ്യാപകനായി ഞങ്ങളുടെ മുന്നിലെത്തിയത് അമ്പരപ്പെടുത്തുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. എന്നെ കൊച്ചാക്കുകയാണോ എന്നാണ് ആദ്യം തോന്നിയത്. പിന്നീട് മദ്‌റസയെ കുറിച്ചുള്ള നിരന്തമായ ചോദ്യങ്ങള്‍ കേട്ടപ്പോള്‍ അവര്‍ സീരിയസാണെന്നു ബോധ്യമായി. പതിനഞ്ചു മിനിറ്റോളം മദ്‌റസയെ കുറിച്ചു മാത്രമാണ് അവര്‍ ചോദിച്ചത്. പത്തോളം ചോദ്യങ്ങള്‍. അവരെ വല്ലാതെ അത്ഭുതപ്പെടുത്തിയത് മദ്‌റസാ ബാക്ക്ഗ്രൗണ്ടില്‍നിന്നു വരുന്ന ഒരാള്‍ സിവില്‍ സര്‍വിസ് ആഗ്രഹവുമായി തങ്ങളുടെ മുന്നിലെത്തിയതാണ്. തീവ്രവാദികളെ ഉണ്ടാക്കുന്ന കേന്ദ്രങ്ങളെന്ന മുഖ്യധാരാ ധാരണ തന്നെയാണ് അവര്‍ക്കുമുള്ളത്. മദ്‌റസ എന്ന വാക്കിന്റെ അര്‍ഥം എന്താണ് എന്നായിരുന്നു ആദ്യ ചോദ്യം. ഇന്ത്യയിലുണ്ടാവുന്ന തീവ്രവാദികളില്‍ ന്യൂനാല്‍ ന്യൂനപക്ഷം മാത്രമാണ് മദ്‌റസയില്‍ പോയവരുള്ളതെന്നും കേരളത്തില്‍ നിന്നുള്‍പ്പെടെ സിറിയയിലേക്കു പോയി എന്നു പറയുന്നവര്‍ മദ്‌റസാ പഠനത്തിനു പകരം ഇന്റര്‍നെറ്റ് വഴി മതം പഠിച്ചവരാണെന്നും പറഞ്ഞു.
ഉത്തരേന്ത്യന്‍ മദ്‌റസകളിലെ പതിതാവസ്ഥയ്ക്കു കേരള മോഡല്‍ മദ്‌റസ നല്ല പരിഹാരമാണെന്നു പറഞ്ഞപ്പോള്‍ പിന്നെ കേരളത്തെ കുറിച്ചായി ചോദ്യങ്ങള്‍. സ്‌കൂളിനു തടസമാകാതെയുള്ള പഠനമാണു കേരളത്തിലേതെന്നും മദ്‌റസകളില്‍ സ്‌കൂള്‍ ട്യൂഷന്‍ വരെ നല്‍കുന്നുണ്ടെന്നും പറഞ്ഞപ്പോള്‍ അവര്‍ക്ക് അത്ഭുതം. ആഴത്തിലുള്ള മതഭൗതിക പഠനത്തിന് അറബിക് കോളജുകളുണ്ടെന്നും പറഞ്ഞു. എവിടെയാണ് മദ്‌റസയില്‍ പഠിപ്പിച്ചതെന്ന ചോദ്യത്തിന് ഉത്തരമായി കണ്ണൂര്‍ എന്നു പറഞ്ഞപ്പോള്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചു ചോദ്യം തുടങ്ങി. മലയാളിയുടെ പ്രവാസത്തെ കുറിച്ചും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളും കുറിച്ചും അവര്‍ ആരാഞ്ഞു. മദ്‌റസയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അവര്‍ക്കു തൃപ്തിയായെന്നു തോന്നി. ആ ഉത്തരങ്ങള്‍ തന്നെയാണു തന്നെ വിജയത്തിലേക്ക് എത്തിച്ചതെന്ന് ശാഹിദ് ഉറച്ചുവിശ്വസിക്കുന്നു.

 

ഈ വിജയം അവര്‍ക്ക്

പ്രതീക്ഷയ്ക്കും നിസഹായതയ്ക്കുമിടയിലെ ഒറ്റയടിപ്പാതയിലൂടെയായിരുന്നു ഇത്രയും കാലത്തെ യാത്ര. ആ യാത്ര ഒടുവില്‍ ഒരു ലക്ഷ്യകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. വിജയത്തിന്റെ ആനന്ദനിമിഷങ്ങളില്‍ ശാഹിദ് വന്ന വഴി മറക്കാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ ജനനം മുതല്‍ ഇതുവരെ കൂട്ടിനുണ്ടായിരുന്ന ഒരുപിടി പേര്‍ക്ക് ഈ വിജയം അവന്‍ സമര്‍പ്പിക്കുന്നു. ആദ്യമായി ഓര്‍മയിലെത്തുന്നത് പിതാവ് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തന്നെ. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ഉമ്മയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയെങ്കിലും ഉപ്പയുമായി എന്നും ഊഷ്മളമായ ബന്ധം തുടര്‍ന്നു. ഒരു പരമ്പരാഗത പണ്ഡിതകുടുംബത്തിലെ അംഗമായ പിതാവ് എന്നും ഒരു ഉന്നത സര്‍ക്കാര്‍ ജോലി ലഭിക്കേണ്ടതിന്റെ ആവശ്യകത ബോധിപ്പിച്ചുകൊണ്ടിരുന്നു. പലപ്പോഴും അകമഴിഞ്ഞ സാമ്പത്തിക പിന്തുണ നല്‍കി. ഇന്റര്‍വ്യൂവിനായി ഡല്‍ഹിയിലേക്കു തിരിക്കുമ്പോള്‍ ഉപ്പ നല്‍കിയ ഉപദേശം ഇപ്പോഴും ഒരു വഴിത്തെളിച്ചം പോലെ ഓര്‍മയുണ്ട്: ”ഇതൊരു ജിഹാദാണ്. ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ മരണം.” ഇന്റര്‍വ്യൂ കഴിയുംവരെ ആ വാക്കുകള്‍ തന്ന ഊര്‍ജം ചില്ലറയല്ലെന്ന് ശാഹിദ് പറയുന്നു.
ഉമ്മയോടൊപ്പം ഉമ്മാമ്മയ്ക്കും വ്യക്തിത്വ രൂപീകരണത്തില്‍ വലിയ റോളുണ്ട്. വീട്ടിലില്ലാത്തപ്പോഴെല്ലാം കുടുംബത്തെ ഭദ്രമായി നോക്കിയത് അവരായിരുന്നു. ‘അഞ്ചാം ക്ലാസിനു ശേഷം ഇവനെ ഏതെങ്കിലും സ്ഥാപനത്തില്‍ ചേര്‍ത്തിയാല്‍ ഉഷാറാവും’ എന്ന് അഭിപ്രായപ്പെട്ട നാദാപുരത്തെ ഉമര്‍ മുസ്‌ലിയാരും, സ്ഥാപനം നിര്‍ദേശിച്ച സൂപ്പി ഹാജിയും കാപ്പാട്ട് കൊണ്ടാക്കിയ മജീദ്ക്കായും തനിക്കു മറക്കാനാകാത്ത പേരുകളാണെന്ന് ശാഹിദ് പറയുന്നു. ജീവിതത്തിന്റെ രണ്ടാംഘട്ടത്തില്‍ സഹോദരി ഭര്‍ത്താവായി കൊയുക്കല്ലൂര്‍ യു.പി സ്‌കൂളിലെ അറബിക് അധ്യാപകന്‍ മുഹമ്മദ് മാഷ് വന്നതു കൂടുതല്‍ തുണയായി. ഒരു സാധാരണ അളിയന്‍ എന്നതിലുപരി തങ്ങളുടെ എല്ലാ പരിമിതികളെയും കണ്ടറിയാന്‍ വിശാല മനസ് കാണിച്ച അദ്ദേഹം എന്തും തനിക്കു കഴിയുമെന്നേ എപ്പോഴും പറഞ്ഞുള്ളൂവെന്ന് ശാഹിദിന്റെ സാക്ഷ്യപ്പെടുത്തല്‍.

 


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.