2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

Editorial

ചരിത്രം കുറിച്ച വിധി


ഹാദിയക്കേസില്‍ സുപ്രിംകോടതി അതിനിര്‍ണായകവും ഏറെ ശ്രദ്ധേയവുമായ ഒരു വിധി ഇന്നലെ പുറപ്പെടുവിച്ചിരിക്കുകയാണ്. ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവാണു രാജ്യത്തെ പരമോന്നത നീതിപീഠം റദ്ദാക്കിയത്. സ്വന്തം ഇഷ്ടപ്രകാരമാണു താന്‍ വിവാഹിതയായതെന്ന ഹാദിയയുടെ നിലപാടിനൊപ്പം നില്‍ക്കുകയാണെന്നാണു സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിന്യായത്തിലൂടെ ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നത്.
കേസ് പരിഗണിച്ചപ്പോള്‍ത്തന്നെ കോടതി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വിവാഹത്തെക്കുറിച്ചു കേസെടുക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. വിവാഹം വ്യക്തികള്‍ തമ്മിലുള്ളതാണ്. അതു വ്യക്തിസ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതവുമാണ്. പ്രായപൂര്‍ത്തിയായ യുവതീയുവാക്കള്‍ക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാന്‍ അവകാശമുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു.
ഹാദിയ മുസ്‌ലിമായതില്‍ തനിക്കു വിരോധമില്ലെന്നും അവള്‍ തീവ്രവാദത്തിലേക്കു പോകുമോയെന്ന ഭയത്താലാണു വിവാഹത്തെ എതിര്‍ത്തതെന്നുമുള്ള പിതാവ് അശോകന്റെ സത്യവാങ്മൂലവും ഇതോടെ അസ്ഥിരപ്പെട്ടിരിക്കുകയാണ്. മകളെ തീവ്രവാദമേഖലകളിലേയ്ക്കു കൊണ്ടുപോയി തീവ്രവാദിയാക്കാനുള്ള സാധ്യതയുണ്ടെന്ന വാദത്തിനു തെളിവ് ഹാജരാക്കാന്‍ അശോകനു കഴിഞ്ഞില്ല. അതിനാല്‍ തീവ്രവാദക്കേസ് കെട്ടിച്ചമച്ചു വിവാഹം റദ്ദാക്കാനുള്ള നിഗൂഢശക്തികളുടെ തന്ത്രം അശോകന്റെ സത്യവാങ്മൂലത്തിനു പിന്നിലുണ്ടായിരുന്നെന്നു സംശയിച്ചാല്‍ കുറ്റംപറയാനാവില്ല.
കേസ് പരിഗണിച്ച വേളയില്‍ത്തന്നെ ഷെഫിന്‍ ജഹാനെതിരേ തീവ്രവാദബന്ധം ആരോപിക്കുകയായിരുന്നു. തെളിവുണ്ടെങ്കില്‍ അന്വേഷിക്കൂവെന്നായിരുന്നു കോടതി നിലപാട്. തീവ്രവാദവും വിവാഹവുമായി ബന്ധമില്ലെന്നും കോടതി പറഞ്ഞു. 2017 നവംബറില്‍ ഹാദിയയുടെ പിതാവ് കെ.എം അശോകന്‍ നല്‍കിയ ഹേബിയസ്‌കോര്‍പ്പസ് ഹരജി പരിഗണിക്കവെയാണു ഹൈക്കോടതി ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹബന്ധം റദ്ദാക്കിയത്. പിതാവാണു മകളെ വിവാഹം ചെയ്തുകൊടുക്കേണ്ടതെന്നും ഇവിടെ അങ്ങനെ സംഭവിക്കാത്തതിനാല്‍ ഹാദിയയുടെ വിവാഹം റദ്ദാക്കുകയാണെന്നും ഹാദിയയെ അച്ഛന്‍ അശോകനൊപ്പം വിട്ടയക്കുകയാണെന്നുമായിരുന്നു ഹൈക്കോടതി വിധി. പിന്നീട് ഹാദിയ തടങ്കലിലെന്ന പോലെയാണു വീട്ടില്‍ കഴിഞ്ഞത്. വിവാഹം റദ്ദാക്കിയതിനെതിരേ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി ഹാദിയയെ വിളിച്ചുവരുത്തി മൊഴി എടുത്തു. സ്വന്തം ഇഷ്ടപ്രകാരമാണു വിവാഹിതയായതെന്ന അവളുടെ മൊഴി അംഗീകരിച്ചാണ് സുപ്രിംകോടതി ഇന്നു ചരിത്രപ്രധാനമായ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
നിയമപരവും ഭരണഘടനാപരവുമായി നടന്ന ഒരു വിവാഹത്തെ രാജ്യത്തെ നിഗൂഢശക്തികള്‍ തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ ഉദാഹരണം മാത്രമാണു ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹബന്ധം സംബന്ധിച്ചു നടന്ന വ്യവഹാരം. അതിനൊരവസാനം വന്നിരിക്കുന്നു. ഇനിയും ഇതിന്റെ പിന്നാലെ തീവ്രവാദബന്ധം അന്വേഷിച്ചു വ്യക്തിസ്വാതന്ത്ര്യത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും നിഷേധിക്കാനാണു ഭരണകൂടം ശ്രമിക്കുന്നതെങ്കില്‍ രാജ്യത്തെ മതേതര, ജനാധിപത്യ സംവിധാനത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയുമായിരിക്കും അത് അപകടപ്പെടുത്തുക.
നിരപരാധികളെ തീവ്രവാദബന്ധമാരോപിച്ചു വിചാരണകൂടാതെ ജയിലിലടക്കുകയും വര്‍ഷങ്ങള്‍ക്കുശേഷം അവരെ നിരപരാധികളെന്നു കണ്ടു വെറുതെ വിടുകയും ചെയ്യുന്ന ഒരവസരത്തില്‍ ഹാദിയയ്ക്കുനേരെയും തീവ്രവാദബന്ധമാരോപിച്ച് അവരുടെ വൈവാഹിക ജീവിതം തകര്‍ക്കാനുള്ള ശ്രമം ഉണ്ടായിക്കൂടെന്നില്ല. മതേതര, ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരേ നിരന്തരം ഭീഷണി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ ഹാദിയയുടെ ഭാവിജീവിതം ഇത്തരമൊരു ആശങ്കയ്ക്ക് ഇടം നല്‍കുന്നു.
സുപ്രിംകോടതി ഉത്തരവുപ്രകാരം ഹാദിയക്കേസിലെ എന്‍.ഐ.എ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാനായി ജസ്റ്റിസ് ആര്‍.വി രവീന്ദ്രനെ നിയോഗിച്ചിരുന്നെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. എന്‍.ഐ.എ അന്വേഷണത്തിനു സ്വതന്ത്രസ്വഭാവം ഉണ്ടാക്കാനായിരുന്നു റിട്ട. ജസ്റ്റിസിന്റെ മേല്‍നോട്ടത്തില്‍ വേണം എന്‍.ഐ.എ അന്വേഷണമെന്നു കോടതി വിധിച്ചത്. പുതിയൊരു റിട്ടയേഡ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന എന്‍.ഐ.എ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തു വരൂ.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.