2020 July 07 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും

#ഹാറൂന്‍ റഷീദ്

വിദേശ ലീഗുകളായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെയും സ്പാനിഷ് ലീഗായ ലാലിഗയുടെയും ചിത്രം മാറിയതാണ് ഈ ആഴ്ചയിലെ ഫുട്‌ബോളില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വാര്‍ത്തകള്‍. കൂടാതെ പ്രീമിയര്‍ ലീഗില്‍നിന്ന് പഴികേട്ട് പഴികേട്ട് പിറകോട്ടു പോയൊരു ടീമിന്റെ ഉയിര്‍ത്തെഴുനേല്‍പ്പിനും ഈ ആഴ്ച ഫുട്‌ബോള്‍ ലോകം സാക്ഷിയായി. രണ്ട് വ്യക്തികളുടെ വരവാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്ന ടീമിനെ പുതിയ തലത്തിലേക്ക് എത്തിച്ചത്. പുതിയ പരിശീലകന്‍ ഓലെ ഗണ്ണര്‍ സോല്‍ഷ്യാര്‍, ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയെന്ന സൂപ്പര്‍ താരം. ഇവരുടെ സാന്നിധ്യം ടീമിനെ അടിമുടി മാറ്റിയിട്ടുണ്ട്. അലക്‌സ് ഫെര്‍ഗൂസന്‍ എന്ന തന്ത്രശാലി യുനൈറ്റഡില്‍നിന്ന് മാറിയ ശേഷം പലരേയും പരീക്ഷിച്ച് നോക്കിയിട്ടും ടീമിന് മാറ്റമുണ്ടായില്ല.

ഡേവിഡ് മോയിസ്, ലൂയിസ് വാന്‍ഗല്‍, റയാന്‍ ഗിഗ്‌സ് എന്നിവര്‍ പരീക്ഷിച്ച് പരാജയപ്പെട്ടയിടത്തേക്കായിരുന്നു ടീമിനെ അടിമുടിമാറ്റാമെന്ന് പറഞ്ഞ് ജോസ് മോറീഞ്ഞോ കടിഞ്ഞാണ്‍ ഏറ്റെടുത്തത്. എന്നാല്‍ തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്കായിരുന്നു ടീമിന്റെ ഓരോ നീക്കവും. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനോടുള്ള തോല്‍വിക്ക് ശേഷമായിരുന്നു മൗറീഞ്ഞോയെ നീക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. പിന്നീട് നടന്ന 11 മത്സരത്തില്‍ പത്തിലും ജയം. ഒന്നില്‍ മാത്രം സമനില. എന്ത് വിജയമന്ത്രമാണ് സോല്‍ഷ്യാര്‍ താരങ്ങള്‍ക്ക് ചൊല്ലിക്കൊടുത്തത്. ഇവിടെയാണ് യുനൈറ്റഡിന്റെ വിജയത്തിലേക്ക് നയിച്ച രണ്ട് പേരുടെ പങ്ക് വ്യക്തമാകുന്നത്. മൗറീഞ്ഞോയുടെ കീഴില്‍ ടീം പരാജയപ്പെടുന്നു എന്ന് മാത്രമല്ല താരങ്ങളെ മാനസിക സമ്മര്‍ദത്തിലേക്ക് തള്ളിവിടുന്നു എന്നുള്ള ആരോപണം കൂടിയുണ്ടായിരുന്നു.
പോള്‍ പോഗ്ബ, അലക്‌സി സാഞ്ചസ്, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് എന്നീ താരങ്ങളോട് അത്ര സുഖത്തിലായിരുന്നില്ല മൗറീഞ്ഞോ. ഇത് ടീമിനെ മുഴുവനും മാനസിക പിരിമുറുക്കത്തിലാക്കാന്‍ മാത്രമാണ് സഹായിച്ചത്. റെക്കോര്‍ഡ് തുകക്ക് യുവന്റസില്‍ നിന്ന് യുനൈറ്റഡിലെത്തിച്ച പോഗ്ബക്ക് പലപ്പോഴും ബെഞ്ചിലായിരുന്നു സ്ഥാനം. ഇതെല്ലാം ടീമിന്റെ പ്രകടനത്തെ ബാധിച്ചു. മാനസികമായി താരങ്ങള്‍ക്ക് ഒരു പിന്തുണയും ലഭിച്ചില്ലെന്ന് മാത്രമല്ല ടീമിലെ അസ്വാരസ്യങ്ങള്‍ താരങ്ങളെ മാനിസകമായി തകര്‍ക്കുകയും ചെയ്തു. സോല്‍ഷ്യാര്‍ വന്നതോടെ ഇതില്‍ നിന്നെല്ലാം താരങ്ങള്‍ മോചിതരായതോടെ ടീമില്‍ സമാധാനാന്തരീക്ഷം നിലവില്‍ വന്നു. ഇത് താരങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ടീമിന് വേണ്ടി പൊരുതാനുള്ള ഊര്‍ജവും നല്‍കി. ഇതോടെ തുടര്‍ച്ചായ ഏഴ് മത്സരങ്ങള്‍ ജയിക്കുന്ന യുനൈറ്റഡ് പരിശീലകനെന്ന നേട്ടം സോല്‍ഷ്യാര്‍ സ്വന്തമാക്കി. തന്റെ കരിയറില്‍ ആദ്യമായി ഒരു ലീഗില്‍ പത്ത് ഗോള്‍നേട്ടമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാനും പോഗ്ബക്കായി.

സോല്‍ഷ്യാര്‍ക്ക് കീഴില്‍ എട്ടുഗോളുകളാണ് പോഗ്ബ സ്വന്തമാക്കിയത്. ആദ്യ ഇലവനില്‍ തന്നെ ഇറക്കി ടീമിന്റെ കടിഞ്ഞാണ്‍ നല്‍കാനും സോല്‍ഷ്യാര്‍ മറന്നില്ല. അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളിലെത്തുന്ന പോഗ്ബ അത് വളരെ ഭംഗിയായി നിറവേറ്റുന്നു. ഏറ്റവും കോംപറ്റേറ്റീവായ ലീഗില്‍ ആറാം സ്ഥാനത്തായിരുന്നു സോല്‍ഷ്യാര്‍ വരുമ്പോള്‍ ടീമിന്റെ സ്ഥാനം. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്താണിപ്പോള്‍ യുനൈറ്റഡ്. കരുത്തരായ ആഴ്‌സനല്‍, ചെല്‍സി എന്നിവരേയാണ് യുനൈറ്റഡ് പിറകിലാക്കിയിരിക്കുന്നത്.
ആസ്വദിച്ചും അക്രമിച്ചും ഫുട്‌ബോള്‍ കളിക്കാന്‍ നിര്‍ദേശിക്കുന്ന സോല്‍ഷ്യാറും കളിയുടെ കടിഞ്ഞാണ്‍ കൈയിലുള്ള പോഗ്ബയുമാണ് യുനൈറ്റഡിനെ ഇതുവരെ എത്തിച്ചത്. സോല്‍ഷ്യാര്‍ക്ക് കീഴില്‍ ആദ്യത്തെ ചാംപ്യന്‍സ് ലീഗ് ഇന്ന് നടക്കുന്നുണ്ട്. ഇന്നത്തെ മത്സരത്തിലും ജയം കണ്ടെത്താനായാല്‍ ടീമിന് പുതിയ തലത്തിലേക്ക് എത്തിപ്പെടാനാകുമെന്നതില്‍ തര്‍ക്കമില്ല.
സോല്‍ഷ്യാര്‍ വന്നതോടെ പരിശീലകനും താരങ്ങളും തമ്മിലുള്ള കെമിസ്ട്രി വര്‍ക്കായി തുടങ്ങി. ഇതാണ് ഏത് ടീമിനും വേണ്ടത്. വരും മത്സരങ്ങളില്‍ പോഗ്ബയില്‍നിന്നും സോല്‍ഷ്യാറില്‍നിന്നും ടീമില്‍നിന്നും നമുക്ക് കൂടുതല്‍ പ്രതീക്ഷിക്കാനുമാകും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.